ആലുവയിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി ആകാൻ ഗണപതി ഹോമം നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

എറണാകുളം: വി.ഡി. സതീശൻ മുഖ്യമന്ത്രി ആകാൻ വേണ്ടി ഗണപതി ഹോമം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് വഴിപാടു ബുക്ക് ചെയ്തത്.

ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലാണ് പ്രത്യേക പൂജ നടത്തിയത്.ഗണപതിഹോമത്തിനൊപ്പം വി.ഡി. സതീശൻ്റെ വിജയത്തിനായി ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നീ വഴിപാടുകളും നടത്തി.

അതേസമയം, കേരളത്തിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കം തുടരുന്നതിനിടെ ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകളാണ് നടക്കുന്നത്. പദവിക്കായി അവകാശവാദം ഉന്നയിക്കുന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും.

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സിപിഐ; അങ്ങനെയൊന്നില്ലെന്ന് സിപിഎം

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഭരണഘടനാപരമായി അങ്ങനെയൊരു പദവിയില്ലെന്ന സി.പി.എം നിലപാടിനെ തള്ളിക്കൊണ്ടാണ് ബിനോയ് വിശ്വം രംഗത്തെത്തിയത്. സാങ്കേതിക തടസ്സങ്ങൾ പ്രശ്നമല്ലെന്നും മുൻപും ഇത്തരം വിഷയങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ കോടിയേരി ബാലകൃഷ്ണൻ വഹിച്ച പ്രതിപക്ഷ ഉപനേതാവ് പദവി ഇത്തവണ സിപിഐക്ക് വേണമെന്നാണ് അവരുടെ ആവശ്യം.

ഇക്കാര്യം തള്ളിയ സിപിഎം പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാപരമായി ഒരു പദവി ഇല്ലെന്നും നിയമസഭയിൽ കക്ഷി നേതാക്കൾ മാത്രമേ ഉള്ളൂവെന്നും സിപിഎമ്മിനെ അറിയിച്ചു.

ഇതോടെയാണ് സാങ്കേതികമായ തടസ്സങ്ങൾ പ്രശ്നമല്ലെന്നും ഇത്തരം പ്രശ്നങ്ങൾ നേരത്തെയും പരിഹരിച്ചിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐ സംസ്ഥാന സെക്രട്ടറി പരസ്യമായി ആവശ്യപ്പെട്ടത്.

രമേശ് പിഷാരടി കേരള മുഖ്യമന്ത്രി ആകട്ടെ, എന്താ കുഴപ്പം ?

രമേഷ് പിഷാരടി മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹവുമായി  നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായി ഷോബി തിലകൻ. ഓരോരുത്തർക്കും ആഗ്രഹിക്കാമല്ലോ എന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നാണ് നേതാക്കന്മാർ പറയുന്നതെന്നും ഷോബി പറഞ്ഞു.ആരെങ്കിലും മുഖ്യമന്ത്രിയാകുമെന്നും വരുന്നവർ നല്ലതായിരിക്കണമെന്നെ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മുഖ്യമന്ത്രി ആകണമെന്ന് ആര്‍ക്ക് വേണമെങ്കിലും ആഗ്രഹിക്കാമല്ലോ. നമ്മുടെ സിനിമാക്കാരുടെ ഒരു പ്രതിനിധി എന്ന നിലയില്‍ പിഷാരടിയെ മുഖ്യമന്ത്രി ആക്കിയാലോ. എന്താ കുഴപ്പം. നല്ലതല്ലേ?. ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നു. പിഷാരടി മുഖ്യമന്ത്രി ആകട്ടെ. അതാണ് പറഞ്ഞത് ഓരോരുത്തര്‍ക്കും ആഗ്രഹിക്കാം.

ആര്‍ക്ക് വേണമെങ്കിലും എന്തും ആഗ്രഹിക്കാം. ഓരോ നേതാക്കന്മാരും പറഞ്ഞിരിക്കുന്നതെന്താ ? ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേന്ന്. കോണ്‍ഗ്രസില്‍ അങ്ങനെ ഒരു കീഴ്വഴക്കം ഉണ്ടാകും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഒരു പ്രൊസിജ്യര്‍ ഉണ്ട്. അതിന്‍റെ ഭാഗമായി പലപല ചര്‍ച്ചകള്‍ നടക്കും.

