വിദ്യാര്‍ഥികളുടെ ‘ഇയര്‍ബാക്ക്’ ആശങ്ക സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ട്, പരിഹാരമുണ്ടാക്കാന്‍ ഇടപെടും: മന്ത്രി റോജി എം ജോണ്‍

0

കേരളത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കുമെന്നും അതുവഴി അവര്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് കുറയ്ക്കാനാകുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ നയം വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്റെ ബജറ്റ്. വിദേശസര്‍വകലാശാലകളെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ പരിഗണിക്കും. നമ്മുടെ കുട്ടികള്‍ക്ക് നല്ല എക്‌സ്‌പോഷന്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലകളുടെ അക്കാദമിക് കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. എന്നിരിക്കിലും ഇക്കാര്യത്തില്‍ സര്‍വകലാശാലകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുള്‍പ്പെടെ വിദ്യാര്‍ഥികളുടെ പരാതികളെല്ലാം പരിഹരിക്കും. അവര്‍ക്ക് പരാതി അറിയിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കുമെന്നും മന്ത്രി റോജി എം ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍-സര്‍ക്കാര്‍ ബന്ധവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ വിദ്യാര്‍ഥികളുടെ പൊതുനന്മയ്ക്കായുള്ള വിഷയങ്ങളില്‍ ലോക്ഭവനുമായി ഒന്നിച്ച് നില്‍ക്കും. എന്നാല്‍ വര്‍ഗീയത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി അക്കാദമിക് കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍വകലാശാലകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here