ചികിത്സച്ചെലവിന്റെ ഭാരത്തിൽ തളർന്ന മകൻ; കിടപ്പിലായിരുന്ന അമ്മയെ മുകളിലെ നിലയിൽ നിന്ന് തള്ളിക്കൊന്ന്

0



Bengaluru: സാമ്പത്തിക പ്രതിസന്ധിയും ചികിത്സച്ചെലവിന്റെ ഭാരവും സഹിക്കാനാകാതെ കിടപ്പിലായിരുന്ന അമ്മയെ മകൻ കൊലപ്പെടുത്തിയ ദാരുണ സംഭവം ബംഗളൂരുവിൽ. ആർ.ആർ നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
75 വയസ്സുകാരിയായ സാവിത്രമ്മ സി ആണ് കൊല്ലപ്പെട്ടത്. കേസിൽ മകൻ വെങ്കിടേഷ് സിയെ പോലീസ് അറസ്റ്റ് ചെയ്തു.


അഞ്ച് വർഷം മുമ്പ് പക്ഷാഘാതം ബാധിച്ചതോടെ അമ്മ പൂർണ്ണമായും കിടപ്പിലായിരുന്നുവെന്നാണ് വിവരം. അമ്മയെ പരിചരിക്കാൻ മകൻ ജോലി ഉപേക്ഷിച്ചിരുന്നു. ചികിത്സച്ചെലവും സാമ്പത്തിക ബുദ്ധിമുട്ടുകളും കൂടിയതോടെ മാനസികമായി തളർന്നതാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


സംഭവദിവസം ഉച്ചയ്ക്ക് അമ്മയെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയ ശേഷമാണ് താഴേക്ക് തള്ളിയതെന്ന് പൊലീസ് പറഞ്ഞു. വലിയ ശബ്ദം കേട്ട് എത്തിയ വീട്ടുടമസ്ഥൻ സംഭവത്തെക്കുറിച്ച് പൊലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് തന്നെ സാവിത്രമ്മ മരിച്ചു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

A shocking incident was reported in Bengaluru, where a man allegedly killed his 75-year-old bedridden mother by pushing her from an upper floor of a building.
The accused, Venkatesh, was reportedly under severe financial stress and had quit his job to take care of his mother, who had been paralyzed for five years. Police believe the mounting medical expenses and mental distress led to the crime.
He has been arrested, and further investigation is underway.

സൂപ്പർ സഞ്ജു സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം സഞ്ജു സാംസണ്. ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരനേട്ടത്തിന് അർഹനാക്കിയത്. ഇന്ത്യയുടെ തന്നെ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണർ എന്നിവരെ പിന്തള്ളിയാണ് പുരസ്കാര നേട്ടം. ഇത് ആദ്യമായാണ് സഞ്ജു ഐസിസിയുടെ പ്ലെയർ ഓഫ് ദ് മൺത് പുരസ്കാരം നേടുന്നത്.


ലോകകപ്പിലെ നിർണായകമായ സൂപ്പർ എട്ടിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സാംസൺ, വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി 50 പന്തിൽ നിന്ന് 97* റൺസ് നേടിയിരുന്നു. സെമിഫൈനലിലും ഫൈനലിലും സഞ്ജു മിന്നും പ്രകടനം പുറത്തെടുത്തു. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ നിന്ന് 89 റൺസ് നേടിയ സാംസൺ, ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 46 പന്തിൽ നിന്ന് 89 റൺസ് നേടിയാണ് ഇന്ത്യയെ കിരീടം ഉയർത്താൻ സഹായിച്ചത്.

“ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടുന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും എന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുചേരുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു” സഞ്ജു സാംസൺ‌ പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി; വിലക്കയറ്റം ഉയരുന്നു

രാജ്യത്ത് ചില്ലറ വില അടിസ്ഥാനമാക്കിയ വിലക്കയറ്റം ഉയർന്നു. 2024 അടിസ്ഥാന വർഷമായി കാണുന്ന പുതിയ സീരീസ് അധിഷ്ഠിത പണപ്പെരുപ്പമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തിറക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് മാർച്ചിലെ പണപ്പെരുപ്പ നിരക്ക് ഉയരാൻ കാരണം. ഫെബ്രുവരിയിൽ ഉപഭോക്തൃ വിലക്കയറ്റം 3.21 ശതമാനമായിരുന്നു.

