കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 115 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,905 രൂപയായി കുറഞ്ഞു.
പവന്റെ വിലയില്‍ 920 രൂപയുടെ കുറവുണ്ടായി. 1,03,240 രൂപയായാണ് പവന്റെ വില.
ഇന്നലെ രാവിലെ 1,02,760 രൂപയായി കുറഞ്ഞ സ്വര്‍ണവില വൈകുന്നേരം 1,03,240 രൂപയിലേക്ക് തിരികെ കയറിയിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്.
സ്വർണ്ണ വില വീണ്ടും കീഴോട്ട്
കെഎസ്ആര്‍ടിസി നിരക്കില്‍ വിമാനയാത്ര! സഹകരണ മേഖലയില്‍ ‘കോ കേരളം’ വരുന്നു
കോഴിക്കോട്: സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ വേഗത്തിലുള്ള ആഭ്യന്തര യാത്രകള്‍ സാധ്യമാക്കാന്‍ കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസ് വരുന്നു. സഹകരണ മേഖലയില്‍ നിന്നുള്ള രാജ്യത്തെ ആദ്യത്തെ ഈ വിമാന കമ്പനിക്ക് കോ കേരളം എന്നാണ് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചതായി എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നെടുമ്പാശേരി ആസ്ഥാനമാക്കിയാകും കമ്പനിയുടെ പ്രവര്‍ത്തനം. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാതൃകയില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിച്ച്, വിമാനങ്ങള്‍ പാട്ടത്തിനെടുത്തായിരിക്കും സര്‍വീസ് നടത്തുക. ആദ്യ ഘട്ടത്തില്‍ കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നീ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കും. യാത്രക്കാരുടെ പോക്കറ്റ് ചോരാത്ത രീതിയില്‍ 3,500 രൂപ മുതല്‍ 7,000 രൂപ വരെ മാത്രമായിരിക്കും നിരക്ക്. അതിവേഗ ട്രെയിനുകളിലെ യാത്രച്ചെലവിന് സമാനമാണിത്. സര്‍വീസ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഒഴിവുള്ള സീറ്റുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കും. 72 സീറ്റുകളുള്ള രണ്ട് വിമാനങ്ങളാകും ആദ്യ ഘട്ടത്തില്‍ പാട്ടത്തിനെടുക്കുക. അടുത്ത ഘട്ടങ്ങളില്‍ ഇത് നാലും ആറും ആയി ഉയര്‍ത്തും.
തൊഴിലവസരങ്ങള്‍
പ്രാരംഭഘട്ടത്തില്‍ തന്നെ 200 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. ഇതിനൊപ്പം ഒരു ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും സാമ്പത്തിക ബാധ്യതയില്ലാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി ചെയര്‍മാനായും സഹകരണ മന്ത്രി വൈസ് ചെയര്‍മാനായും രൂപീകരിക്കുന്ന കമ്പനിയില്‍, കേരളത്തിലെ 200 പ്രമുഖ സഹകരണ സംഘങ്ങള്‍ രണ്ട് കോടി രൂപ വീതം ഓഹരി നിക്ഷേപിക്കും. ഇങ്ങനെ സമാഹരിക്കുന്ന 400 കോടി രൂപ ഉപയോഗിച്ചാകും ആദ്യഘട്ടം നടപ്പാക്കുക.
മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും സഹകരണ റജിസ്ട്രാറും പദ്ധതിയെ വലിയ താല്‍പര്യത്തോടെയാണ് സമീപിച്ചിട്ടുള്ളത്. സര്‍ക്കാരില്‍ നിന്ന് തത്വത്തില്‍ അനുമതി ലഭിക്കുന്നതോടെ തുടര്‍ നടപടികളിലേക്ക് കടക്കും. കമ്പനിയില്‍ പണം മുടക്കാന്‍ 200 സഹകരണ സംഘങ്ങള്‍ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം കമ്പനി ലാഭത്തിലാകും. ഒരു വര്‍ഷം വിമാനത്തില്‍ ആരും കയറിയില്ലെങ്കില്‍ പോലും 32 കോടി രൂപ മാത്രമായിരിക്കും പരമാവധി വരാവുന്ന നഷ്ടമെന്നും സി.എന്‍ വിജയകൃഷ്ണന്‍ വ്യക്തമാക്കി.
യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാകും കോ കേരളം പ്രോജക്ട്.
