നിർമാണത്തിൽ അപാകത; കൊയിലാണ്ടിയിൽ ദേശീയപാതയിലെ അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ ഭാഗത്ത് വീണ്ടും അപകടം, പ്രതിഷേധത്തിനൊരുങ്ങി സിപിഎമ്മും കോൺഗ്രസും

0

കോഴിക്കോട്: കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി സിപിഎമ്മും കോൺഗ്രസും. സ്ഥലത്ത് വിദഗ്‌ധ സംഘമെത്തി പരിശോധിക്കാതെ നിർമ്മാണം പുനരാരംഭിക്കരുതെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന് പിന്നാലെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ നാട്ടുകാർ തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നിർമ്മാണം തുടരാവൂ എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ വാഗാഡ് കമ്പനി നിർമാണം നടത്തുന്ന റീച്ചിലാണ് അപകടമുണ്ടായത്. ഈ റീച്ചിലാണ് നേരത്തെ അഴിമതി ആരോപണം ഉയർന്നത്. അദാനി ഗ്രൂപ്പ് കമ്പനി എടുത്ത കരാർ വാഗാഡിന് ഉപകരാർ നൽകിയാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്നത്. അതേസമയം, ഈ മതിൽ നിർമ്മാണത്തിനെതിരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. മുമ്പ് മതിൽ പുറത്തേക്ക് തള്ളിവന്നതിനെ തുടർന്ന് ഇത് പൊളിച്ചുമാറ്റി വീണ്ടും നിർമ്മിക്കുകയായിരുന്നു. ഈ സ്ഥലത്താണ് ഇന്നലെ വീടിനും അപകടമുണ്ടായത്.

അഴിയൂർ മുതൽ വെങ്ങലം വരെയുള്ള 40.80 കിലോമീറ്റർ പാത ആറുവരിയായി വികസിപ്പിക്കുന്ന കരാറാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. 1,838 കോടി രൂപയാണ് ആകെ കരാർ തുക. ഹൈബ്രിഡ് ആന്വിറ്റി മോഡലിലാണ് നിർമ്മാണ കരാർ നൽകിയത്. ഇത് പ്രകാരം നിർമാണച്ചെലവിന്റെ 40% കേന്ദ്ര സർക്കാരും ബാക്കി 60% നിർമ്മാണ കമ്പനിയുമാണ് കണ്ടെത്തേണ്ടത്. എന്നാൽ അദാനി ഗ്രൂപ്പ് അഹമ്മദാബാദ് ആസ്ഥാനമായുള്ള വാഗഡ് ഇൻഫ്രാ പ്രോജക്ട്സ് എന്ന കമ്പനിക്ക് 971 കോടി രൂപയ്ക്കാണ് 40 കിലോമീറ്റർ ദൂരം റോഡ് നിർമ്മിക്കാൻ ഉപകരാർ നൽകിയത്. ഇതോടെ 867 കോടി രൂപയോളം അദാനി ഗ്രൂപ്പിന് ലാഭമുണ്ടാകുമെന്നാണ് വിമർശനം ഉയർന്നത്. ഈ വിവാദ റീച്ചിലാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊയിലാണ്ടി തിരുവങ്ങൂർ അടിപ്പാതയ്ക്ക് സമീപം അപകടമുണ്ടായത്. മതിൽ നിർമ്മാണത്തിനായി കോൺക്രീറ്റ് സ്ലാബുകൾ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയർ പൊട്ടുകയായിരുന്നു.തുടർന്ന്, ക്രെയിനിൽ ഉറപ്പിച്ച സ്ലാബുകൾ സർവിസ് റോഡിലേക്ക് പതിച്ചു. ഒന്നര മീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇൻ്റർലോക്ക് രീതിയിൽ അടുക്കിവെച്ചാണ് മതിൽ നിർമ്മിക്കുന്നത്. ഇത്തരം സ്ലാബുകളാണ് താഴേക്ക് വീണത്. ഈ സമയം റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here