ഭക്ഷ്യവിലക്കയറ്റം ഫെബ്രുവരിയിൽ 3.47 ശതമാനം ആയിരുന്നതാണ് 3.87 ശതമാനമായി ഉയർന്നത്. പണപ്പെരുപ്പം ഉയർന്നെങ്കിലും റിസർവ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിൽ താഴെയാണെന്നത് ആശ്വാസം നൽകുന്നു. മാർച്ചിൽ വില ഉയർന്നത് സ്വർണം, വെള്ളി, ആഭരണങ്ങൾ, കൊപ്ര, തക്കാളി, കോളിഫ്ലവർ എന്നിവയ്ക്കാണ്. ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, പരിപ്പ് എന്നിവ വില കുറഞ്ഞവയിൽ പെടുന്നു. ഇലക്ട്രിസിറ്റി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്ന സെഗ്മെന്റിലെ വിലക്കയറ്റം 1.65 ശതമാനമായി ഉയർന്നു.

ഗ്രാമീണ-നഗര മേഖലയിലെ വിലക്കയറ്റം യഥാക്രമം 3.63 ശതമാനവും 3.11 ശതമാനവും ആയി. മാർച്ചിൽ പാർപ്പിട മേഖലയിലെ പണപ്പെരുപ്പം 2.11 ശതമാനമാണ്. പരിഷ്കരണത്തിനുശേഷം, ഏറ്റവും ഉയർന്ന പണപ്പെരുപ്പം ഉള്ള സംസ്ഥാനമായി തെലങ്കാന (5.83 ശതമാനം) മാറി. തൊട്ടുപിന്നാലെ ആന്ധ്രപ്രദേശ് (4.05 ശതമാനം) , കർണാടക (3.96 ശതമാനം), തമിഴ്നാട് (3.77 ശതമാനം), രാജസ്ഥാൻ (3.64 ശതമാനം) .
3.67 ശതമാനത്തോടെ കേരളം ഇത്തവണ ആറാം സ്ഥാനത്താണ്. ഗ്രാമീണ പണപ്പെരുപ്പം 4.31 ശതമാനവും നഗര പണപ്പെരുപ്പം 3.06 ശതമാനവുമാണ്. വിലക്കയറ്റത്തിൽ മുന്നിൽ തെലങ്കാനയാണ് (5.83 ശതമാനം) കുറവ് മിസോറമിലും (0.66 ശതമാനം).

1,407 നഗര വിപണികളിലെയും (ഓൺലൈൻ വിപണികളുൾപ്പെടെ) 1,465 ഗ്രാമീണ വിപണികളിലെയും റിയൽ ടൈം വില വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഎസ്ഒ പണപ്പെരുപ്പ വിവരങ്ങൾ പുറത്തുവിട്ടത്.

കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍. ആറ് മാസമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് മാത്രമല്ല,കൂടുതല്‍ പേരുടെ അറസ്റ്റെന്നു എസ്‌ഐടി പറഞ്ഞതും നടന്നില്ല. ജംഷഡ്പൂരില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടിയെന്നാണ് എസ്.ഐ.ടിയുടെ വിശദീകരണം.

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയായിരുന്നു. ഹൈകോടതി നേരിട്ട് ഉദ്യോഗസ്ഥരെ തിരഞ്ഞടുത്ത് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചു നടത്തിയ അന്വേഷണമാണ് കേസില്‍ നടന്നത്. എന്നിട്ടും അന്വേഷണം പാതിവഴിയില്‍ അവസാനിച്ചു. കുറ്റപത്രം നല്‍കാതെ അറസ്റ്റിലായ പ്രതികള്‍ക്കെല്ലാം ജയിലില്‍ നിന്നിറങ്ങാന്‍ അവസരം ഒരുക്കിയത് മാത്രമല്ല എസ്.ഐ.ടിയുടെ പരാജയം.അഞ്ച് പേരേ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുന്‍പ് ഹൈക്കോടതിയില്‍ അറിയിച്ചിട്ടും ഒരാളെ പോലും പിടിച്ചില്ല. തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യാന്‍ പോലും ആരെയും വിളിക്കാതെ അന്വേഷണം മരവിപ്പിച്ചു. ഇപ്പോഴും തൊണ്ടിമുതല്‍ എവിടെയെന്നോ, മോഷ്ടിച്ച സ്വര്‍ണത്തിന്റെ അളവെത്രയെന്നോ കണ്ടെത്തിയിട്ടില്ല. ജംഷഡ്പൂരിലെ ലാബില്‍ നിന്നുള്ള ഫലം വരട്ടേയെന്നാണ് വിശദീകരണം.അത് എന്ന് വരുമെന്ന് അറിയാത്തതിനാല്‍ കുറ്റപത്രം എന്ന് നല്‍കാനാകുമെന്നതിലും വ്യക്തതയില്ല.