ഹണി റോസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; കേസ് പിൻവലിക്കണമെന്ന് അഭ്യർഥന
കൊച്ചി: നടി ഹണി റോസിനെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ വാക്കുകൾ ഹണി റോസിനും കുടുംബത്തിനും മാനസിക വിഷമമുണ്ടാക്കിയെന്ന് തിരിച്ചറിഞ്ഞെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ബോബി ചെമ്മണ്ണൂർ മാപ്പപേക്ഷ പങ്കുവെച്ചത്.
ഹണി റോസ് തന്റെ ക്ഷമാപണം സ്വീകരിച്ച് നിയമനടപടികൾ പിൻവലിക്കണമെന്ന അഭ്യർഥനയും അദ്ദേഹം മുന്നോട്ടുവച്ചു. വിഷയം മാനുഷിക പരിഗണനയോടെ കാണണമെന്നും വിവാദങ്ങൾ അവസാനിപ്പിച്ച് പോസിറ്റീവായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
താൻ എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറാൻ ശ്രമിക്കുന്ന വ്യക്തിയാണെന്നും മനഃപൂർവം ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സമൂഹമാധ്യമങ്ങളിൽ തമാശകളും വിനോദപരമായ ഉള്ളടക്കങ്ങളും പങ്കുവയ്ക്കാറുണ്ടെങ്കിലും, അതൊന്നും ആരെയും അപമാനിക്കാനോ മാനസികമായി വേദനിപ്പിക്കാനോ ലക്ഷ്യമിട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹണി റോസിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ അവർക്ക് മാത്രമല്ല കുടുംബത്തിനും വലിയ മാനസിക പ്രയാസം ഉണ്ടാക്കിയെന്ന് ഇപ്പോഴാണ് വ്യക്തമായി മനസ്സിലായതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. തന്റെ വാക്കുകളും അതുണ്ടാക്കിയ ആഘാതവും സംബന്ധിച്ച പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയതായി ആരോപിക്കപ്പെട്ട ലൈംഗിക ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശങ്ങളാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് തുടക്കമായത്. തുടർന്ന് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹണി റോസ് ഈ മാപ്പപേക്ഷ സ്വീകരിച്ച് കേസ് പിൻവലിക്കുമോയെന്നത് ഇനി ശ്രദ്ധേയമായ വിഷയമായി മാറിയിരിക്കുകയാണ്.
ഇ.ഡി. ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തത്; ഗൂഢാലോചനയെന്ന് കോടതിയിൽ ഇ.ഡി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി. നടത്തിയ റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം സിപിഐഎം ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇ.ഡി. ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണത്തിന് പിന്നിൽ സംഘടിത രാഷ്ട്രീയ നീക്കമാണുണ്ടായതെന്നും, ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയാണെന്നതിന് സാഹചര്യ തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുമ്പുവടികളും കല്ലുകളും ഉപയോഗിച്ച് ഇ.ഡി. ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി ഉണ്ടായിരുന്ന സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരെയും ആക്രമിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ഹെൽമറ്റുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ എറിഞ്ഞും ഇരുമ്പുപൈപ്പുകൾ ഉപയോഗിച്ച് വാഹനങ്ങളുടെ ഗ്ലാസുകൾ തകർത്തുമാണ് ആക്രമണം നടത്തിയതെന്നും ഇ.ഡി. ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ആക്രമണം മരണം വരെ സംഭവിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് പ്രതികൾക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഒരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല, മറിച്ച് രാജ്യത്തിന്റെ നിയമവ്യവസ്ഥയെയും നിയമപാലന സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന സംഘടിത ആക്രമണമാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
അതേസമയം, നിലവിൽ സിപിഐഎം പാർട്ടിയോ അതിന്റെ നേതൃത്വമോ കേസിലെ അന്വേഷണ പരിധിയിലില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റെയ്ഡ് നടന്നത് പ്രതിയായ ടി. വീണ താമസിക്കുന്ന വീട്ടിലായിരുന്നുവെങ്കിലും, അതിന്റെ പേരിൽ ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയത് ഗുരുതര കുറ്റമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇ.ഡി. ഈ വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പി.എസ്.സി റാങ്ക് പട്ടികകൾ റദ്ദാക്കും
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട റാങ്ക് പട്ടികകൾ റദ്ദാക്കാൻ പി.എസ്.സി തീരുമാനിച്ചതായി റിപ്പോർട്ട്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദേശപ്രകാരം പുനർമൂല്യനിർണയം പൂർത്തിയാക്കി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.
ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതിയ 228 ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയം ചെയ്യാനും കമ്മീഷൻ തീരുമാനിച്ചു. പുനർമൂല്യനിർണയത്തിന് ശേഷമായിരിക്കും പുതിയ റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുക.
