“മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം”; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

0

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കാൻ നിർദേശിച്ചു ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധനയുമായി ബന്ധപ്പെട്ട് പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ പരിഗണിക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഫൊറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന ആരോപണത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത കോടതിയെ സമീപിച്ചത്.

അതിജീവിതയ്ക്കായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരായി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറി കാർഡ് മൂന്ന് തവണ തുറന്ന് പരിശോധിച്ചതായി ഫൊറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ സുരക്ഷയും അതിലെ വിവരങ്ങളുടെ രഹസ്യസ്വഭാവവും സംബന്ധിച്ച ആശങ്കകൾക്കിടെയാണ് ഹൈക്കോടതിയുടെ പുതിയ നടപടി. ഹർജിയിൽ തുടർവാദം പിന്നീട് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here