പന്തീരാങ്കാവിൽ യുവാവ് സ്വയം വെടിവെച്ച് മരിച്ച നിലയിൽ! ഫോൺ പരിശോധനയ്ക്ക്; സുഹൃത്തുക്കളുടെ മൊഴിയെടുക്കും

0

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. മനാൽ ഹൗസിൽ കാർത്തിക് (19) ആണ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. വീടിന്റെ മുകൾ നിലയിൽ വെച്ചാണ് യുവാവ് സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ കാർത്തിക്കിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് നെറ്റിയിലേക്ക് വെടിവെച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സ്ഥലത്തെത്തിയ പന്തീരാങ്കാവ് പൊലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർത്തിക്കിന്റെ സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കുകയും മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമായിരുന്നു കാർത്തിക്.

English Summary
A 19-year-old youth died by suicide in Kozhikode’s Pantheerankavu after allegedly shooting himself with a licensed firearm. The incident occurred at his residence on Tuesday evening. Police have launched an investigation, and the motive behind the suicide remains unclear.

പ്രധാനമന്ത്രിയെ  കണ്ട് മുഖ്യമന്ത്രി; റെയില്‍വേ, എയിംസ്, ദേശീയപാത തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ വികസനം ഉള്‍പ്പെടെ കൂടിക്കാഴ്ചയയില്‍ ചര്‍ച്ചയായതായി വിവരം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കും.

ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 40 മിനിറ്റോളം നീണ്ടു. മുഖ്യമന്ത്രിയായതിനു ശേഷം വി ഡി സതീശന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. റെയില്‍വേ, എയിംസ് ദേശീയപാത വികസനം തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസനവും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും ചര്‍ച്ചയായതായി ആണ് വിവരം.

കേരളത്തിന്റെ തനത് കലായായ കഥകളി രൂപം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കി. ചീഫ് സെക്രട്ടറി എ ജയതിലക് , മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ , ഛടഉ എന്‍ എസ് കെ ഉമേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നസാഹചര്യത്തില്‍ നേരിടുന്ന കൂടിക്കാഴ്ച നിര്‍ണായകമാണ്. നാളെ ആഭ്യന്തര മന്ത്രി അമിത്ഷായുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും .

‘സസ്പെൻഷൻ നടപടിയിൽ സന്തോഷം; കലാപാഹ്വാനം നടത്തിയത് മുൻ മുഖ്യമന്ത്രി’; എ ഡി തോമസ്

ഗൺമാൻ ഉൾപ്പെടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടിയിൽ സന്തോഷമെന്ന് മർദനമേറ്റ എ ഡി തോമസ് എംഎൽഎ. പരാതി സ്വീകരിക്കാൻ പോലും തയ്യാറാകാതിരുന്ന ഒരു പൊലീസ് സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്നും എ ഡി തോമസ് പറഞ്ഞു.

മുൻ മുഖ്യമന്ത്രിയാണ് പിന്നീട് കലാപാഹ്വാനം നടത്തിയത്. ലോകോത്തോട് മുഴുവൻ കള്ളം പറഞ്ഞ ഒരു മുഖ്യമന്ത്രിയായിരുന്നു ഉണ്ടായിരുന്നത്. അന്വേഷണ റിപ്പോർട്ട്‌ തിരുത്തി എന്ന് നേരത്തെ പറഞ്ഞതാണെന്ന് എ ഡി തോമസ് പറഞ്ഞു. അനിൽകുമാർ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നീ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. കേസിനു പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണെന്നാണ് ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൻ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.


അതേസമയം കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതി എസ്ഐടി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പൂർണമല്ലെന്ന് പറഞ്ഞു. ജാമ്യമുള്ള വകുപ്പ് ആണോ എന്ന് വ്യക്തമാക്കാൻ ആണ് ആവശ്യപ്പെട്ടത്. ഭാവിയിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്താനുള്ള സാധ്യത ഉണ്ടെന്ന് പോലും റിപ്പോർട്ടിൽ ഇല്ല. എങ്ങനെ മുൻകൂർ ജാമ്യഹർജി പരിഗണിക്കും എന്നും കോടതി ചോദിച്ചു. നിലവിൽ ജാമ്യമില്ലാ കുറ്റങ്ങളില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിന് മുൻകൂർ ജാമ്യമെന്ന് കോടതി ചോദിച്ചു. മുൻകൂർ ജാമ്യ ഹർജി കോടതി തീർപ്പാക്കി.

‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെയാണ് നടപടി.

പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടി. അനില്‍കുമാര്‍, സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും.

കേസിന്റെ പുനരന്വേഷണത്തില്‍ പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഉദ്യോഗസ്ഥനെ കോടതി ശകാരിച്ചു. പ്രത്യേക അന്വേഷണ സംഘമല്ല ആരായാലും അന്വേഷണ റിപ്പോര്‍ട്ടില്ലാതെ എങ്ങനെ കേസ് പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. ശേഷം കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ വകുപ്പുകള്‍ ചേര്‍ത്ത റിപ്പോര്‍ട്ടാണ് എസ്ഐടിക്ക് ഇന്ന് സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങള്‍ പോലും കോടതിയെ ധരിപ്പിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രധാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതും കോടതിയെ ഇന്ന് ചൊടിപ്പിച്ചു.

അതേസമയം, ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേസിനു പിന്നില്‍ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താന്‍ വിട്ടയക്കണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അതേസമയം കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന ആരോപണം എഡിജിപി എംആര്‍ അജിത്ത് കുമാര്‍ തള്ളി. അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും തിരുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനോടകം എസ്ഐടിയ്ക്ക് നല്‍കിയ മൊഴി. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എ ഡി ജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന്  സ്റ്റേ

കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ റദ്ദാക്കിയത്. തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് ആണ് റദ്ദാക്കിയത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിരുന്നു. ഈ മാസം 18 മുതല്‍ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം ആരംഭിച്ചിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കുകയും ഇവര്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.

എന്നാല്‍, ഇതിന് പിന്നാലെ കേസ് നിലവിലെ കോടതിയില്‍ നിന്ന് മാറ്റാന്‍ പ്രതിഭാഗം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ പ്രതികളുടെ അഭിഭാഷകര്‍ വിസമ്മതിച്ചു. 

ആകാശ് തില്ലങ്കേരി (31), റജില്‍ രാജ് (32), എ. ജിതിന്‍ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്‌കര്‍ (34) എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. കെ. ബൈജു (44), പി.പി. അന്‍വര്‍ സാദത്ത് (31), കെ. അഖില്‍ (31), കെ. സഞ്ജയ് (29), കെ. രജത് (30), കെ.വി. സംഗീത് (30), പി.കെ. അഭിനാഷ് (27), സി. നിജില്‍ (35), കെ.പി. പ്രശാന്ത് (56), എ.പി. സിനീഷ് (37), എ.കെ. സുബീന്‍ (33), വി. പ്രജിത്ത് (34) എന്നിവരാണ് മറ്റ് പ്രതികള്‍.

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 77.97

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം.സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്.

ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി.

4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും.

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന്‍ സീറോയുമായി സര്‍ക്കാര്‍

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ചചെയ്യും.

പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കര്‍മ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴി പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്റെ പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ്. ജൂണ്‍ ഒന്നുമുതലാണ് ഓപ്പറേഷന്‍ തൂഫാന്‍ ദ നര്‍ക്കോ ഹണ്ട് എന്ന പേരിലുള്ള ലഹരിവിരുദ്ധ നടപടികളിലേക്ക് പൂര്‍ണ്ണ തോതില്‍ സര്‍ക്കാര്‍ കടക്കുക. മയക്കുമരുന്ന് പ്രചരണം ശക്തമാകുന്ന സാഹചര്യത്തിലാണ് മയക്കുമരുന്നിന്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ഇതിനെതിരെ പുതിയ പദ്ധതി ആരംഭിക്കുന്നത്.

മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുക,പ്രചരിപ്പിക്കുന്ന ആളുകളെ നിരീക്ഷിക്കുക, എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ മയക്കുമരുന്നിന്റെ വേരുകള്‍ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടെന്നും അത് കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി കൂടിയാലോചനകള്‍ നടത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി; യുവതി ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വെന്റിലേറ്ററിലൂടെ പുറത്തേക്കെറിഞ്ഞു

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നാടകീയ സംഭവങ്ങള്‍. ശക്തമായ വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായെത്തിയ യുവതി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു. പ്രസവത്തിന് തൊട്ടുപിന്നാലെ യുവതി നവജാതശിശുവിനെ ശുചിമുറിയുടെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ആശുപത്രി പരിസരത്ത് നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട ജീവനക്കാരും സുരക്ഷാ ജീവനക്കാരും നടത്തിയ തിരച്ചിലിലാണ് വെന്റിലേഷന് പുറത്ത് താഴെ വീണുകിടക്കുന്ന നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.

അവിവാഹിതയായ യുവതി വീട്ടുകാര്‍ക്കൊപ്പമാണ് വയറുവേദനയ്ക്കുള്ള ചികിത്സ തേടി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് പോലും അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്തിയ ശേഷം അടിയന്തരമായി ശുചിമുറിയില്‍ കയറിയ യുവതി അവിടെവെച്ച് പ്രസവിക്കുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി അമ്മയെയും കുഞ്ഞിനെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിദ്യാർത്ഥി സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം:  തിരുവനന്തപുരം പാളയത്ത് ഉണ്ടായ വിദ്യാർത്ഥി സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പോലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു.

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.

  കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

സംഭവത്തിൽ ആഷിഖ്, അർജുൻ, വൈഭവ് ചാക്കോ, ഹരികൃഷ്ണൻ എന്നീ എസ്.എഫ്.ഐ പ്രവർത്തകർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

ഇന്നലെ രാവിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനായ അഭിജിത്ത് സജിയോട് എസ്.എഫ്.ഐ പ്രവർത്തകർ ഐഡി കാർഡ് ആവശ്യപ്പെടുകയും അത് നൽകാത്തതിനെ തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

അഭിജിത്തിനെ അസഭ്യം വിളിക്കുകയും മതിലിനോട് ചേർത്തുനിർത്തി മുഖത്തും തലയിലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്.

വിമാന ടിക്കറ്റ് നിരക്കില്‍ 45 ശതമാനം വര്‍ധന; കമ്പനികളുടെ ടിക്കറ്റ് കൊള്ള

ദുബായ്: ഒന്‍പത് ദിവസത്തെ ദീര്‍ഘമായ പെരുന്നാള്‍ അവധി മുന്നിലുണ്ടായിട്ടും പ്രവാസി മലയാളികളുടെ വീടുകളില്‍ ഇത്തവണ ആഘോഷ ആരവങ്ങളില്ല. വിമാന ടിക്കറ്റ് നിരക്കില്‍ പെട്ടെന്നുണ്ടായ 45 ശതമാനത്തിന്റെ കുതിച്ചുകയറ്റം പ്രവാസികളുടെ നാട്ടിലേക്കുള്ള വഴി പൂര്‍ണ്ണമായും അടച്ചു. കടം വാങ്ങി നാട്ടില്‍ പോകേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് സാധാരണക്കാരായ പ്രവാസികള്‍ എത്തിയതോടെ ഇത്തവണത്തെ പെരുന്നാള്‍ യാത്രകള്‍ വെറും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.

പശ്ചിമേഷ്യന്‍ യുദ്ധ പ്രതിസന്ധികളും വിമാന ഇന്ധന വില വര്‍ധനവും കാരണം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തന്നെ ഉയര്‍ന്ന നിരക്കായിരുന്നു വിപണിയില്‍. എന്നാല്‍ സ്‌കൂള്‍ പൂട്ടുന്ന മധ്യവേനല്‍ അവധിക്കാലത്തോടനുബന്ധിച്ച് നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷയില്‍ ഒട്ടേറെപ്പേര്‍ ബുക്കിങ് നീട്ടിവെച്ചിരിക്കുകയായിരുന്നു. ഈ കാത്തിരിപ്പിനെയാണ് പെരുന്നാള്‍ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ ഒന്നടങ്കം തകര്‍ത്തത്.