സംഭവത്തിൽ പി.എസ്.സി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗമാണ് അന്വേഷണം നടത്തുക. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
മൂല്യനിർണയത്തിൽ സംഭവിച്ചത് ഉദ്യോഗസ്ഥരുടെ അബദ്ധമാണോ, മനഃപൂർവമായ അട്ടിമറിയാണോയെന്ന് വിശദമായി പരിശോധിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
വിദേശ വനിതകളെ എത്തിച്ച് പെൺവാണിഭം; വൻ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു
ശ്രീകാര്യം: വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മലയാളികളും രണ്ട് തായ്‌ലാൻഡ് സ്വദേശിനികളുമാണ് പിടിയിലായത്. അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നിവരും തായ്‌ലാൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരുമാണ് അറസ്റ്റിലായത്.
കുളത്തൂർ കട്ടേല ഭാഗത്തുള്ള വാടകക്കെട്ടിടം എടുത്തായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. വിദേശ വനിതകളെ ഉൾപ്പെടെ എത്തിച്ച് പെൺവാണിഭം നടത്തുന്നതായി തുമ്പ പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ കൃത്യമായ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടിയിലായ തായ്‌ലാൻഡ് സ്വദേശിനികൾക്ക് രാജ്യത്ത് തങ്ങാൻ ആവശ്യമായ വിസയോ മറ്റ് ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കോക്രോച്ച് ജനതാ പാർട്ടി സമരത്തിന് പിന്തുണയുമായി കർഷകർ, നിരാഹാരം തുടങ്ങി വാങ്ചുക്ക്
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധത്തിനൊപ്പം ഡൽഹി ജന്തർമന്തറിൽ സോനം വാങ്ചുക്ക് നിരാഹാരസമരവും ആരംഭിച്ചു.
നിരാഹാര സമരത്തിനായി ജന്തർമന്തറിലെത്തും മുൻപ് വാങ്ചുക്കും സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെയും രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ ആദരമർപ്പിച്ചു.
കർഷകരും ഞായറാഴ്ച ജന്തർമന്തറിൽ പ്രതിഷേധത്തിനെത്തി. ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പിന്നോട്ടില്ലെന്ന് സി.ജെ.പി.യും സോനം വാങ്ചുക്കും വ്യക്തമാക്കി.
40 വർഷമായി വിദ്യാഭ്യാസ മേഖലയാണ് തന്റെ ഹൃദയത്തിലെന്നും അതിനാൽ വിദ്യാർഥികളുടെ പ്രശ്‌നം വരുമ്പോൾ മിണ്ടാതിരിക്കാനാവില്ലെന്നും വാങ്ചുക്ക് പറഞ്ഞു. ലഡാക്കിൽ വലിയ സമരത്തിന് നേതൃത്വം നൽകിയ സാമൂഹികപ്രവർത്തകനായ വാങ്ചുക്കിനെ രാജ്യസുരക്ഷാ നിയമപ്രകാരം സർക്കാർ ആറുമാസം തടവിലിട്ടിരുന്നു.
രാജസ്ഥാനിലെ ജോധ്പുർ ജയിലിൽനിന്ന് മാർച്ചിലാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ഉത്തർപ്രദേശ്, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്ന് ജന്തർമന്തറിലേക്ക് വരാനിരുന്ന ഒട്ടേറെ കർഷകരെ സർക്കാർ വീട്ടുതടങ്കലിലാക്കിയെന്ന് അഭിജീത് ദീപ്‌കെ ആരോപിച്ചു.
ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ലെന്ന് മന്ത്രി പികെ ബഷീർ
തിരുവനന്തപുരം: ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ നിയമ സഭയിൽ.
ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിൻറെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി കെ ബഷീർ നിയമസഭയിൽ.
ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പി കെ ബഷീർ പറഞ്ഞു .
ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളാണ്, ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല. സൊസൈറ്റിക്ക് നൽകിയ കരാറിൻറെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിടി ബലറാമിൻറെ ചോദ്യത്തിന് മറുപടി നൽകി.
നിലവാരം ഉള്ളതുകൊണ്ട് എല്ലാവരും അവർക്ക് പിന്നാലെ പോയി. വർക്ക് ലോഡ് കൂടിയതുകൊണ്ടാണ് ഇപ്പോൾ പ്രശ്‌നമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
‘രോഗം ഭേദമായാല്‍ സുവിശേഷകയാകും, അനുഭവസാക്ഷ്യം പറയാൻ എനിക്കാഗ്രഹമുണ്ട്’; രേണു സുധി
രേണു സുധിയുടെ പുതിയ റീൽ വിഡിയോ പ്രേക്ഷകരുടെ കണ്ണുനനയിക്കുകയാണ്. കാൻസർ ചികില്‍സയുടെ ഭാഗമായി തന്റെ തലമുടി പൂർണമായും മുറിച്ചുവെന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്.