ആരെങ്കിലുമൊക്കെ വരും. വരുന്നത് നല്ലതായിരിക്കണം. അത്രയെ ഉള്ളൂ”, എന്നായിരുന്നു ഷോബി തിലകൻ പറഞ്ഞത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ആകുകയായിരുന്നു അദ്ദേഹം. അതേസമയം, ആരാകും മുഖ്യമന്ത്രി എന്നത് വരും ദിവസങ്ങളില്‍ അറിയാനാകുമെന്നാണ് പ്രതീക്ഷ-  ഷോബി പറഞ്ഞു.

തമിഴകത്ത് ഇനി വിജയ് യുഗം; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് നാളെ മുഖ്യമന്ത്രിയായി അധികാരമേൽക്കും. നാളെ രാവിലെ 11 മണിക്ക് ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ നീണ്ടുനിന്ന നാലു ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഇതോടെ ശുഭപര്യവസാനമായിരിക്കുകയാണ്.

കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യ മറികടന്ന് 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയാണ് വിജയ് സർക്കാർ രൂപീകരിക്കുന്നത്. 108 എംഎൽഎമാരുള്ള ടിവികെയ്ക്ക് കോൺഗ്രസ് (5), സിപിഎം (2), സിപിഐ (2), വിസികെ (1), മുസ്ലിം ലീഗ് (2) എന്നീ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ്‌യുടെ പടയോട്ടത്തിന് വഴിതെളിഞ്ഞു. ആദ്യം കോൺഗ്രസും പിന്നാലെ ഇടത് പാർട്ടികളും വിസികെയും പിന്തുണക്കത്ത് കൈമാറിയതോടെയാണ് തമിഴകം വിജയ് ഭരിക്കുമെന്ന് ഉറപ്പായത്.

ഗവർണറെ മുൻനിർത്തി ജനാധിപത്യത്തെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ഇടത് പാർട്ടികൾ വിജയ്‌ക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, സിപിഎമ്മും സിപിഐയും മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വിസികെ മന്ത്രിസഭയിൽ ചേരും. വിസികെ നേതാവ് തിരുമാവളവൻ മന്ത്രിയാകുമെന്ന് ഉറപ്പായി. കോൺഗ്രസ് മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ തീരുമാനമെടുത്താൽ ലീഗും സർക്കാരിന്റെ ഭാഗമായേക്കും. തമിഴ് മണ്ണിൽ പുതിയൊരു വിപ്ലവത്തിന് നാളെ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിക്കും

നയിക്കാൻ അറിയാമെങ്കിൽ ഭരിക്കാനും അറിയാം; വി.ഡി.സതീശന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി

തിരുവനന്തപുരം: യുഡിഎഫിൽ മുഖ്യമന്ത്രിപദത്തിനായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കേരളത്തിലുടനീളം വി.ഡി. സതീശനെ അനുകൂലിച്ച് പ്രവർത്തകരുടെ പ്രകടനം. ‘നയിക്കാൻ അറിയാമെങ്കിൽ ഭരിക്കാനും അറിയാം’, ‘നിലപാടുകളുടെ രാജകുമാരന് സ്വാഗതം’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത്.

വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരത്തിൽ പ്രകടനം നടന്നു. പേരാമ്പ്രയിലും,തൃശൂരിലും പ്രവർത്തകരുടെ റാലി നടന്നു. എറണാകുളം മരടിൽ ‘കണ്ണേ കരളേ വി.ഡി.എസ്സേ’ എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ റോഡിലിറങ്ങിയത്.

കാസർഗോഡ് തൃക്കരിപ്പൂരിൽ വി.ഡി.സതീശനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തി. തൃക്കരിപ്പൂർ ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ്‌ പ്രവർത്തകർ വി.ഡി. സതീശന് മുദ്രാവാക്യം വിളിച്ച് ഇറങ്ങിയത്. കോഴിക്കോട് ജില്ലയുടെ വിവിധ ഇടങ്ങളിൽ ഇന്ന് സതീശനെ അനുകൂലിച്ച് പ്രകടനം നടന്നു. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് പ്രകടനം നടത്തിയത്.

കൂടാതെ, പെരുമ്പാവൂരിലും വി.ഡി. സതീശന് വേണ്ടി അണികൾ തെരുവിലിറങ്ങി.നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്. ‘പട നയിച്ചവൻ നാട് ഭരിക്കട്ടെ’ എന്ന് ആഹ്വാനം ചെയ്താണ് പ്രകടനം. കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും വി.ഡി അനുകൂല പ്രകടനം നടന്നു. വി.ഡി. സതീശൻ അനുകൂലികളുടെ പ്രകടനം മാത്രമല്ല രാവിലെ മുതൽ സംസ്ഥാനത്തിൻ്റെ പലയിടത്തും ഫ്ളക്സ് ബോർഡും ഉയർന്നു വന്നിരുന്നു.