കുറ്റപത്രം നല്‍കണമെങ്കില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വാങ്ങണം.അതിനുള്ള അപേക്ഷ പോലും തയാറാക്കിയിട്ടില്ല.അപേക്ഷ നല്‍കിയാലും പുതിയ സര്‍ക്കാര്‍ വരാതെ ഇനി പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ല. ഇതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കി. സംഘത്തിലുണ്ടായിരുന്ന എസ്.പി പി.ബിജോയ് കഴിഞ്ഞമാസം വിരമിച്ചിട്ട് പകരം ആളെ ഇത് വരെ നിയമിച്ചിട്ടില്ല. ഇങ്ങിനെ ചുരുക്കത്തില്‍ ഒരുമാസത്തിലേറെയായി അനക്കമൊന്നുമില്ലാത്ത അവസ്ഥയിലാണ് ശബരിമല സ്വര്‍ണക്കൊള്ള കേസ്.

ഫോൺ പിടിച്ചുവച്ചിട്ടില്ല: നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രിൻസിപ്പൽ വിനോദ് മോനി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രിൻസിപ്പൽ വിനോദ് മോനി.

നിതിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും വിനോദ് മോനി പറഞ്ഞു.

നിതിൻ എടുത്ത വായ്പയുടെ പേരിൽ ലത എന്ന അധ്യാപികയ്ക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്നും അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിതിനെ ചേംബറിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. നിതിൻറെ ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും നിതിൻ തന്നെ വച്ചിട്ട് പോയതാണെന്നും പ്രിൻസിപ്പൽ ന്യായീകരിച്ചു.

അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിതിനെ ക്യാബിനിലേക്ക് വിളിപ്പിച്ചിരുന്നു. ലോൺ ആപ്പിന് മാഡത്തിൻറെ പേര് കൊടുത്തിട്ടില്ലെന്നാണ് നിതിൻ പറഞ്ഞത്. അച്ഛൻറെയും അമ്മയുടെയും സഹോദരിയുടെയും പേരും നമ്പറുകളുമാണ് കൊടുത്തതെന്നും നിതിൻ വിവരിച്ചു. അമ്മയുടെ പേര് ലത എന്ന് പറഞ്ഞപ്പോയാണ് മാഡത്തിൻറെയും പേര് ഒന്നാണെന്ന് മനസിലായത്. ലത മാഡത്തിന് ലോൺ ആപ്പിൽ നിന്ന് നിതിൻറെ പേരിൽ വന്ന ഭീഷണിയും പ്രൂഫുകളും അവര് കാണിച്ചു.

ലോൺ ആപ്പിൽ നിന്ന് തുടർച്ചയായി ലത മാഡത്തിന് കോളുകൾ വന്നതിൻറെയടക്കം വിവരങ്ങൾ അവര് കാണിച്ചു. തൻറെ ചേംബറിൽ സംസാരിക്കുമ്പോൾ പോലും മാഡത്തിൻറെ ഫോണിലേക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി കോൾ വന്നിരുന്നു. ലോൺ തുക ഉടൻ അടയ്ക്കണം, ഇല്ലെങ്കിൽ പ്രശ്നമാകും എന്ന നിലയിലായിരുന്നു ഭീഷണി. ആരോപണ വിധേയരായ റാം എന്ന അധ്യാപകനും സംഗീത മാഡവും ആ സമയത്ത് ചേംബറിൽ ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. റാമുമായി ബന്ധപ്പെട്ട പരാതികളൊന്നും നിതിൻ തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രിൻസിപ്പൽ വിവരിച്ചു.