കാൻസർ മൂന്നാം ഘട്ടം പിന്നിട്ട സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വളരെ വേഗത്തിലാണ് രേണുവിന്റെ ചികില്‍സ മുന്നോട്ട് പോകുന്നത്. ആദ്യ കീമോതെറാപ്പി കഴിഞ്ഞ് നിലവിൽ കീമോയുടെ കഠിനമായ ക്ഷീണവും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്ന താരം വീട്ടിൽ വിശ്രമത്തിലാണ്. കീമോതെറാപ്പിയുടെ വേദനകളാണ് രേണു വിഡിയോയില്‍ വിവരിക്കുന്നത്.
കീമോതെറാപ്പിയെ തുടർന്ന് മുടിയെല്ലാം പശ പോലെ ആകുകയും മുടികൊഴിയുകയും പിടലിയിലെയും തലയിലെ തൊലി പോവുകയും ചെയ്തതോടെയാണ് താരം മുടി മുറിച്ചത്. തലയുടെ ഒരു സൈഡ് മുഴുവന്‍ മരവിച്ചിരിക്കുകയാണെന്നും ഇടയ്ക്ക് ഇടയ്ക്ക് ഓര്‍മപോകുന്നുണ്ടെന്നും ഉറക്കമില്ലായ്മയും തന്നെ അലട്ടുന്നുവെന്നും താരം വിഡിയോയിലൂടെ വ്യക്തമാക്കി. രോഗം പൂര്‍ണമായി ഭേദമായാല്‍, ഒരു സുവിശേഷകയായി മാറണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും രേണു വിഡിയോയിൽ പറയുന്നു.
‘ദൈവം ഇവിടുന്ന് എഴുന്നേല്‍പിച്ചാല്‍ ഞാന്‍ സുവിശേഷക ആകും. എന്‍റെ വര്‍ക്ക് ഒരു വശത്തൂടെ പോകും. എന്നാല്‍ അതിലും വലുതായി എന്റെ അനുഭവസാക്ഷ്യം പറയാൻ എനിക്കാഗ്രഹമുണ്ട്. ഞാന്‍ നിന്ന് പ്രസംഗിക്കുന്ന സ്റ്റേജുകള്‍ എനിക്ക് ഇപ്പോള്‍ തന്നെ കാണാന്‍ സാധിക്കുന്നുണ്ട്. കഴിയുമോ എന്നറിയില്ല, എന്നാലും പ്രത്യാശയുണ്ട്. നിങ്ങള്‍ കൂടെയുണ്ടെങ്കില്‍ ഞാന്‍ മുന്നോട്ട് പോകും’ കഠിനമായ വേദനകൾക്കിടയിലും പ്രത്യാശയോടെയാണ് താരം മുന്നോട്ട് പോകുന്നത്. മെഡിക്കൽ കോളജില്‍ മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും ഡോക്ടർമാരോടും നഴ്സുമാരോടും വലിയ നന്ദിയുണ്ടെന്നും രേണു വിഡിയോയില്‍ കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധി ഘട്ടത്തിലും കുടുംബത്തിന്റെ പിന്തുണ വലിയ ആശ്വാസമാണ് നൽകുന്നതെന്നും രേണു വ്യക്തമാക്കുന്നു. പിന്തുണ നൽകുന്നവർക്ക് നന്ദി പറഞ്ഞ രേണു, തന്നെ ദ്രോഹിക്കരുതെന്നും വിഡിയോയിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്.
എനിക്ക് മരണ ഭയമില്ല,’ ‘ഈ വർഷം ബംഗ്ലാദേശിലേക്ക് മടങ്ങും: ഷെയ്ഖ് ഹസീന
ന്യൂഡല്‍ഹി: ഈ വര്‍ഷം തന്നെ രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം വ്യക്തമാക്കിയത്.
‘എനിക്കെതിരെ നിരവധി ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ വോട്ടിലൂടെ അഞ്ച് തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എന്നെ തടയാന്‍ ഒരു ഗൂഢാലോചനയ്ക്കും കഴിയില്ല. എല്ലാ തടസ്സങ്ങളും മറികടന്ന് ഈ വര്‍ഷം തന്നെ ഞാന്‍ എന്റെ രാജ്യത്തേക്ക് മടങ്ങും’, ഷെയ്ഖ് ഹസീന പറഞ്ഞു.
