തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.
41 സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 2100-ൽ അധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന പാക്കേജിൽ ഉൾപ്പെടുത്തി. കാൽമുട്ട്, ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഇനിമുതൽ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.
അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള 10 ഇനം ഗുരുതര രോഗങ്ങൾക്കായി പ്രത്യേക പാക്കേജുകൾ ഉണ്ടാകും. ഇതിനായി ഇൻഷുറൻസ് കമ്പനി രണ്ട് വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കിവെക്കും.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ (പരമാവധി 5000 രൂപ) പ്രതിദിന മുറിവാടകയായി ലഭിക്കും. സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾക്ക് 2000 രൂപ വരെയും ലഭിക്കും.
ഇ.എസ്.ഐ ആനുകൂല്യമില്ലാത്ത വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയും പെൻഷൻകാരെയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ തത്വത്തിൽ അംഗീകാരം നൽകി.
നോൺ-എംപാനൽഡ് ആശുപത്രികളിലെ അടിയന്തര ചികിത്സകൾക്കുള്ള റീ-ഇംബേഴ്സ്മെന്റ് പരിധി വിപുലീകരിച്ചു. ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം എന്നിവയ്ക്ക് പുറമെ 10 ചികിത്സകൾ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തി.
തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും.
ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും.
ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ് കാർഡുകളിൽ ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തും.
പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും.
ഒന്നാം ഘട്ടത്തിൽ 2025 ജൂലൈ 1 വരെ 10.5 ലക്ഷത്തിലധികം ക്ലെയിമുകളിലായി 1911 കോടി രൂപ വിതരണം ചെയ്തതായി സർക്കാർ അറിയിച്ചു. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