നിലവിലെ നിരക്ക് വര്‍ധനവ് വരും മാസങ്ങളിലെ (ജൂലൈ, ഓഗസ്റ്റ്) ബുക്കിങ്ങുകളെയും നിശ്ചലമാക്കിയിട്ടുണ്ടെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ് വന്നതോടെ വിദേശ എയര്‍ലൈനുകള്‍ പലതും തങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഇപ്പോഴും പൂര്‍ണ്ണതോതില്‍ സര്‍വീസ് നടത്താന്‍ മടിക്കുന്നത് നിരക്കുകള്‍ കുതിച്ചുയരാന്‍ പ്രധാന കാരണമായി.

യുഎഇയില്‍ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായ വിമാനങ്ങളില്ല. നിലവിലുള്ള ഇന്ത്യന്‍ കമ്പനികളുടെ സര്‍വീസുകള്‍ തന്നെ കൃത്യസമയം പാലിക്കാത്തതും അപ്രതീക്ഷിതമായി റദ്ദാക്കുന്നതും പ്രവാസികളെ കടുത്ത മാനസിക വിഷമത്തിലാക്കുന്നു. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വണ്‍വേയ്ക്ക് മാത്രമായി നിലവില്‍ 2,000 ദിര്‍ഹമാണ് (ഏകദേശം 51,000 രൂപ) ശരാശരി ഈടാക്കുന്നത്.

ഒരു സാധാരണ കുടുംബ നാഥന് തന്റെ ഒരു മാസത്തെ സമ്പാദ്യം മുഴുവന്‍ നല്‍കിയാലും നാലംഗങ്ങളുള്ള കുടുംബത്തിന് നാട്ടിലെത്താന്‍ മാത്രമുള്ള തുക തികയില്ല. മടക്കയാത്ര കൂടി കണക്കിലെടുത്താല്‍ 4 ലക്ഷത്തിലധികം രൂപ വെറും യാത്രാച്ചെലവിനായി മാത്രം കണ്ടെത്തേണ്ടി വരും. ഇത്രയും വലിയ തുക വിമാനക്കമ്പനികള്‍ക്ക് കൊള്ള ലാഭമായി നല്‍കാന്‍ മനസില്ലെന്ന് പ്രവാസികള്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നു.

നാട്ടില്‍ പോകാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന മക്കള്‍ക്കും കുടുംബത്തിനും മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന പ്രവാസി കുടുംബനാഥന്മാരുടെ കാഴ്ചയാണ് എങ്ങും. ആ വിഷമം മറികടക്കാന്‍ പ്രാദേശിക വിനോദോപാധികളെ ആശ്രയിക്കുകയാണ് പലരും. ഭാഗ്യവശാല്‍ നിലവില്‍ യുഎഇയിലെ ഹോട്ടലുകളില്‍ കുറഞ്ഞ നിരക്കില്‍ താമസം ലഭ്യമാണ്. അതിനാല്‍ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ച് നാട്ടിലേക്ക് പോകുന്നതിന് പകരം, വാരാന്ത്യങ്ങളില്‍ വിവിധ എമിറേറ്റുകളിലെ ഹോട്ടലുകളില്‍ താമസിച്ച് അവധിക്കാലം യുഎഇയില്‍ തന്നെ ആഘോഷമാക്കാന്‍ പ്രവാസികള്‍ പദ്ധതിയിടുന്നു.