2024 ജൂലൈയിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ അഭയം തേടിയ ഹസീനക്കെതിരെ ബംഗ്ലാദേശിൽ നിരവധി കേസുകളുണ്ട്.
ബംഗ്ലാദേശില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് വധശിക്ഷ വിധിച്ചത്.2025 ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.
അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേല്‍ ഹസീന ആക്രമണം നടത്തിയെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തിയിരുന്നു.
ഹേമചന്ദ്രൻ കേസ്: ലുക്ക്ഔട്ട് നോട്ടീസിലുണ്ടായിരുന്ന ലീബ അറസ്റ്റിൽ
ഹേമചന്ദ്രൻ കൊലക്കേസ് അന്വേഷണത്തിൽ നിർണായക മുന്നേറ്റം. കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി ലീബയെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ അറസ്റ്റ് അന്വേഷണത്തിന് കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഹണി ട്രാപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ
വയനാട് പൂമല സ്വദേശിയായ ഹേമചന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് മുഖ്യപ്രതി ലീബയെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ ഉളിക്കൽ സ്വദേശിനിയായ ലീബയ്ക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കാൻ നടപടി
അറസ്റ്റിന് പിന്നാലെ ലീബയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കും. ഇതിനുശേഷം കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതേസമയം, ലീബയുടെ മൊഴി കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സഹായിക്കുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
കേസിൽ ലഭിച്ച പ്രധാന തെളിവുകൾ
കഴിഞ്ഞ വർഷം മാർച്ച് 24-നാണ് ഹേമചന്ദ്രനെ കോഴിക്കോട് നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
തുടർന്ന് തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ മൃതദേഹം കുഴിച്ചുമൂടിയെന്നാണ് കേസ്. ജൂണിൽ കണ്ടെത്തിയ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ ഹേമചന്ദ്രന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതാണ് അന്വേഷണത്തിലെ നിർണായക ശാസ്ത്രീയ തെളിവായി മാറിയത്.
അന്വേഷണം തുടരുന്നു
കേസിൽ നേരത്തെ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു ഉൾപ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ലീബയുടെ അറസ്റ്റോടെ കേസിലെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
മറുവശത്ത്, ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന മുഖ്യപ്രതി നൗഷാദിന്റെ വാദം അന്വേഷണസംഘം തള്ളിയിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.
FAQ
1. ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി ആരാണ്?
കണ്ണൂർ ഉളിക്കൽ സ്വദേശിനിയായ ലീബയാണ് കേസിലെ മുഖ്യപ്രതി.
2. ലീബയെ എവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്?
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് ലീബയെ അറസ്റ്റ് ചെയ്തത്.
3. കേസിൽ ഇതുവരെ എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്?
ലീബ ഉൾപ്പെടെ ഇതുവരെ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുഎഇയിൽ പുതിയ സേവനങ്ങളും നിയമങ്ങളും; ജൂലൈ മുതൽ അറിയേണ്ട നിർണായക കാര്യങ്ങൾ
യുഎഇ ജൂലൈ 1 മാറ്റങ്ങൾ രാജ്യത്തെ ലക്ഷക്കണക്കിന് പ്രവാസികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നവയാണ്. ഗതാഗതം, കോൺസുലാർ സേവനങ്ങൾ, പാർക്കിംഗ്, വിദ്യാഭ്യാസം, ഷോപ്പിംഗ്, നികുതി സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പുതിയ ക്രമീകരണങ്ങൾ ജൂലൈ 1 മുതൽ ഘട്ടംഘട്ടമായി പ്രാബല്യത്തിൽ വരും.
ഇത്തിഹാദ് റെയിൽ യാത്രകൾ ആരംഭിക്കുന്നു
യുഎഇയുടെ ആദ്യ ദേശീയ പാസഞ്ചർ റെയിൽ സർവീസായ ഇത്തിഹാദ് റെയിൽ ജൂൺ 30 മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കാണ് ആദ്യ സർവീസ്.
