തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിധി വന്നതിന് പിന്നാലെ കേസിലെ രണ്ടാം പ്രതി ആന്റണി രാജു ഇന്ന് എംഎൽഎ സ്ഥാനം രാജി വെച്ചേക്കുമെന്ന് വിവരം. കേസിൽ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതിനെത്തുടർന്ന് തിരുവനന്തപുരം എംഎല്‍എയായ ആന്റണി രാജു അയോഗ്യനായിരിക്കുകയാണ്. നിയമസഭാ സെക്രട്ടറി അയോഗ്യതാ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ സ്വയം ഒഴിയാനാണ് ആന്റണി രാജുവിന്റെ നീക്കം. കോടതി മൂന്ന് വർഷം തടവിന് ശിക്ഷ വിധിച്ച സാഹചര്യത്തിൽ ജനപ്രാതിനിത്യ നിയമപ്രകാരം ആന്റണി രാജുവിന് എംഎൽഎ ആയി തുടരാൻ സാധിക്കില്ല. സർക്കാരിനും ആന്റണി രാജുവിനും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യനാക്കപ്പെടും മുൻപേ സ്വയം ഒഴിയാൻ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് വിവരം.
കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി ഔദ്യോഗികമായി അയോഗ്യനാക്കുന്നതോടെയാണ് അംഗത്വം റദ്ദാകുക. ഇത് ഒഴിവാക്കാനാണ് സ്വയം രാജി വയ്ക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ തന്നെ അദ്ദേഹം സ്പീക്കറെ നേരിൽ കണ്ട് രാജിക്കത്ത് നൽകുമെന്നാണ് സൂചന. നേരിട്ട് കാണാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഇമെയിൽ വഴി രാജിക്കത്ത് കൈമാറും.ശിക്ഷ വിധിച്ച സാഹചര്യത്തിൽ ഇനി ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. ഇതോടെ ജനാധിപത്യ കേരള കോൺഗ്രസിന് നൽകിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുത്തേക്കും. വിവിധ കുറ്റങ്ങൾക്ക് മൊത്തം ആറര വർഷത്തെ തടവാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് റൂബി ഇസ്മയിൽ വിധിച്ചത്. ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥയിലാണ് മൂന്നുവർഷത്തെ തടവായി ചുരുങ്ങിയത്.
മൂന്ന് വർഷമാണ് ശിക്ഷ കാലാവധി എന്നതിനാൽ ഒരു മാസത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്. മേൽക്കോടതിയിൽ അപ്പീൽ പോകാനുള്ള സാവകാശം നൽകുന്ന കാലയളവാണിത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) യാണ് കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കോടതി തടവുശിക്ഷ വിധിച്ചതോടെ ആന്റണി രാജുവിന്റെ എംഎൽഎ സ്ഥാനം നഷ്ടപ്പെടും. രണ്ട് പ്രതികൾക്കുമായി പത്ത് വർഷമാണ് തടവ് വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി പറഞ്ഞത്. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിയിരുന്നു.നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സര്‍ക്കാരിനും ആന്‍റണി രാജുവിനും വിധി കനത്ത തിരിച്ചടിയായി.