ലോൺ ആപ്പിന് മാഡത്തിൻറെ പേര് കൊടുത്തിട്ടില്ലെന്നാണ് നിതിൻ പറഞ്ഞത്. കുടംബാംഗങ്ങളുടെ പേരാണ് നൽകിയിരുന്നതെന്നും അമ്മയുടെ പേരും ലത എന്നാണെന്നും നിതിൻ വ്യക്തമാക്കിയതായി പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. ലോൺ ആപ്പ് വിഷയം അറിയിക്കാൻ കുടുംബത്തിനെ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ആ വിവരങ്ങളടക്കം പൊലീസിന് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതിൻ രാജിൻ്റെ മരണം: ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന്  വിദ്യാർത്ഥികൾ

കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റാരോപിതനായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന് ആവർത്തിച്ച് വിദ്യാർത്ഥികൾ.

‘നിതിൻ രാജിന്റെ മരണം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെയും മാനേജ്‌മെന്റ് ഞങ്ങളുമായി ഗൗരവകരമായ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.

പല തവണ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അവർ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഒരു ചർച്ചയ്ക്ക് എന്ന പേരിൽ അയച്ചതും തീരുമാനമെടുക്കാൻ കഴിയാത്തയാളെയാണ്.

കറുത്ത നിറമുള്ള റാം സാർ എങ്ങനെ നിറത്തിന്റെ പേരിൽ നിതിനെ അധിക്ഷേപിക്കും എന്നാണ് ഈ സാർ ചോദിക്കുന്നത്. അങ്ങനെയുള്ളവരുമായി സംസാരിച്ചിട്ട് കാര്യമില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

‘ജനനായകൻ’ ചിത്രത്തിന്റെ വ്യാജപതിപ്പ് കേബിൾ ചാനലിലൂടെ സംപ്രേഷണം ചെയ്തു; ഉടമ അറസ്റ്റിൽ

ചെന്നൈ: നടൻ വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘ജനനായകൻ’ ചിത്രത്തിന്റെ വ്യാജപതിപ്പ് കേബിൾ ചാനലിലൂടെ സംപ്രേഷണം ചെയ്തതായി റിപ്പോർട്ട്.

ഏപ്രിൽ 11നാണ് കോയമ്പത്തൂരിലെ ഒരു പ്രാദേശിക ചാനലിലൂടെ ചിത്രം നിയമവിരുദ്ധമായി പ്രദർശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ചാനൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിയും ‘രാശി പ്രൈം മൂവി’ ചാനൽ ഉടമയുമായ എസ്. പളനിസാമി (44) ആണ് അറസ്റ്റിലായത്. വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിന്റെ കോയമ്പത്തൂർ ഈസ്റ്റ് യൂണിറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹനപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പരാതി ലഭിച്ചതോടെ കോയമ്പത്തൂർ ജില്ലാ പൊലീസ് സൂപ്രണ്ട് കെ. കാർത്തികേയൻ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. അന്വേഷണത്തിൽ ചിത്രം അനധികൃതമായി കൈവശപ്പെടുത്തി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതായി വ്യക്തമായി. തുടർന്ന് പളനിസാമിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചാനൽ ഓഫീസിൽ നിന്ന് കമ്പ്യൂട്ടറുകൾ, അഞ്ച് ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഓഫീസ് സീൽ ചെയ്യുകയും ചെയ്തു.

ഇതിന് മുമ്പ് ഏപ്രിൽ 9ന് ചിത്രത്തിന്റെ എച്ച്‌ഡി പതിപ്പ് ഇന്റർനെറ്റിൽ ചോർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൈബർ ക്രൈം വിഭാഗം ആറുപേരെ അറസ്റ്റ് ചെയ്യുകയും 300-ലധികം അനധികൃത ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ആശ്വാസത്തിന് വക ഇല്ല; ഈ വർഷം കാലവർഷം കുറയാൻ സാധ്യത; എൽനിനോ കാരണം മഴയിൽ ഇടിവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണത്തേക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ വകുപ്പ്. ദക്ഷിണേന്ത്യയിൽ പൊതുവെ മഴ കുറയാനാണ് സാധ്യത. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് എടവപ്പാതി എന്നറിയപ്പെടുന്ന കാലവർഷം സാധാരണയായി ലഭിക്കുന്നത്.