കാലാവധി തീരുന്നതിന് മുമ്പേ പടിയിറങ്ങി സച്ചിദാനന്ദൻ; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു

കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഈ മാസം 31-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞത്. തൃശൂരിലെ അക്കാദമി ആസ്ഥാനത്തെത്തി നേരിട്ടാണ് രാജിക്കത്ത് സമർപ്പിച്ചത്.

2022 മാർച്ചിലാണ് സച്ചിദാനന്ദൻ അധ്യക്ഷനായി ചുമതലയേറ്റത്. ഭരണ മാറ്റത്തിന്റെ ഭാഗമായിട്ടാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രവർത്തന കാലയളവിൽ പല വിഷയങ്ങളിലും സംസ്ഥാന സർക്കാരിനെയും ഭരണരീതികളെയും വിമർശിക്കുന്ന നിലപാട് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

“അധികാരം പാർട്ടിയെ നശിപ്പിക്കും”, “മാറിമാറിയുള്ള ഭരണമാണ് ജനാധിപത്യത്തിന് നല്ലത്” തുടങ്ങിയ അദ്ദേഹത്തിന്റെ പരാമർശങ്ങൾ നേരത്തെ വലിയ രാഷ്ട്രീയ-സാംസ്കാരിക ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അതേസമയം, പത്തുവർഷത്തിനുശേഷം വിവിധ സാംസ്കാരിക അക്കാദമികളിൽ നേതൃത്വമാറ്റത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. , തുടങ്ങിയ സ്ഥാപനങ്ങളിലെയും ഭാരവാഹികൾ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്നതായാണ് വിവരം.

 English Summary

Malayalam poet K. Satchidanandan resigned as president of the Kerala Sahitya Akademi before completing his term, which was set to end on May 31. He submitted his resignation directly at the Akademi headquarters in Thrissur. Satchidanandan, who took charge in March 2022, said the resignation was part of an administrative transition. During his tenure, he often made critical remarks against the government and political power structures. Reports also indicate possible leadership changes in other cultural academies in Kerala.

പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ല; ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍

മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയതെന്ന രീതിയില്‍ പുറത്തുവന്ന ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും പറഞ്ഞു.

ആ ചിത്രത്തിലേത് യഥാര്‍ഥ വിവരമല്ല. കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങള്‍ അല്ല അതില്‍ പ്രതിഫലിക്കുന്നത്. തെറ്റായ പട്ടികയാണ്. ഏറെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയെ നിര്‍ണയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എപ്പോള്‍ പ്രഖ്യാപിക്കണം എന്നത് കോണ്‍ഗ്രസ് ഹൈക്കമാന്റിന് അറിയാം – മുകുള്‍ വാസ്‌നിക് പറഞ്ഞു

ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഒറ്റ വരി പ്രമേയം പാസാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. നിയമസഭാ കക്ഷി നേതാവിനെ(മുഖ്യമന്ത്രി ) തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് കോണ്‍ഗ്രസ് അധ്യക്ഷന് നല്‍കിയത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഘടകങ്ങള്‍ പരിശോധിച്ചു എന്ന് നിരീക്ഷകര്‍ പറഞ്ഞു. എംഎല്‍എമാരുടെ പിന്തുണ, ഘടക കക്ഷികളുടെ നിലപാട്, ജനവികാരം എന്നിവയാണ് പരിഗണിച്ചത്. മൂന്ന് നേതാക്കളുമായി നേതൃത്വം ഇന്ന് ഫോണില്‍ സംസാരിക്കും എന്നും സൂചനയുണ്ട്. നാളെ ഡല്‍ഹിക്ക് വിളിപ്പിക്കും. ഞായറാഴ്ച പ്രഖ്യാപനം നടത്തും.

നിരീക്ഷകര്‍ സംസ്ഥാനത്തുണ്ടായിരുന്നപ്പോള്‍ നടന്ന പ്രകടനങ്ങളെ ഹൈക്കമാന്‍ഡിനോടുള്ള വെല്ലുവിളിയായിട്ടാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.

