പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മർദിച്ച കേസ്; രണ്ടാനമ്മയായ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

0

മലപ്പുറം: പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപികയ്ക്കെതിരെ വകുപ്പ് തല നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. പെരിന്തൽമണ്ണ എഇഒക്ക് ആണ് ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം നൽകിയത്. നിലമ്പൂര്‍ വടപുറം സ്വദേശിയും അധ്യാപികയുമായ ഉമൈറക്കെതിരെയാണ് നടപടി. കുട്ടിയെ മർദിച്ചതിന് പിന്നാലെ അധ്യാപികയായ രണ്ടാനമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ഭക്ഷണം നിഷേധിച്ചു, പൊള്ളൽ ഏൽപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് രണ്ടാനമ്മയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കേസ് എടുത്തതോടെ അധ്യാപിക ഒളിവിൽ പോയിരുന്നു ഒളിവിൽ പോകാൻ സഹായിച്ചതിന് പ്രതിയുടെ അച്ഛനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മർദനമേറ്റ ആറ് വയസുകാരന് ഒന്നരവയസുള്ള സമയത്താണ് അർബുദം ബാധിച്ച് സ്വന്തം അമ്മ മരിക്കുന്നത്. അച്ഛൻ വിദേശത്തായിരുന്നതിനാൽ അമ്മയുടെ അച്ഛൻ്റെ വീട്ടിലും സ്വന്തം അച്ഛൻ്റെ വീട്ടിലുമായിട്ടായിരുന്നു ആദ്യമൊക്കെ ആറ് വയസുകാരൻ കഴിഞ്ഞിരുന്നത്. പിന്നീട് രണ്ടാനമ്മയ്ക്കൊപ്പമായി കുട്ടിയുടെ താമസം. ഇടയ്ക്ക് കുഞ്ഞിൻ്റെ അമ്മയുടെ ബന്ധുക്കൾ കുട്ടിയെ കാണാൻ വരാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ നാലിന് മുത്തച്ഛൻ കുട്ടിയെ കാണാൻ സ്കൂളിലെത്തിയപ്പോഴാണ് ശരീരത്തിലെ പരിക്കുകൾ ശ്രദ്ധിച്ചത്. പിന്നാലെ ചൈൽഡ് ലൈനിൽ ഉൾപ്പെടെ പരാതി നൽകുകയായിരുന്നു. ആരോപണം പരിശോധിച്ച ചൈൽഡ് ലൈൻ കുട്ടി മർദനത്തിന് ഇരയായതായി കണ്ടെത്തി.

ഇതേത്തുടർന്ന് നിയമനടപടികൾ തുടരാൻ പെരിന്തൽമണ്ണ പോലീസിന് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുകയും രണ്ടാനമ്മയ്‌ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. എന്നാൽ കേസെടുത്ത വിവരം അറിഞ്ഞതിന് പിന്നാലെ രണ്ടാനമ്മ ഒളിവിൽ പോക്കുകയായിരുന്നു. മുൻപ് എയ്ഡഡ് സ്കൂളിൽ അധ്യാപികയായിരുന്ന ആറ് വയസുകാരന്റെ സ്വന്തം അമ്മ മരിച്ചതിന് പിന്നാലെ വന്ന ഒഴിവിലാണ് രണ്ടാനമ്മ അധ്യാപികയായി കയറിയത്. നിലവിലെ സാഹചര്യത്തിൽ ആറ് വയസുകാരൻ മുത്തശ്ശന്റെയും മുത്തശിയുടെയും സംരക്ഷണത്തിലാണ്. മലപ്പുറം കുടുംബ കോടതിയാണ് കുട്ടിയെ ഇവർക്ക് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here