കോഴിക്കോട്: കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയുമായി യുവതിയുടെ കുടുംബം രംഗത്ത്. അഗസ്ത്യമുഴിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെയാണ് ബന്ധുക്കൾ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊയിലാണ്ടി സ്വദേശിനിയായ യുവതി ഗർഭകാലത്തിന്റെ അഞ്ചാം മാസം മുതൽ പ്രസവപരിചരണത്തിനായി ബന്ധപ്പെട്ട ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ജൂൺ 24-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി നിശ്ചിത തീയതിക്ക് മുമ്പ് ആശുപത്രിയിലെത്തിയെങ്കിലും പ്രവേശിപ്പിക്കാനോ ആവശ്യമായ ചികിത്സ നൽകാനോ അധികൃതർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സ ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമായതെന്നും അവർ പറയുന്നു.
സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
English Summary
A family in Kozhikode has alleged medical negligence after an unborn baby died following an alleged delay in treatment at a private hospital in Agasthyamuzhi. The pregnant woman, who had been receiving prenatal care at the hospital, reportedly sought medical attention before her due date but was not admitted. A complaint has been filed with Mukkam Police, and an investigation is underway.