വിജയ്ക്ക് സിപിഐഎം പിന്തുണ?; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

വിജയ്ക്ക് പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച് സിപിഐഎം. വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലപാടാണ് സ്വീകരിക്കാൻ പോകുന്നത്. പ്രഖ്യാപനം വൈകിട്ട് തമിഴ്നാട് ഘടകം നടത്തും. ഇന്ന് വൈകിട്ട് തീരുമാനം ഉണ്ടാകും.

സിപിഎം സിപിഐ തമിഴ്നാട് ഘടകങ്ങൾ വൈകിട്ട് പ്രഖ്യാപനം നടത്തുമെന്ന് എം എ ബേബി വ്യക്തമാക്കി. ഇടത് പാർട്ടികൾ പിന്തുണ നൽകിയേക്കും.വിജയ് ഇടത് പാർട്ടികളോട് നേരത്തെ പിന്തുണ തേടിയിരുന്നു. സംസ്ഥാന നേതൃത്വത്തോട് ഉചിതമായ തീരുമാനമെടുക്കാനാണ് അറിയിച്ചതെന്നും എം എ ബേബി വ്യക്തമാക്കി.

ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിന്‌ എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല. ജനവിധിയും ജനാധിപത്യവും അട്ടിമറിക്കാൻ പാടില്ല.ഇതുറപ്പാക്കുന്നതിന്‌ ആവശ്യമായ ചർച്ചയാണ്‌ നടത്തിയത്‌. ടിവികെയെ സർക്കാർ രൂപീകരണത്തിനായി എത്രയും വേഗം ക്ഷണിക്കണം.

ഗവർണർ ജനാധിപത്യരീതിയിൽ മുന്നോട്ടുപോകണം. ഇതിന്‌ വിരുദ്ധമായി നീങ്ങുന്നത്‌ സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ടിവികെ അധ്യക്ഷൻ വിജയ്, വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറെ കാണും. സർക്കാർ രൂപീകരിയ്ക്കാനുള്ള അനുമതി തേടും. വൈകിട്ട് നാലരയ്ക്ക് ലോക്ഭവനിലാണ് കൂടികാഴ്ച. മൂന്നാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്.

മുഖ്യമന്ത്രി പദവി വി.ഡി. സതീശന്?; കെ.സി. വേണുഗോപാലിനോട് പിന്മാറാൻ ഹൈക്കമാൻഡ് നിർദേശിച്ചതായി സൂചന

തിരുവനന്തപുരം: കോൺഗ്രസിലെ നീണ്ടുനിന്ന മുഖ്യമന്ത്രി ചർച്ചകൾക്ക് ഒടുവിൽ വി ഡി സതീശൻ മുഖ്യമന്ത്രിയാകാനാണ് സാധ്യതയെന്ന സൂചനകൾ ശക്തമാകുന്നു. കെ സി വേണുഗോപാൽ സ്വയം പിന്മാറണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന നിർണായക യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നതെന്നാണ് വിവരം. കേരളത്തിൽ വി.ഡി. സതീശന് അനുകൂലമായ ശക്തമായ ജനവികാരം ഉണ്ടെന്ന വിലയിരുത്തലാണ് എഐസിസി നിരീക്ഷക സംഘം സമർപ്പിച്ച റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

അതേസമയം, ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന വിവരവും ഹൈക്കമാൻഡിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി ഐക്യവും പൊതുവികാരവും കണക്കിലെടുത്ത് കെ.സിയോട് പിന്മാറാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

ഘടകകക്ഷികളുമായി നടത്തിയ ചർച്ചകളിലും വി.ഡി. സതീശന് കൂടുതൽ പിന്തുണ ലഭിച്ചിരുന്നുവെന്നാണ് വിവരം. അഞ്ചു വർഷം പ്രതിപക്ഷത്തെ നയിച്ച നേതാവെന്ന നിലയിലും പാർട്ടി പ്രവർത്തകരുടെ പൊതുവികാരം അദ്ദേഹത്തിന് അനുകൂലമാണെന്ന വിലയിരുത്തലും നിർണായകമായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെ പിന്തുണച്ച് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതും ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പ് സാഹചര്യം ഒഴിവാക്കണമെന്ന രാഷ്ട്രീയ കണക്കുകൂട്ടലും പരിഗണിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം, രമേശ് ചെന്നിത്തലയുടെ പേരും ഇപ്പോഴും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെ.സി. വേണുഗോപാൽ പിന്മാറുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന്തുണ ആര്‍ക്കായിരിക്കും എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക്; മൂന്നു നേതാക്കളേയും ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന മൂന്ന് നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു.നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും.

വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ദില്ലിക്ക് പുറപ്പെടും. നിലവിൽ കെസി വേണുഗോപാൽ ദില്ലിയിൽ തുടരുകയാണ്.

അതേസമയം, മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി ചർച്ച നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കെസി വേണുഗോപാലിനാണ് എംഎൽഎമാരിൽ ഭൂരിപക്ഷത്തിൻറെയും പിന്തുണയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്ക് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സൗജന്യ ബസ് യാത്രാ പ്രഖ്യാപനം; സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി കെഎസ്ആർടിസി.ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി കണക്കെടുപ്പ് തുടങ്ങി. 

കണക്കെടുക്കുന്നതിനായി ടിക്കറ്റ് മെഷീനിൽ പുതിയതായി ഒരു ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതിലൂടെ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്താൻ കഴിയും.കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഈ ടിക്കറ്റിങ്ങിലൂടെ മനസിലാക്കാൻ സാധിക്കും. ഇത്തരത്തിൽ കെഎസ്ആർടിസി പ്രതിദിന സ്ത്രീ യാത്രക്കാരുടെ കണക്ക് എടുക്കുന്നുണ്ട്. ഈ കണക്കെടുക്കുന്നതിലൂടെ കൃത്യമായ പദ്ധതി രൂപീകരിക്കാൻ കോൺഗ്രസിന് സാധിക്കും.

അതേസമയം, ഇന്ദിരാ ഗ്യാരന്‍റി എന്ന പേരിൽ കോൺഗ്രസ് അവതരിപ്പിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര.

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്നോടിയായി ഉള്ള നടപടിക്രമമാണിത്. പുതിയ സര്‍ക്കാര്‍ 2026 മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മമതാ ബാനര്‍ജി ഇതുവരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ല.

ബംഗാളില്‍ തോല്‍വി അംഗീകരിക്കില്ലെന്നും താന്‍ രാജി വയ്ക്കില്ലെന്നുമായിരുന്നു മമതാ ബാനര്‍ജിയുടെ നിലപാട്. നൂറിലേറെ സീറ്റുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മോഷ്ടിച്ചതാണെന്നും ഇന്ത്യാസഖ്യം കൂട്ടായ പോരാട്ടത്തിനിറങ്ങുമെന്നും മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ പ്രഖ്യാപിച്ചിരുന്നു.

താനും പാര്‍ട്ടിയും തോറ്റിട്ടില്ലെന്നാണ് മമതാ ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.എസ്‌ഐആര്‍ വഴി ലക്ഷക്കണക്കിന് പേരുടെ വോട്ട് വെട്ടി.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടു. നൂറിലേറെ സീറ്റില്‍ നടന്നത് തിരിമറിയാണ്.വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തന്നെയടക്കം മര്‍ദ്ദിച്ചു. സിആര്‍പിഎഫ് കേന്ദ്ര സര്‍ക്കാരിന്റെ ഗുണ്ടാ സംഘം ആയി പ്രവര്‍ത്തിച്ചു. ജുഡീഷ്യറിയും തിരഞ്ഞെടുപ്പ് കമ്മീഷനും പക്ഷപാതം കാണിക്കുകയാണ് എന്നും മമത ആരോപിച്ചു. താന്‍ രാജി വയ്ക്കുന്ന ചോദ്യം ഉദിക്കുന്നില്ല. ലോക്ഭവനിലേക്ക് ഇല്ല. ഇന്ത്യാസഖ്യ നേതാക്കള്‍ പിന്തുണ അറിയിച്ചു. പോരാട്ടത്തിനായി ഇന്ത്യാ സഖ്യത്തെ ശക്തമാക്കാനാണ് നീക്കം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ മമതയുടെ അധികാരങ്ങള്‍ ഇല്ലാതാവും.

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും; റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന

ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ.ക്രൂ അംഗങ്ങളുടെ ആരോഗ്യഅവസ്ഥ കപ്പൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോർട്ട് തേടി. മെയ് 11 ന് കപ്പൽ സ്പെയിനിലെ കാനറി ഐലൻഡിലെത്തുമ്പോൾ എല്ലാ യാത്രക്കാരെയും പുറത്തെത്തിക്കും. കപ്പലിൽ ഉള്ളത് 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് ഉള്ളത്.

