രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. പരീക്ഷയ്ക്ക് ഉയർന്ന പ്രായപരിധി നിശ്ചയിക്കുന്നതും പരീക്ഷ എഴുതാനുള്ള ശ്രമങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതുമടക്കമുള്ള നിർദേശങ്ങളാണ് പരിഗണനയിൽ ഉള്ളത്.
നിലവിൽ 17 വയസ് പൂർത്തിയായിരിക്കണം എന്നതാണ് നീറ്റ് പരീക്ഷയ്ക്കുള്ള അടിസ്ഥാന യോഗ്യത. ഇതിന് പുറമെ പ്രായപരിധിയോ ശ്രമങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമോ നിലവിലില്ല. എന്നാൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലായാൽ പരീക്ഷാ സംവിധാനത്തിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് സൂചന.
അതേസമയം, എൻജിനീയറിങ്-മെഡിക്കൽ പ്രവേശനങ്ങൾക്ക് ഏകീകൃത പൊതുപരീക്ഷ എന്ന ആശയവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രവേശന പരീക്ഷകളെ കൂടുതൽ സുതാര്യവും ഏകീകൃതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കങ്ങൾ.
അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലേക്ക് മാറ്റുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കാര ചർച്ചകൾ ശക്തമായത്.
വിദഗ്ധ സമിതികൾ മുൻപും ഇത്തരം നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നുവെന്നും അടുത്തിടെ നടന്ന പാർലമെന്ററി സമിതി യോഗത്തിൽ ഈ വിഷയങ്ങൾ എൻടിഎ അവതരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
English Summary
The Central Government is considering major reforms in the NEET-UG medical entrance examination, including introducing an upper age limit and restricting the number of attempts. Reports also suggest that the Education Ministry is examining the possibility of a unified entrance test for engineering and medical admissions. The had earlier announced that NEET would shift to a computer-based format from next year.

