രഹസ്യവിവരം ലഭിച്ച് പൊലീസെത്തി, അതിഥി തൊഴിലാളികൾക്കായി സൂക്ഷിച്ചത്; അരൂരിൽ 1.6 കിലോ കഞ്ചാവ് പിടികൂടി

0

അരൂർ: രണ്ട് കിലോയോളം കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികൾ പൊലീസ് പിടിയിൽ. ഒരാൾ രക്ഷപ്പെട്ടു. ഐസ് പ്ലാന്റ് ജീവനക്കാരൻ അസാം സ്വദേശിയായ ബിപൂൽ ചൗദഹ് (35), സിബായ് ദാസ് (27), ഡിപാ ചെട്ടിയ (39) ആണ് പിടിയിലായത്. രണ്ടാം പ്രതി ബിറ്റുവൻ ഗോഗോയ് (24) സംഭവ സ്ഥലത്ത് നിന്ന് തന്നെ ഓടി രക്ഷപ്പെട്ടു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഒരു കിലോ 600 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. 

ചന്തിരൂർ പാലത്തിന് സമീപമുള്ള ഐസ് പ്ലാന്റിലെ ജീവനക്കാരനാണ് ബിപൂൽ. ഉയരപ്പാത നിർമ്മാണ സ്ഥലത്തെ തൊഴിലാളികൾക്ക് വില്പനക്ക് കൊണ്ടുവന്നതാണ് കഞ്ചാവ്. ബാഗിൽ ചെറിയ പൊതികളാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വലിയ തോതിൽ കൊണ്ടുവന്ന് സമീപത്തെ വീട്ടിൽ സൂക്ഷിച്ച ശേഷം ചെറിയ പൊതികളാക്കി നാലുപേർ ചേർന്ന് വിൽപന നടത്തിവരികയായിരുന്നു. 

ഐസ് പ്ലാന്റ് ജീവനക്കാരനെ ആദ്യം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ പിടിയിലായത്. പിടികിട്ടാനുള്ള ബിറ്റുവന്റെ ഭാര്യയാണ് ഡിപാ ചെട്ടിയ. രണ്ട് മാസം മുൻപ് എട്ട് കിലോ കഞ്ചാവുമായി ഇവരെ അരൂർ പൊലീസ് പിടികൂടിയിരുന്നു. ജാമ്യ വ്യവസ്ഥ അനുസരിച്ച് ഇവർ ദിവസവും അരൂർ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടാൻ വരുമായിരുന്നു. ഇവരെ ആലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അരൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രതാപ് ചന്ദ്രൻ, സ്റ്റേഷൻ എസ്ഐ. എസ് ഗീതുമോളുടെയും നേതൃത്വത്തിലുള്ള സംഘം ആണ് ഇവരെ പിടികൂടിയത്. ഉയരപ്പാത നിർമ്മാണ സ്ഥലത്തെ തൊഴിലാളികളുടെ ഇടയിൽ എംഡിഎംഎ, കഞ്ചാവ്, പാൻപരാഗ് തുടങ്ങിയ ലഹരി വസ്തുകൾ വ്യാപകമായ തോതിൽ വില്പന നടത്തിവരുന്നുണ്ട്. ജോലി സമയത്ത് ഇവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here