ഹാൻറ്റാ വൈറസിന്റെ ആൻഡീസ് സ്‌ട്രെയിൻ ആണ് കപ്പലിൽ സ്ഥിരീകരിച്ചത്. എലികളുടെ ഉണങ്ങിയ കാഷ്ഠത്തിൽ നിന്നും മൂത്രത്തിൽ നിന്നുമുള്ള പൊടി വായുവിലൂടെ എത്തിയാണ് മനുഷ്യരിലേക്ക് ഹാൻറ്റാ വൈറസ് പകരുന്നത്. വൈറസ് ശരീരത്തിൽ എത്തിയാൽ ഒന്നു മുതൽ എട്ടാഴ്ചയ്ക്കുള്ളിലാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. രോഗബാധിതനുമായി അടുത്ത ബന്ധം പുലർത്തിയാൽ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു. അർജന്റീനയിൽ നിന്നും ഏപ്രിൽ ഒന്നിനാണ് കപ്പൽ പുറപ്പെട്ടത്.

ഏപ്രിൽ 11ന് ഡച്ചുകാരനായ ഒരു യാത്രികൻ കപ്പലിൽ മരിച്ചെങ്കിലും മരണകാരണം കണ്ടെത്താനായില്ല.പിന്നീട് ഏപ്രിൽ 24ന് മൃതദേഹം സെന്റ് ഹെലനയിൽ ഇറക്കിയശേഷം ഡച്ചുകാരന്റെ ഭാര്യയും വൈറസ് ബാധയാൽ മരിച്ചു. ഏപ്രിൽ 27ന് അസുഖബാധിതനായ മറ്റൊരു യാത്രികനെ ദക്ഷിണാഫ്രിക്കയിൽ ഇറക്കിയിരുന്നു. ഇയാളിലാണ് ആദ്യമായി ഹാൻറ്റാ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മെയ് 2ന് കപ്പലിൽ മറ്റൊരു യാത്രികൻ കൂടി മരിച്ചു. രോഗബാധിതരായ മറ്റ് മൂന്നു പേരെ എയർ ആംബുലൻസിൽ കപ്പലിനു പുറത്തെത്തിച്ചിട്ടുണ്ട്. സ്‌പെയിനിലെ കാനറി ഐലണ്ടിൽ മെയ് 11ന് കപ്പൽ അടുക്കുമ്പോൾ എല്ലാ യാത്രികരെയും പുറത്തെത്തിക്കും.

ജനങ്ങൾ ഇന്ന് ആഗ്രഹിക്കുന്നു, വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം: രാഹുൽ ഗാന്ധിക്ക് കത്തെഴുതി ആറാട്ടണ്ണൻ

കൊച്ചി: കോൺഗ്രസ് നേതാവ് വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തെഴുതി സോഷ്യൽ മീഡിയ താരം സന്തോഷ് വർക്കി.

കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ ഇന്ന് ആഗ്രഹിക്കുന്നത് വി.ഡി. സതീശൻ നമ്മുടെ മുഖ്യമന്ത്രി ആകണം എന്നാണെന്ന് സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് രാഹുൽ ഗാന്ധിക്കയച്ച കത്തിൽ പറയുന്നു.

ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു മാറ്റം കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കുമെന്നും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ജനഹിതം മാനിക്കപ്പെടണം. ജനാധിപത്യം വിജയിക്കണം- സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഇടപെടുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഈ നാട്ടിലെ ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.  നിലവിലെ ഭരണകൂടത്തെ നേരിടാനും ദീർഘവീക്ഷണമുള്ള ഒരു ബദൽ നൽകാനും കഴിയുന്ന നേതാവായി കേരളത്തിലെ ജനങ്ങൾ വി.ഡി. സതീശനെ അംഗീകരിക്കുന്നുണ്ട്.

ഒരു ജനാധിപത്യ സംവിധാനത്തിൽ, പാർട്ടിയുടെ തീരുമാനം ജനവികാരത്തിന് അനുസൃതമായിരിക്കണം. ഹൈക്കമാൻഡോ പാർട്ടിയോ ഈ ജനകീയ ആവശ്യത്തിൽ നിന്ന് വ്യത്യസ്തമായ ഒരു തീരുമാനമെടുത്താൽ, പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോയി എന്ന തോന്നൽ ഉണ്ടാക്കിയേക്കാമെന്നും ആറാട്ടണ്ണൻ കത്തിൽ പറയുന്നു.

