തൊണ്ടിമുതൽ തിരിമറി കേസ്; മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി, ഗൂഢാലോചന തെളിഞ്ഞു

0

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരാണെന്ന് കോടതി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) ആണ് കേസ് പരിഗണിച്ചതും പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചതും. ഒന്നാം പ്രതിയും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കേസ് രജിസ്റ്റർ ചെയ്ത് 32 വർഷത്തിനിപ്പുറമാണ് പ്രതികൾ കുറ്റക്കാരെന്ന് വിധി വന്നിരിക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാതായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇരുവരും കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്.

ആറ് കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.

1990ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ടുപാക്കറ്റ് ചരസുമായി ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോർ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.

സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാന്‍ തൊണ്ടിയിലെ അളവു വ്യത്യാസം നിര്‍ണായകമായി. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്. പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതല്‍ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് 1994ല്‍ കേസെടുത്തു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്. തുടര്‍ന്ന് കേസന്വേഷിച്ച പോലീസ് കോടതി ജീവനക്കാരനായ കെ.എസ്.ജോസിനെ ഒന്നാം പ്രതിയാക്കിയും ആന്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം സമര്‍പ്പിച്ചു.

ഇതിനിടെ പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാധ്യമ പ്രവര്‍ത്തകനായ അനില്‍ ഇമ്മാനുവല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നെടുമങ്ങാട് കോടതിയില്‍ വിചാരണ അന്തിമ ഘട്ടത്തിലെത്തുമ്പോഴായിരുന്നു ഇത്തരമൊരു നീക്കം. പിന്നാലെ ഈ വകുപ്പു കൂടി ഉള്‍പ്പെടുത്തിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിചാരണ പൂർത്തിയാക്കാനായിരുന്നു സുപ്രീം കോടതി അറിയിച്ചത്. 29 സാക്ഷികള്‍ ഉള്ള കേസിൽ 19 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളു. കേസെടുത്ത് 13 വര്‍ഷത്തിനിപ്പുറമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പതിലധികം തവണ കേസ് മാറ്റി വെക്കുന്ന സാഹചര്യവുമുണ്ടായി. ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെത്തുടര്‍ന്നാണ് ഇന്ന് കേസിൽ വിധി വന്നത്

LEAVE A REPLY

Please enter your comment!
Please enter your name here