മുംബൈയിലെ ലോക്കൽ ട്രെയിനിൽ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമത്തിൽ വൈറൽ. യാത്ര ചെയ്യവെ മുന്നിലെ സീറ്റിൽ കാൽ കയറ്റിവച്ചതിനെ ചൊല്ലി ഒരു യാത്രക്കാരനെ മറ്റൊരാൾ മുഖത്തിടിക്കുന്ന വീഡിയോയാണ് വൈറലായത്. സംഭവത്തെ തുടർന്ന് പലരും ഈ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. പൗരബോധമെന്ന് ചിലർ കുറിച്ചപ്പോൾ ശിക്ഷ വിധിക്കാൻ ആരാണയാൾ എന്നായിരുന്നു മറുവിഭാഗത്തിന്‍റെ ചോദ്യം. ഇതോടെ ചർച്ച കൊഴുത്തു.
സീറ്റിൽ കാലുവെച്ച യാത്രക്കാരനോട് മറാത്തി സംസാരിക്കുന്ന ഒരാൾ ആക്രോശിക്കുകയും അസഭ്യം പറയുകയും പിന്നാലെ മുഖത്ത് അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോയിൽ, അത് സീറ്റാണെന്നും ഫുട്റെസ്റ്റായി ഉപയോഗിച്ചതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു.
പിന്നാലെ അയാൾ യാത്രക്കാരന്‍റെ മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയിൽ കാണാം. അപ്രതീക്ഷിതമായി അടി കിട്ടിയ യാത്രക്കാരൻ മറ്റ് യാത്രക്കാരെ നോക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ഇടപെടാൻ ആരും തയ്യാറാവുന്നില്ല. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അടിച്ചതിനെ അഭിനന്ദിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ രണ്ട് പക്ഷം പിടിച്ചു.
അയാൾ തിരിച്ചടിക്കണമായിരുന്നുവെന്നാണ് ഒരു കാഴ്ചക്കാരൻ കുറിച്ചത്. അതിന് അദ്ദേഹത്തിന് കാരണമുണ്ടായിരുന്നു. ഒരാളെ അങ്ങനെ അടിക്കേണ്ട ആവശ്യമില്ലെന്നും ദുർബലർക്കും മഹാരാഷ്ട്രക്കാർ അല്ലാത്തതവർക്കും നേരേ മാത്രമെ ഇത്തരം കൈകൾ ഉയരുകയൊള്ളോയെന്നും അദ്ദേഹം ചോദിച്ചു.
നല്ല വിദ്യാഭ്യാസമെന്നും എന്നാൽ ഒരു നിയമത്തിന് കീഴിൽ ഇത്തരം വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. മറാത്തികൾ സ്വയം പാലിക്കാത്ത പൗരബോധം മറ്റുള്ളവരെ പഠിപ്പിക്കുന്നതെന്തിനെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ സംശയം. മറ്റേയാത്രക്കാരൻ യുപിയോ ബിഹാറിയോ ആയിരിക്കണമെന്നും മറാത്തികൾക്ക് യുപി, ബീഹാർ സംസ്ഥാനങ്ങളിലുള്ളവരെ അകാരണമായി അടിക്കുന്നത് ഇന്നൊരു ഹരമായിരിക്കുനെന്നും മറ്റൊരാൾ എഴുതി.
മുംബൈയിലും മറ്റ് ഇന്ത്യൻ ട്രെയിനുകളിലും യാത്രക്കാർ സീറ്റിൽ കാലുകൾ വയ്ക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, ഇത് പൗരബോധത്തെയും പൊതു ട്രെയിൻ മര്യാദകളെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. ഒരു സംഭവത്തിൽ സീറ്റിൽ നിന്ന് കാലുകൾ മാറ്റാൻ മാന്യമായി അഭ്യർത്ഥിച്ചിട്ടും അവഗണിച്ച സഹയാത്രികനിൽ നിന്ന് ആവർത്തിച്ചുള്ള പീഡനം ഉണ്ടായതായി ഒരു യുവാവ് പറഞ്ഞ വീഡിയോ കുറച്ച് നാളുകൾക്ക് മുൻപ് വൈറലായിരുന്നു.