കൂടാതെ, ബുക്കിംഗ് ആരംഭിച്ച ആദ്യ രണ്ട് ദിവസത്തിനുള്ളിൽ 5,000-ത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടതായും ആദ്യദിന സർവീസുകൾ ഹൗസ്‌ഫുൾ ആയതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിൽ പുതിയ സംവിധാനം
ജൂലൈ 1 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതുക്കിയ ഫീസ് നിലവിൽ വരും. നിലവിലെ നിരക്കിനെക്കാൾ ഏകദേശം 75 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, യുഎഇയിൽ ഇതുവരെ ബിഎൽഎസ് മുഖേന ലഭിച്ചിരുന്ന കോൺസുലാർ സേവനങ്ങൾ ഇനി Indian Consular Application Centre (ICAC) എന്ന ഏകീകൃത സംവിധാനത്തിലൂടെ ലഭ്യമാകും. പാസ്‌പോർട്ട്, ഒസിഐ, വിസ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ഒരേ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.
സ്കൂൾ അവധിയും ഷാർജ പാർക്കിംഗ് സമയമാറ്റവും
യുഎഇയിലെ സ്കൂളുകൾ ജൂലൈ ആദ്യവാരത്തോടെ എട്ട് ആഴ്ച നീളുന്ന വേനലവധിയിലേക്ക് പ്രവേശിക്കും. ഇതോടെ നിരവധി പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് യാത്രതിരിക്കുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ, ഷാർജയിൽ ജൂലൈ 1 മുതൽ പൊതു പെയ്ഡ് പാർക്കിംഗ് സമയം അർധരാത്രിവരെ ദീർഘിപ്പിക്കും. എന്നാൽ വെള്ളിയാഴ്ചയും പൊതുഅവധി ദിവസങ്ങളിലും സാധാരണ പാർക്കിംഗ് സൗജന്യമായി തുടരും.
ദുബായ് സമ്മർ സർപ്രൈസസിന് തുടക്കം
ദുബായ് സമ്മർ സർപ്രൈസസിന്റെ 29-ാം പതിപ്പ് ജൂലൈ 2 മുതൽ ആഗസ്റ്റ് 30 വരെ നടക്കും.
വിലക്കിഴിവുകൾ, സംഗീത പരിപാടികൾ, കുടുംബ വിനോദങ്ങൾ, സമ്മാന പദ്ധതികൾ എന്നിവ ഉൾപ്പെടെ നിരവധി ഓഫറുകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
ബിസിനസുകൾക്ക് ഇ-ഇൻവോയ്‌സിംഗ് നടപടികൾ
ജൂലൈ 1 മുതൽ യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾ അംഗീകൃത സേവനദാതാക്കളുടെ സഹായത്തോടെ ഇ-ഇൻവോയ്‌സിംഗ് സംവിധാനത്തിലേക്ക് മാറുന്നതിനുള്ള നടപടികൾ ആരംഭിക്കണം.
ഇതോടെ നികുതി റിപ്പോർട്ടിംഗും സാമ്പത്തിക ഇടപാടുകളും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
യുഎഇ ജൂലൈ 1 മാറ്റങ്ങൾ ഗതാഗതം മുതൽ സർക്കാർ സേവനങ്ങളും വ്യാപാര നടപടിക്രമങ്ങളും വരെ നിരവധി മേഖലകളെ ബാധിക്കുന്നതാണ്. അതിനാൽ പുതിയ നിയമങ്ങളും സേവനങ്ങളും മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശിക്കുന്നു.
FAQ
1. യുഎഇയിൽ പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത് എപ്പോൾ?
ജൂലൈ 1 മുതൽ വിവിധ മേഖലകളിലെ പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരും.
2. ഇന്ത്യൻ കോൺസുലാർ സേവനങ്ങളിൽ എന്താണ് മാറ്റം?
ബിഎൽഎസ് വഴി ലഭിച്ചിരുന്ന സേവനങ്ങൾ ഇനി Indian Consular Application Centre (ICAC) മുഖേന ഏകീകൃതമായി ലഭ്യമാകും.
3. ജൂലൈ മുതൽ യുഎഇയിൽ ശ്രദ്ധേയമായ പ്രധാന മാറ്റങ്ങൾ ഏതൊക്കെയാണ്?
ഇത്തിഹാദ് റെയിൽ സർവീസ്, ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ, സ്കൂൾ വേനലവധി, ഷാർജ പാർക്കിംഗ് സമയമാറ്റം, ദുബായ് സമ്മർ സർപ്രൈസസ്, ഇ-ഇൻവോയ്‌സിംഗ് നടപടികൾ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
മൂവാറ്റുപുഴയാർ ദുരന്തം; കാണാതായ കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
മൂവാറ്റുപുഴയാർ ദുരന്തം സംബന്ധിച്ച തെരച്ചിലിന് ഒടുവിൽ വിരാമമായി. കാണാതായ കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ നാലുപേരുടെയും മൃതദേഹങ്ങൾ ലഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വ്യാപക തെരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തി
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാറിൽ ദിവസങ്ങളായി നടന്ന തെരച്ചിലിനൊടുവിലാണ് കുടുംബത്തിലെ നാലാമത്തെ അംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ആറ്റുതീരം കടവ് ഭാഗത്ത് ഫയർഫോഴ്‌സും സ്കൂബാ രക്ഷാപ്രവർത്തക സംഘവും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മൂവാറ്റുപുഴയാർ ദുരന്തം സംബന്ധിച്ച തിരച്ചിൽ അവസാനിച്ചു.