ലോകം മുഴുവൻ ഇന്ത്യയുടെ കൈപ്പിടിയിൽ; വൻശക്തികളെ വിറപ്പിക്കാൻ അഗ്നി-6 മിസൈൽ വരുന്നു

ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഡിആർഡിഒ പുതിയ മിസൈൽ വികസിപ്പിക്കുന്നു. അഗ്നി പരമ്പരയിലെ ഏറ്റവും കരുത്തുറ്റ മിസൈലായ അഗ്നി-6 ഉടൻ യാഥാർത്ഥ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ മിസൈൽ പ്രവർത്തനസജ്ജമാകുന്നതോടെ ലോകത്തിന്റെ ഏത് കോണിലും പ്രഹരം ഏൽപ്പിക്കാൻ ഇന്ത്യക്ക് സാധിക്കും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിഭാഗത്തിലാണ് അഗ്നി-6 ഉൾപ്പെടുന്നത്.

ഏകദേശം പതിനായിരം മുതൽ പന്ത്രണ്ടായിരം കിലോമീറ്റർ വരെ ദൂരപരിധി ഈ മിസൈലിന് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത്രയും വലിയ ദൂരപരിധിയുള്ള മിസൈൽ സ്വന്തമാക്കുന്നതോടെ ഇന്ത്യ ആഗോള പ്രതിരോധ ഭൂപടത്തിൽ മുൻനിരയിലെത്തും.

അഗ്നി-6 മിസൈലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കൃത്യതയാണ്. ശത്രുക്കളുടെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ ഇതിന് പ്രത്യേക കഴിവുണ്ട്.

ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ എന്നാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്.

അണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയും ഈ മിസൈലിനുണ്ടാകും. ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ നയത്തിന് വലിയ കരുത്ത് പകരും.

അമേരിക്കയും ചൈനയും റഷ്യയും ഉൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങളുടെ കൈവശം മാത്രമാണ് നിലവിൽ ഇത്തരം മിസൈലുകൾ ഉള്ളത്. ഇന്ത്യ കൂടി ഈ പട്ടികയിലേക്ക് എത്തുന്നതോടെ ഏഷ്യൻ മേഖലയിലെ ശക്തി സമവാക്യങ്ങൾ മാറും.

മിസൈലിന്റെ ഭാരം കുറയ്ക്കാനായി പ്രത്യേക തരം കാർബൺ കോമ്പോസിറ്റ് സാമഗ്രികളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഇത് മിസൈലിന്റെ വേഗതയും ദൂരപരിധിയും വർദ്ധിപ്പിക്കാൻ സഹായിക്കും.

കടലിൽ നിന്നും കരയിൽ നിന്നും ഒരേപോലെ വിക്ഷേപിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. സമുദ്രത്തിനടിയിലുള്ള സബ്മറൈനുകളിൽ നിന്ന് വിക്ഷേപിക്കാനുള്ള ശേഷി ശത്രുക്കൾക്ക് ഇതൊരു വലിയ പേടിസ്വപ്നമാക്കും.

മിസൈൽ പരീക്ഷണത്തിനായുള്ള പ്രാഥമിക ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നു. വരും വർഷങ്ങളിൽ തന്നെ അഗ്നി-6 വിക്ഷേപണം നടന്നേക്കും.

ചൈനയുടെ ഏത് കോണിലും പ്രഹരശേഷിയുള്ള മിസൈലുകൾ ഇപ്പോൾ തന്നെ ഇന്ത്യയുടെ കൈവശമുണ്ട്. എന്നാൽ അഗ്നി-6 വരുന്നതോടെ യൂറോപ്പും അമേരിക്കയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഇന്ത്യയുടെ പരിധിയിലാകും.

സ്വയംപര്യാപ്ത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്. വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് ഇതിലൂടെ തെളിയുന്നു.

രാജ്യത്തിന്റെ അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കാൻ ഈ മിസൈൽ സഹായിക്കും. ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇത്തരം സൈനിക മുന്നേറ്റങ്ങൾ അനിവാര്യമാണ്.

ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് അഗ്നി പരമ്പരയിലെ മിസൈലുകൾ ഇത്രയും വലിയ വിജയമായത്. അഗ്നി-6 കൂടി വരുന്നതോടെ പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യ ചരിത്രം കുറിക്കും.