കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ സമീപത്തായാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. നാല്‍പ്പത് വയസ് പ്രായം തോന്നിക്കുന്ന ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ അഞ്ച് ദിവസമായി ലോഡ്ജ് പ്രവർത്തിച്ചിരുന്നില്ല. ഇയാൾ എപ്പോൾ ആണ് മരണപ്പെട്ടതെന്ന് വ്യക്തത വന്നിട്ടില്ല. കെട്ടിടത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. തലയുടെ പിൻഭാഗത്തും ചെവിയിലും ഉണങ്ങിയ ചോരപ്പാടുകൾ ഉണ്ട്. തലക്കടിയേറ്റാകാം യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികൾ അടക്കം പരിശോധിച്ച് വരികയാണ്.