നേരത്തെ കണ്ടെത്തിയത് കുടുംബത്തിലെ മറ്റ് മൂന്ന് പേരെ
ഇതിന് മുമ്പ് പിതാവ് നാരായണന്റെ മൃതദേഹം ആറ്റുതീരം കടവ് പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, അമ്മ വിജിമോളുടെയും മൂന്ന് വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച മുളക്കുളം ഭാഗത്തുനിന്നാണ് ലഭിച്ചത്. ഇതോടെ കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ വിലയിരുത്തൽ
സംഭവത്തിൽ പിറവം പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇത് കൂട്ട ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്തൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കുടുംബം നേരിട്ടത് സാമ്പത്തിക പ്രതിസന്ധി
കുടുംബം ദീർഘകാലമായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കൂടാതെ, വാടകവീട്ടിൽ നിന്ന് മാറേണ്ട സാഹചര്യം ഉണ്ടായതിനെ തുടർന്ന് വിവിധ സന്നദ്ധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും സഹായത്തോടെയായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. പിന്നീട് പൊലീസ് ഇടപെട്ട് താമസത്തിനായി മറ്റൊരു വീട് ഒരുക്കിയതായും വിവരമുണ്ട്.
അന്വേഷണം തുടരുന്നു
സംഭവത്തിന്റെ എല്ലാ വശങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ഇതിനിടെ ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴികൾ ശേഖരിക്കുകയും മറ്റ് തെളിവുകൾ പരിശോധിക്കുകയും ചെയ്യുന്നു. മൂവാറ്റുപുഴയാർ ദുരന്തം സംബന്ധിച്ച യഥാർഥ സാഹചര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
FAQ
1. കുടുംബത്തിലെ നാലാമത്തെ മൃതദേഹം എവിടെ നിന്നാണ് കണ്ടെത്തിയത്?
ആറ്റുതീരം കടവ് ഭാഗത്തുനിന്നാണ് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
2. പൊലീസിന്റെ പ്രാഥമിക നിഗമനം എന്താണ്?
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇത് കൂട്ട ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം തുടരുകയാണ്.
3. കുടുംബം നേരിട്ട പ്രധാന പ്രതിസന്ധി എന്തായിരുന്നു?
കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും വാടകവീട് ഒഴിയേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കുറുപ്പുംപടി സിഐയുടെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ മിന്നൽ റെയ്ഡ്; അന്വേഷണം ശക്തമാക്കി വിജിലൻസ്
കൊച്ചി: കുറുപ്പുംപടി സിഐ വിജിലൻസ് റെയ്ഡ് ശ്രദ്ധേയമായി. എറണാകുളം ജില്ലയിലെ കുറുപ്പുംപടിയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ₹40,000 പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അത് കൈക്കൂലിയുമായി ബന്ധപ്പെട്ടതാണോയെന്നും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
രഹസ്യവിവരത്തെ തുടർന്ന് പരിശോധന
വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
അതേസമയം, പരിശോധനയ്ക്കിടെ പിടിച്ചെടുത്ത തുകയുടെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം.
പണത്തിന്റെ ഉറവിടത്തിൽ അന്വേഷണം
കണ്ടെത്തിയ ₹40,000 ഒരു കേസ് ഒതുക്കിത്തീർക്കുന്നതിനായി വാങ്ങിയ കൈക്കൂലിയാണോയെന്ന സാധ്യതയും വിജിലൻസ് പരിശോധിച്ചുവരികയാണ്.
കൂടാതെ, പണവുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
അന്വേഷണം തുടരുന്നു
കുറുപ്പുംപടി സിഐ വിജിലൻസ് റെയ്ഡ് സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്. അന്വേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇതിനിടെ, ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളിൽ വ്യക്തത ലഭിക്കുകയുള്ളൂ.
FAQ
1. കുറുപ്പുംപടി സിഐ വിജിലൻസ് റെയ്ഡ് നടന്നത് എവിടെയാണ്?
