കെഎസ്ആര്‍ടിസി നിരക്കില്‍ വിമാനയാത്ര! സഹകരണ മേഖലയില്‍ ‘കോ കേരളം’ വരുന്നു

0

കോഴിക്കോട്: സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ വേഗത്തിലുള്ള ആഭ്യന്തര യാത്രകള്‍ സാധ്യമാക്കാന്‍ കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസ് വരുന്നു. സഹകരണ മേഖലയില്‍ നിന്നുള്ള രാജ്യത്തെ ആദ്യത്തെ ഈ വിമാന കമ്പനിക്ക് കോ കേരളം എന്നാണ് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചതായി എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നെടുമ്പാശേരി ആസ്ഥാനമാക്കിയാകും കമ്പനിയുടെ പ്രവര്‍ത്തനം. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാതൃകയില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിച്ച്, വിമാനങ്ങള്‍ പാട്ടത്തിനെടുത്തായിരിക്കും സര്‍വീസ് നടത്തുക. ആദ്യ ഘട്ടത്തില്‍ കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നീ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കും. യാത്രക്കാരുടെ പോക്കറ്റ് ചോരാത്ത രീതിയില്‍ 3,500 രൂപ മുതല്‍ 7,000 രൂപ വരെ മാത്രമായിരിക്കും നിരക്ക്. അതിവേഗ ട്രെയിനുകളിലെ യാത്രച്ചെലവിന് സമാനമാണിത്. സര്‍വീസ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഒഴിവുള്ള സീറ്റുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കും. 72 സീറ്റുകളുള്ള രണ്ട് വിമാനങ്ങളാകും ആദ്യ ഘട്ടത്തില്‍ പാട്ടത്തിനെടുക്കുക. അടുത്ത ഘട്ടങ്ങളില്‍ ഇത് നാലും ആറും ആയി ഉയര്‍ത്തും.

തൊഴിലവസരങ്ങള്‍

പ്രാരംഭഘട്ടത്തില്‍ തന്നെ 200 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. ഇതിനൊപ്പം ഒരു ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും സാമ്പത്തിക ബാധ്യതയില്ലാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി ചെയര്‍മാനായും സഹകരണ മന്ത്രി വൈസ് ചെയര്‍മാനായും രൂപീകരിക്കുന്ന കമ്പനിയില്‍, കേരളത്തിലെ 200 പ്രമുഖ സഹകരണ സംഘങ്ങള്‍ രണ്ട് കോടി രൂപ വീതം ഓഹരി നിക്ഷേപിക്കും. ഇങ്ങനെ സമാഹരിക്കുന്ന 400 കോടി രൂപ ഉപയോഗിച്ചാകും ആദ്യഘട്ടം നടപ്പാക്കുക.

മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും സഹകരണ റജിസ്ട്രാറും പദ്ധതിയെ വലിയ താല്‍പര്യത്തോടെയാണ് സമീപിച്ചിട്ടുള്ളത്. സര്‍ക്കാരില്‍ നിന്ന് തത്വത്തില്‍ അനുമതി ലഭിക്കുന്നതോടെ തുടര്‍ നടപടികളിലേക്ക് കടക്കും. കമ്പനിയില്‍ പണം മുടക്കാന്‍ 200 സഹകരണ സംഘങ്ങള്‍ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം കമ്പനി ലാഭത്തിലാകും. ഒരു വര്‍ഷം വിമാനത്തില്‍ ആരും കയറിയില്ലെങ്കില്‍ പോലും 32 കോടി രൂപ മാത്രമായിരിക്കും പരമാവധി വരാവുന്ന നഷ്ടമെന്നും സി.എന്‍ വിജയകൃഷ്ണന്‍ വ്യക്തമാക്കി.

യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാകും കോ കേരളം പ്രോജക്ട്.

LEAVE A REPLY

Please enter your comment!
Please enter your name here