എൽനിനോ പ്രതിഭാസമാണ് മഴക്കുറവിന് പ്രധാന കാരണം എന്നാണ് വിലയിരുത്തൽ. ജൂൺ-ജൂലൈ മാസങ്ങളോടെ എൽനിനോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പസഫിക് സമുദ്രത്തിലെ ജലതാപനില ഉയരുന്നത് ഇന്ത്യയിലെ കാലവർഷത്തെ ബാധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കേരളത്തിലെ മഴയും താപനിലയും ഇതിന്റെ സ്വാധീനത്തിൽ വരാമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്താകെ ദീർഘകാല ശരാശരിയുടെ ഏകദേശം 92 ശതമാനം മാത്രം മഴ ലഭിക്കാനാണ് സാധ്യത. 90 മുതൽ 95 ശതമാനം വരെയുള്ള മഴ ‘സാധാരണയിൽ താഴെ’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പ്രത്യേകിച്ച് എടവപ്പാതിയുടെ രണ്ടാം പകുതിയിൽ മഴ കുറയാൻ സാധ്യത കൂടുതലാണ്. ഇതിനകം തന്നെ സംസ്ഥാനത്ത് വേനൽമഴ കുറവാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കാലവർഷം എപ്പോൾ ആരംഭിക്കുമെന്ന് ഇതുവരെ വ്യക്തമായ പ്രവചനം നൽകിയിട്ടില്ല. 2016, 2024 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ ഉഷ്ണതരംഗങ്ങളും എൽനിനോയുമായി ബന്ധപ്പെട്ടവയായിരുന്നു.

ഇതിനിടെ, സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് കേരളത്തിൽ സാധാരണ തോതിലുള്ള മഴ ലഭിക്കാമെന്ന് പ്രവചിച്ചിട്ടുണ്ട്. ചൂട് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു

സംസ്ഥാനത്ത് വേനൽ ചൂട് കനക്കും; വൈദ്യുതി ഉപഭോഗം റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ ചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലെത്തി. ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഉപഭോഗം ഇത്രയും ഉയരുന്നത്. ഈ മാസത്തിലെ ഏറ്റവും ഉയർന്ന ഉപയോഗവും ഇന്നലെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.

അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുതൽ രൂക്ഷമാകുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് നിലവിലുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഇന്നലെ പാലക്കാട് 39.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

സൂര്യാഘാത സാധ്യത കണക്കിലെടുത്ത് പകൽ സമയത്ത് പുറത്തുപോകുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണം. നിർജലീകരണം ഒഴിവാക്കാൻ മതിയായ വെള്ളം കുടിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ പതിയാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് നിർദേശം.

സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത്  അദ്നാന്  വൈരാഗ്യമുണ്ടാക്കി

കോഴിക്കോട്:  പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16 കാരി നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയം നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരിയും സഹോദരനും വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിലും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

കുളത്തൂർ സ്വദേശിയായ അദ്‌നാനെ മുറിയിൽ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയിൽ കണ്ടെന്നാണ് മൊഴി. യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്‌നാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അദ്നാൻ പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്.

ലോൺ ആപ്പല്ല കാരണം; കോളജിൽ നടന്ന സംഭവങ്ങളാണ് സഹോദരന്റെ മരണത്തിന് പിന്നിലെന്ന് നിതിന്റെ സഹോദരി

തിരുവനന്തപുരം: വിദ്യാർത്ഥിയായ നിതിന്റെ മരണത്തിൽ ലോൺ ആപ്പിന്റെ ഭീഷണി കാരണമല്ലെന്ന് വ്യക്തമാക്കി സഹോദരി നിഖിത രംഗത്ത്. ലോൺ ആപ്പിനെക്കുറിച്ച് കുടുംബത്തിന് അറിയാമായിരുന്നുവെന്നും പണം തിരിച്ചടച്ചതായും അവർ വ്യക്തമാക്കി. റഫറൻസായി നൽകിയ നമ്പറുകൾ കുടുംബാംഗങ്ങളുടേതാണെന്നും, മറ്റ് ആരുടെയും നമ്പർ നൽകിയിട്ടില്ലെന്നും നിഖിത പറഞ്ഞു.