എറണാകുളം ജില്ലയിലെ കുറുപ്പുംപടിയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ക്വാർട്ടേഴ്സിലാണ് പരിശോധന നടന്നത്.
2. പരിശോധനയിൽ എത്ര രൂപയാണ് പിടിച്ചെടുത്തത്?
വിജിലൻസ് നടത്തിയ പരിശോധനയിൽ ₹40,000 പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
3. വിജിലൻസ് എന്താണ് അന്വേഷിക്കുന്നത്?
പിടിച്ചെടുത്ത പണത്തിന്റെ ഉറവിടവും അത് കൈക്കൂലിയുമായി ബന്ധപ്പെട്ടതാണോയെന്നതുമാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്.
വിമാനത്തിൽ കയറാനുള്ള അറിയിപ്പ് ലഭിച്ചില്ല; പിണറായി വിജയന്റെ യാത്ര മുടങ്ങിയതിൽ റിപ്പോർട്ട് തേടി
പിണറായി വിജയൻ വിമാനയാത്ര: പ്രോട്ടോക്കോൾ പിഴവിൽ വിശദീകരണം തേടി സർക്കാർ
ന്യൂഡൽഹിയിൽ പിണറായി വിജയൻ വിമാനയാത്ര മുടങ്ങിയ സംഭവം ഭരണതലത്തിൽ ചർച്ചയാകുന്നു. വിമാനത്തിൽ കയറാനുള്ള അറിയിപ്പ് ലഭിക്കാതിരുന്നതും യാത്രാ ഏകോപനത്തിലെ വീഴ്ചയുമാണ് സംഭവത്തിന് കാരണമായതെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തോട് സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്.
ഡൽഹിയിൽ മടങ്ങാനിരുന്ന യാത്ര മുടങ്ങി
സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് മടങ്ങാനായിരുന്നു പിണറായി വിജയന്റെ പദ്ധതി.
ഇതിനായി അദ്ദേഹം ഒന്നരയോടെ കേരള ഹൗസിൽ നിന്ന് പുറപ്പെട്ട് കൃത്യസമയത്ത് ഡൽഹി വിമാനത്താവളത്തിലെത്തുകയും ചെയ്തു.
വിമാനത്തിൽ കയറാനുള്ള അറിയിപ്പ് ലഭിച്ചില്ല
വിമാനത്താവളത്തിലെ ലോഞ്ചിൽ കാത്തിരിക്കുകയായിരുന്ന പിണറായി വിജയന് ബോർഡിങ്ങിനുള്ള അന്തിമ അറിയിപ്പ് ലഭിച്ചില്ലെന്നാണ് ലഭ്യമായ വിവരം.
കൂടാതെ, വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തിലും യാത്രാ ഏകോപനത്തിലും ഉണ്ടായ വീഴ്ചയാണ് യാത്ര മുടങ്ങാൻ കാരണമായതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം
വിഐപി യാത്രകളുടെ ഏകോപനം സാധാരണയായി പ്രോട്ടോക്കോൾ വിഭാഗമാണ് നിർവഹിക്കുന്നത്. എന്നാൽ ഇത്തവണ വിമാനത്താവളത്തിനുള്ളിലെ ബഗ്ഗി ഉൾപ്പെടെയുള്ള വിഐപി സൗകര്യങ്ങൾ ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഇതോടെ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി
സമർപ്പിച്ച വിശദീകരണം പരിശോധിച്ച ശേഷമാകും തുടർ നടപടികളിൽ സർക്കാർ തീരുമാനം എടുക്കുക.
അതേസമയം, വിഷയത്തിൽ കൂടുതൽ വിലയിരുത്തലിനായി ഡൽഹി കേരള ഹൗസിൽ ഉന്നതതല യോഗം ചേരാനും സാധ്യതയുണ്ട്.
FAQ
1. പിണറായി വിജയന്റെ വിമാനയാത്ര എവിടെയാണ് മുടങ്ങിയത്?
ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് മടങ്ങാനിരുന്ന യാത്രയാണ് മുടങ്ങിയത്.
2. യാത്ര മുടങ്ങാൻ കാരണമായി പറയുന്നത് എന്താണ്?
വിമാനത്തിൽ കയറാനുള്ള അറിയിപ്പ് ലഭിക്കാതിരുന്നതും യാത്രാ ഏകോപനത്തിലെ വീഴ്ചയുമാണ് പ്രാഥമിക വിലയിരുത്തൽ.
3. സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്?
പ്രോട്ടോക്കോൾ വിഭാഗത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർ നടപടി.
