മനുഷ്യബന്ധങ്ങളും ധാർമിക മൂല്യങ്ങളും പ്രമേയമാക്കി ‘ടുമോറോ’; ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി

0

എറണാകുളം: ജോയ് കെ. മാത്യു കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം ‘ടുമോറോ’യിലെ അഞ്ചാമത്തെ കഥയായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി. ജോയ് കെ. മാത്യു, മോളി കണ്ണമാലി, സുജ, അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലി മൊയ്ദീനാണ് നിർവഹിച്ചത്.

മാനവികത, സ്നേഹം, സഹകരണം, മനുഷ്യബന്ധങ്ങൾ എന്നിവ പ്രമേയമാക്കിയാണ് ആറ് കഥകളടങ്ങിയ ആന്തോളജി ചിത്രം ഒരുക്കുന്നത്. വിവിധ ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

‘ടുമോറോ’, ‘അൺബ്രേക്കബിൾ’, ‘വാലറ്റ്’, ‘സ്റ്റോറീസ് ഓൺ ദി കാൻവാസ്’, ‘വട്ടിപ്പലിശ’ എന്നീ അഞ്ച് കഥകളുടെ ചിത്രീകരണം ഇതിനകം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. അവസാന ഭാഗമായ ‘ദ ഡോൺ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. അതിനുശേഷം ചിത്രം റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ ജോസ് വർഗീസ് അറിയിച്ചു.

ജോയ് കെ. മാത്യുവിന്റെ ഇരുപത്തിയൊന്നാമത്തെ പ്രോജക്ടായ ഈ ചിത്രം ജീവിതാനുഭവങ്ങളിലൂടെയും മനുഷ്യബന്ധങ്ങളിലൂടെയും പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്ന അനുഭവമാകുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

1992-ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘നൊമ്പരവീണ’ എന്ന പരമ്പരയിലൂടെയാണ് ജോയ് കെ. മാത്യു അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് നിരവധി ടെലിഫിലിമുകൾ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയിൽ അഭിനയിക്കുകയും രചനയും സംവിധാനവും നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബബന്ധങ്ങൾ, ധാർമിക മൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്വം എന്നിവ പ്രമേയമാക്കിയ സൃഷ്ടികളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

LEAVE A REPLY

Please enter your comment!
Please enter your name here