കോളജിൽ എന്തോ സംഭവിച്ചതാണ് മരണത്തിന് പിന്നിലെന്ന് നികിത ആരോപിച്ചു. നിതിൻ അതീവ ദേഷ്യത്തോടെ ഓഫീസിലേക്ക് പോകുന്നത് പലരും കണ്ടതായി സഹപാഠികൾ പറഞ്ഞതായും, ലോൺ ആപ്പിന്റെ പേരിൽ സംഭവം ചുരുക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ലെന്നും നിഖിത വ്യക്തമാക്കി.

ആവശ്യമായാൽ നിയമപരമായി അവസാനം വരെ പോരാടുമെന്നും, നിതിന് നീതി ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം എന്നും അവർ വ്യക്തമാക്കി. ആപ്പ് ലോണുമായി ബന്ധപ്പെട്ട ആരോപണങ്ങളെതിരെ തനിക്കു തെളിവുകൾ ഉണ്ടെന്നും, അധ്യാപികയുടെ നമ്പർ റഫറൻസായി നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. അത് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഹാക്കിംഗായിരിക്കാമെന്നും അവൾ സംശയം പ്രകടിപ്പിച്ചു.

കോളജിലെ ചില അധ്യാപകരുടെ മാനസിക പീഡനമാണ് സംഭവത്തിന് പിന്നിലെന്നും നിഖിത ആരോപിച്ചു. പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളും സമീപനങ്ങളും നിതിനെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ നിലപാട്.

മൂന്ന് മാസത്തോളം ഒറ്റയ്ക്ക് സിക്ക് റൂമിൽ കഴിയേണ്ടി വന്നിട്ടും ധൈര്യമായി നിന്നിരുന്ന നിതിൻ ചെറിയ കാരണങ്ങൾക്ക് ആത്മഹത്യ ചെയ്യില്ലെന്നും, സംഭവത്തിന്റെ യഥാർത്ഥ കാരണം പുറത്തുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ലയണ്‍സ് ക്ലബ് കൊച്ചിന്‍ ക്രൗണ്‍ സിറ്റി വൈറ്റില സംഘടിപ്പിക്കുന്ന തീരദേശോത്സവം;
കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് മോളി കണ്ണമാലിക്ക് ലയണ്‍സ് കലാമിത്ര പുരസ്‌കാരം

മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലയണ്‍സ് ക്ലബ് കൊച്ചിന്‍ ക്രൗണ്‍ സിറ്റി വൈറ്റില സംഘടിപ്പിക്കുന്ന തീരദേശോത്സവം
കൊച്ചി- ലയണ്‍സ് ക്ലബ് കൊച്ചിന്‍ ക്രൗണ്‍ സിറ്റി വൈറ്റില അടുത്ത വര്‍ഷം വിപുലമായ ‘തീരദേശോത്സവം’ സംഘടിപ്പിക്കുന്നു. ഫോര്‍ട്ട് കൊച്ചി, കണ്ണമാലി, ചെല്ലാനം തീരപ്രദേശങ്ങളിലെ കലാകാരന്മാരെ അണിനിരത്തി സംഘടിപ്പിക്കുന്ന ഉത്സവത്തിന്റെ മുന്നോടിയായി ഏപ്രില്‍ 14-ന് ലോകമലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ, ചവിട്ടുനാടക കലാരംഗത്തിലൂടെ ചലച്ചിത്രലോകത്ത് കടന്ന് വന്ന തീരദേശത്തിന്റെ അഭിമാനമായ മോളി കണ്ണമാലിയെ ചലച്ചിത്ര കലാരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ‘ലയണ്‍സ് കലാമിത്ര’ പുരസ്‌കാരം നല്‍കി ആദരിക്കും.

വൈകിട്ട് 3 മണിക്ക്  മുണ്ടംവേലി സെ. ലൂയിസ് പാരിഷ് ഹാളിൽ നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ തീരദേശത്തെ ചവിട്ടുനാടക കലാകാരന്മാരെയും പുരസ്‌കാരം നല്‍കി ആദരിക്കും.

നടനും എഴുത്തുകാരനും ലോക റെക്കോര്‍ഡ് ജേതാവുമായ സംവിധായകന്‍ ജോയ് കെ. മാത്യുവിന്റെ സഹകരണത്തോടെയാണ് ഫോര്‍ട്ട് കൊച്ചി, കണ്ണമാലി, ചെല്ലാനം തീരപ്രദേശങ്ങളിൽ ആദ്യമായി  തീരദേശോത്സവം സംഘടിപ്പിക്കുന്നത്.

ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ. ബി. ഷൈന്‍കുമാര്‍ അധ്യക്ഷനായിരിക്കുന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ജോയ് കെ. മാത്യുവിനൊപ്പം, ലയൺസ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി ലയൺ  സജി ചാമേലി,  ഡിസ്ട്രിക്റ്റ് ക്യാബിനറ്റ്  ട്രെഷർ ലയൺ വർഗീസ് ജോസഫ് തീരദേശോത്സവ കമ്മിറ്റി ചെയര്‍മാനും നടനും സംവിധായകനും ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ് കേരള സംസ്ഥാന ജനറൽ സെക്രട്ടറിയും ലയൺസ് ക്ലബ്‌ എക്സിക്യൂട്ടീവ് മെമ്പറുമായ ലയൺ പോളി വടക്കന്‍, ലയണ്‍സ് ക്ലബ് കൊച്ചിന്‍ ക്രൗണ്‍ സിറ്റി വൈറ്റില സെക്രട്ടറി ലയണ്‍ വിനീഷ്‌കുമാര്‍, ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ് കേരള സംസ്ഥാന പ്രസിഡന്റുമായ എ.പി. ജിനനും  ടെലിവിഷന്‍, ചലച്ചിത്ര, നാടക, സംഗീത,നൃത്ത മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.

അന്യം നിന്നുപോകുന്ന കലകളുടെ സംരക്ഷണ ദൗത്യം:

അടുത്ത വര്‍ഷം നടക്കുന്ന തീരദേശോത്സവത്തില്‍, അന്യം നിന്നുപോകുന്ന ചവിട്ടുനാടകം കൂടാതെ തീരദേശത്തിന്റെ മറ്റു തനത് കലകളുടെ കലാകാരന്മാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കും. തീരദേശത്തിന്റെ സമ്പന്നമായ കലാപാരമ്പര്യങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്ന സംരക്ഷണ ദൗത്യം ഉത്സവത്തിന്റെ പ്രധാന ഭാഗമാകും.

തീരജനങ്ങളുടെ ഐക്യത്തിന്റെ മഹോത്സവം

സമുദ്രജീവിതത്തിന്റെ വൈവിധ്യം, തീരദേശവാസികളുടെ സംസ്‌കാരവും കലാപാരമ്പര്യങ്ങളും, മത്സ്യതൊഴിലാളികളുടെ സ്ഥിരതയും സേവനങ്ങളും ആഘോഷിക്കുകയാണ് ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.

ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ഒരേയൊരു വലിയ കുടുംബമായി ഒന്നിച്ചുകൂടുന്ന ഈ മഹോത്സവം തീരദേശവാസികളുടെ ഐക്യത്തിന്റെയും സമുദ്രസ്‌നേഹത്തിന്റെയും പ്രതീകമായി മാറുമെന്ന് ലയൺസ്  ക്ലബ് പ്രസിഡന്റ് ലയണ്‍ നൗഷാദ് എസ്. എ. യും
ട്രഷറര്‍ ലയണ്‍ വിഷ്ണു ടി.വി.യും  അറിയിച്ചു.

ചടങ്ങിൽ തീരദേശോത്സവത്തിന്റെ ടൈറ്റിൽ പോസ്റ്റർ  റിലീസ് ചെയ്യും.തുടർന്ന് വനപാലകൻ ചവിട്ട് നാടകം അരങ്ങേറും.


 

വെള്ളമില്ല , കോട്ടയം മെഡിക്കൽ കോളേജിൽ  ശസ്ത്രക്രിയകൾ മാറ്റിവെച്ചു

കോട്ടയം: വെള്ളമില്ലാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ  ശസ്ത്രക്രിയകൾ മാറ്റിവെച്ചു.  ശുചിമുറികളിലേക്ക് അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ടാങ്കറുകളിൽ വെള്ളം എത്തിക്കും.

സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിൽ ആയതാണ് കാരണം. പമ്പുകൾ നന്നാക്കാനുള്ള പണികൾ ആരംഭിച്ചു.

പുതിയ സർജിക്കൽ ബ്ലോക്കിൻ്റെ എട്ടാം നിലയിലാണ് വാട്ടർ ടാങ്കുകൾ ഉള്ളത്. ഈ വാട്ടർടാങ്കറുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പുകളും മോട്ടോറുകളും ആണ് തകരാറിലായത്.

