നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും നടി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുമെന്നും വിവരമുണ്ട്. ഈ കേസ് അടിസ്ഥാനരഹിതമാണെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ശ്വേതയുടെ ഈ നീക്കം.
പരാതിക്കാരനായ പൊതുപ്രവർത്തകൻ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് നടിക്ക് എതിരെ പോലീസ് കേസെടുത്തത്. ഐടി നിയമത്തിലെ 67 (എ) വകുപ്പും അനാശാസ്യ പ്രവർത്തന നിരോധന നിയമവും അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
എന്താണ് പരാതി?
ശ്വേത മേനോൻ അഭിനയിച്ച ചില മലയാള സിനിമകളും ഒരു ഗർഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ‘പാലേരിമാണിക്യം’, ‘രതിനിർവ്വേദം’, ‘കളിമണ്ണ്’ എന്നീ സിനിമകളിലെ രംഗങ്ങൾ അശ്ലീല സ്വഭാവമുള്ളവയാണെന്ന് പരാതിയിൽ പറയുന്നു. ‘കളിമണ്ണ്’ എന്ന സിനിമയിൽ ശ്വേതയുടെ പ്രസവരംഗം ചിത്രീകരിച്ചിരുന്നു. സെൻസർ ബോർഡ് അംഗീകാരം ലഭിച്ച് പ്രേക്ഷകർ കണ്ടതും പൊതുവിൽ ലഭ്യമായതുമായ ഈ ചിത്രങ്ങളിലെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
മാർട്ടിൻ മേനാച്ചേരി ആദ്യം കൊച്ചി പോലീസിന് പരാതി നൽകിയിരുന്നെങ്കിലും പോലീസ് അത് അവഗണിച്ചിരുന്നു. ഇതിനെ തുടർന്ന് പരാതിക്കാരൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് കൊച്ചി സെൻട്രൽ പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

