മന്ത്രിസഭയിൽ അഴിച്ചുപണിക്കൊരുങ്ങി ബിജെപി; നിർമല സീതാരാമൻ ഉൾപ്പെടെ മാറുമെന്ന് അഭ്യൂഹം

0

ഡൽഹി: മോദി സർക്കാരിന്‍റെ നിർണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന.  ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പാർട്ടിയുടെ രാഷ്ട്രീയ സമവാക്യങ്ങളും മുൻനിർത്തി വൻ അഴിച്ചുപണിക്കാണ് ബിജെപി ഒരുങ്ങുന്നത്.

ഭരണരംഗത്തും സാമ്പത്തിക മേഖലയിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ആർബിഐ ഗവർണറുമായ ശക്തികാന്ത ദാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആലോചനയുള്ളതായാണ് റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധനായ അദ്ദേഹത്തിന് നിർണായകമായ വകുപ്പ് നൽകിയേക്കുമെന്നാണ് വിവരം.

നിലവിലെ പ്രമുഖ മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, ഹർദീപ് സിംഗ് പുരി എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇവരെ പാർട്ടി സംഘടന ചുമതലകളിലേക്ക് മാറ്റിയേക്കും.

മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സജീവമായ പാർട്ടി പ്രവർത്തനവും യുവനേതൃത്വമെന്ന നിലയിലുള്ള പ്രതിച്ഛായയുമാണ് അദ്ദേഹത്തിന് അനുകൂലമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here