വെള്ളമില്ലാതായതോടെ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്ക്രിയകൾ മുടങ്ങിയിരിക്കുകയാണ്. 21ഓളം ശസ്ത്രക്രിയകളായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.

വെള്ളമില്ല , കോട്ടയം മെഡിക്കൽ കോളേജിൽ  ശസ്ത്രക്രിയകൾ മാറ്റിവെച്ചു

കോട്ടയം: വെള്ളമില്ലാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ  ശസ്ത്രക്രിയകൾ മാറ്റിവെച്ചു.  ശുചിമുറികളിലേക്ക് അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ടാങ്കറുകളിൽ വെള്ളം എത്തിക്കും.

സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിൽ ആയതാണ് കാരണം. പമ്പുകൾ നന്നാക്കാനുള്ള പണികൾ ആരംഭിച്ചു.

പുതിയ സർജിക്കൽ ബ്ലോക്കിൻ്റെ എട്ടാം നിലയിലാണ് വാട്ടർ ടാങ്കുകൾ ഉള്ളത്. ഈ വാട്ടർടാങ്കറുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പുകളും മോട്ടോറുകളും ആണ് തകരാറിലായത്.

വെള്ളമില്ലാതായതോടെ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്ക്രിയകൾ മുടങ്ങിയിരിക്കുകയാണ്. 21ഓളം ശസ്ത്രക്രിയകളായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ ഉറപ്പ്; പ്രത്യേക ഇളവുകളുമായി ഇറാൻ

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിന് ഉറപ്പുനൽകി ഇറാൻ. ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി.


അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനുനേരെ നാവിക ഉപരോധം കർശനമാക്കുന്നതിനിടയിലാണ് ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം ഇറാൻ വീണ്ടും ഊട്ടിയുറപ്പിക്കുന്നത്. ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.


ഇന്ത്യയും ഇറാനും തമ്മിലുള്ളത് ദീർഘകാലത്തെ വിശ്വസ്തമായ പങ്കാളിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയെ തങ്ങളുടെ മുൻഗണനാ രാജ്യങ്ങളുടെ പട്ടികയിലാണ് ഇറാൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
കടലിടുക്കിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുന്നുവെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഇതുവരെ ഒരു കപ്പലിൽ നിന്നും ഇറാൻ പണം ഈടാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി നീങ്ങാൻ ആവശ്യമായ ഗതിനിർണ്ണയ സഹായം നൽകാൻ ഇറാൻ സന്നദ്ധമാണ്. ഹോർമുസ് കടലിടുക്ക് ഇറാന്റെ സമുദ്രപരിധിയിൽ വരുന്നതാണെന്നും അദ്ദേഹം ആവർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ നടന്ന ചർച്ചകൾ ഈ തീരുമാനത്തിൽ നിർണ്ണായകമായി. ഇരുരാജ്യങ്ങളും ഒരേ താൽപ്പര്യങ്ങളും വിധിയുമാണ് പങ്കിടുന്നതെന്ന് അംബാസഡർ പറഞ്ഞു.


നിലവിൽ എൽപിജി വഹിച്ചുകൊണ്ടുള്ള ഒൻപതോളം ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ഈ പാത കടന്നുപോയിട്ടുണ്ട്. എന്നാൽ മറ്റ് 15 കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
മേഖലയിൽ യുഎസ് നാവിക ഉപരോധം നിലവിൽ വന്നതോടെ ചരക്ക് നീക്കം വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിൽ ഇറാന്റെ സഹായം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ആശ്വാസമാണ്.


ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെയും എൽപിജിയുടെയും പകുതിയോളം ഈ ഹോർമുസ് പാതയിലൂടെയാണ് വരുന്നത്. അതിനാൽ തന്നെ ഇവിടത്തെ തടസ്സങ്ങൾ ഇന്ത്യൻ വിപണിയെ സാരമായി ബാധിക്കും.
സമാധാന ചർച്ചകൾക്ക് ഇറാൻ തയ്യാറാണെങ്കിലും അമേരിക്കയുടെ അനാവശ്യ ഡിമാൻഡുകൾ അംഗീകരിക്കില്ലെന്ന് ഫതാലി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിക്ക് കാരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.