തൃശൂർ: വ്യാജ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അടച്ചതായി തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവ് കുടുങ്ങി. 17000 രുപയുടെ മൊബൈൽ ഫോൺ വാങ്ങിയ ശേഷമായിരുന്നു യുവാവിന്റെ തട്ടിപ്പ്. സംഭവത്തിൽ പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പിൽ വീട്ടിൽ അഹമ്മദ് (18) എന്ന യുവാവാണ് അറ്റസ്റ്റിലായത്. മതിലകം സെൻ്ററിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ നിന്ന് സ്മാർട്ട്ഫോൺ വാങ്ങിയ ശേഷമായിരുന്നു യുവാവിന്റെ തട്ടിപ്പ്. എന്തോ പന്തികേട് തോന്നിയ കട ഉടമ യുവാവിനെ തടയുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് മതിലകം സെന്ററിൽ പ്രവർത്തിയ്ക്കുന്ന മൊബൈൽപാർക്ക് മൊബൈൽ ഷോപ്പിലായിരുന്നു സംഭവം. മൊബൈൽ ഫോൺ ആവശ്യപ്പെട്ട യുവാവ് 17,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിയ ശേഷം മൊബൈൽ ഷോപ്പിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഫോൺ പേ വഴി പണം അയച്ചതായി പറഞ്ഞു. ഇതിൻ്റെ സ്ക്രീൻ ഷോട്ട് കാണിച്ചുകൊടുത്ത ശേഷം പെട്ടെന്ന് മൊബൈൽ ഷോപ്പിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ കടയുടമ നൗഫൽ പ്രതിയെ തടഞ്ഞുവെച്ചു. പിന്നീട് നൗഫൽ സ്വന്തം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം വന്നിട്ടില്ലെന്ന് കണ്ടെത്തി.
വ്യാജ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്താണ് 17000 രൂപ അയച്ചതായി യുവാവ് കാണിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി ഇതിന് പിന്നാലെ കടയുടമ മതിലകം പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും യുവാവിനെ പിടികൂടുകയും ചെയ്തു. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. മതിലകം പോലീസ് എസ്.എച്ച്.ഒ ഷാജി.എം.കെ, എസ്.ഐ അശ്വിൻ റോയ്, ജി.എസ്.സി.പി.ഒ. മാരായ സനീഷ്, ഷനിൽ തുടങ്ങിയവരാണ് കേസിൽ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