ഓഗസ്റ്റ് മാസത്തിന് ശേഷം മാത്രമേ വിമാന നിരക്കുകളില്‍ എന്തെങ്കിലും കുറവുണ്ടാകാന്‍ സാധ്യതയുള്ളൂവെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

മഴയ്ക്കൊപ്പം പനിയും; കേരളത്തില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. വിവിധയിടങ്ങളില്‍ പകര്‍ച്ചപ്പനി ബാധിച്ച് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഈ മാസം മാത്രം 670 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂടാതെ 2,153 പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നുണ്ട്. പകര്‍ച്ചപ്പനി ബാധിച്ച് ഈ മാസം മാത്രം എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം മാത്രം 34 പേര്‍ക്ക് ഡെങ്കിപ്പനിയും 115 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവിട്ടുള്ള മഴയും വെയിലും കൊതുകുകള്‍ പെറ്റുപെരുകാന്‍ അനുകൂല സാഹചര്യം ഒരുക്കുന്നതാണ് ഡെങ്കിപ്പനി വന്‍തോതില്‍ പടരാന്‍ കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മഴ കനക്കുന്നതോടെ രോഗവ്യാപനം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

എലിപ്പനി: ലക്ഷണങ്ങളും കാരണങ്ങളും

കൃത്യമല്ലാത്ത മാലിന്യ സംസ്‌കരണമാണ് എലിപ്പനി പടരാനുള്ള പ്രധാന കാരണം. എലി, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയോ മണ്ണിലൂടെയോ ആണ് രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. ശരീരത്തിലെ മുറിവുകളിലൂടെയാണ് ഇവ പ്രധാനമായും ബാധിക്കുക.

പ്രധാന ലക്ഷണങ്ങള്‍: ശക്തമായ പനി, കടുത്ത ശരീരവേദന, കണ്ണുകളിലെ ചുവപ്പ് നിറം, മൂത്രത്തിന്റെ നിറ വ്യത്യാസം.

ഡെങ്കിപ്പനി

പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. വീട്ടുപറമ്പിലോ ടെറസിലോ കിടക്കുന്ന ചിരട്ടകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് വളരാന്‍ കാരണമാകുന്നു.

പ്രധാന ലക്ഷണങ്ങള്‍: കടുത്ത പനി, കഠിനമായ തലവേദന, കണ്ണിന് പുറകിലെ വേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം: പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടേണ്ടതാണ്. രോഗപ്രതിരോധത്തിനായി പരിസര ശുചിത്വം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിന് ഇരയായ ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും.

രാവിലെ പത്ത് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റും.  മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡറായാണ് നിയമനം.

ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശനുമായും ആരോഗ്യ മന്ത്രി കെ മുരളീധരനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകിയത്.

അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ 2017ലാണ് പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2022ലാണ് അത് കണ്ടെത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു.

12 സെൻറിമീറ്റർ നീളവും 6 സെൻറിമീറ്റർ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയിൽ മുഴയുമുണ്ടായി. വേദന മാറാൻ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.

സിഎൻജി വിലയിലും വർധനവ്; പതിനൊന്ന് ദിവസത്തിനിടെ കൂട്ടിയത് 6 രൂപ

ഇന്ധന വില വർധനവിനൊപ്പം സിഎൻജി വിലയിലും വർധനവ്. കഴിഞ്ഞ 11 ദിവസത്തിനിടെ സിഎൻജിക്ക് കൂട്ടിയത് 6 രൂപയാണ്. തുടർച്ചയായി നാലാം തവണയാണ് വില വർധിപ്പിക്കുന്നത്.വില കൂട്ടിയതിന് പിന്നാലെ ഡൽഹിയിൽ ഇന്ന് ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി.

രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്നലെ വീണ്ടും കൂട്ടിയിരുന്നു. ഇന്നലെ പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 115.32 രൂപയും ഡീസൽ വില 104.41 രൂപയും ആയി ഉയർന്നിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയിലുണ്ടായ വലിയ വ്യതിയാനങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് തുടർച്ചയായ വിലവർധനവിന് കാരണകുന്നതെന്നാണ് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നത്.

പാരിയത്ത് കാവ് ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല’: രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് എറണാകുളം പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ ഹൈക്കോടതി. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.

കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്ന് കോടതി പറഞ്ഞു. കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. കോടതി മുമ്പാകെ നേരത്തെ തന്നെയുള്ള ഹർജിയാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് പരിഗണിച്ചത്.

ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം.അവകാശം സ്ഥാപിച്ചെടുക്കാന്‍ നിയമവഴി തേടിയിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 19ന് ഹർജി പരിഗണിച്ച ഹൈക്കോടതി, ഈ ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഒഴിപ്പിക്കൽ നടപടി സംഘർഷത്തിലാണ് കലാശിച്ചത്.

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി ‌

രത്തന്‍ യു ഖല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത് എന്ന് വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. രമേശ് ചെന്നിത്തലയും പിന്തുണച്ചു.

എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തൊരു തമാശയാണ് നടക്കുന്നത് കേരളത്തിൽ. രത്തന്‍ യു ഖല്‍ക്കറാണോ യുഡിഎഫിനെ ജയിപ്പിച്ചത്. ബംഗാളിലെ സാഹചര്യവുമായി താരതമ്യം ചെയ്യാൻ കഴിയുന്നതാണോ ഇത്. ‌‌ബംഗാളിൽ വ്യാപകമായി ആളുകളെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതാണ് കാര്യം. കേരളത്തിൽ അങ്ങനെ ഉണ്ടായി എന്ന് സിപിഐഎമ്മിനോ ബിജെപിക്കൊ ആക്ഷേപമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അദ്ദേഹം ഇലക്ഷൻ മാനിപ്പുലേറ്റ് ചെയ്തെന്നു ആർക്കെങ്കിലും അന്ന് ആരോപണം ഉണ്ടായിരുന്നോ. എസ്ഐആറിനെ കുറിച്ച് കേരളത്തിലെ സിഇഒയേ ബന്ധപ്പെടുത്തി ആക്ഷേപം ഉണ്ടായിരുന്നോ. ഐ റ്റി സെക്രട്ടറി ആയി മുൻ മുഖ്യമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ച ആളാണ് ഖേൽക്കർ. നികുതി കമ്മീഷണറായും അന്നത്തെ ധനമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയാണു ചീഫ് ഇലക്ടറൽ ഓഫീസറെ നിയമിക്കുന്നത്. സംസ്ഥാനം കൊടുക്കുന്ന പാനലിൽ നിന്നും കേന്ദ്രമാണ് തീരുമാനിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞാൽ സിഇഒമാർ റിട്ടയർ ചെയ്യുകയാണോ. നളിനി നെറ്റോ എങ്ങനെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ചോദിച്ചു.

ഉദ്യോഗസ്ഥ സ്ഥലം മാറ്റവും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ഥലം മാറ്റം അടിയന്തര സാഹചര്യത്തിലെന്നു വിശദീകരണം. ഭരണപരമായ സൗകര്യത്തിന് അനുസരിച്ചു മാത്രമാണ് തീരുമാനിച്ചത്. ഉദ്യോഗസ്ഥ മാറ്റം പൂർത്തിയായിട്ടില്ല. വകുപ്പ് മന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിച്ചു പൂർത്തിയാക്കും. ഇപ്പോൾ നടത്തിയത് താൽകാലിക മാറ്റങ്ങൾ മാത്രം. കഴിഞ്ഞ പത്തു വർഷം ക്യാബിനറ്റിൽ ചർച്ച ചെയ്താണോ ഉദ്യോഗസ്ഥ മാറ്റം നടത്തിയിരുന്നതെന്നും ആലോചിച്ചാൽ മനസിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാർ 14 പ്രാവശ്യം ഇവരെ മലയിടംതുരുത്ത് കുടിയൊഴിപ്പിക്കാൻ പോയിട്ടുണ്ട്. 14 പ്രാവശ്യം ഇത് അന്വേഷിക്കാത്ത ആളുകൾ ഇപ്പോൾ ഭയങ്കര സമരത്തിൽ. 14 പ്രാവശ്യവും ഉത്തരവാദിത്തമില്ലാത്ത സമീപനം സ്വീകരിച്ച മുൻ സർക്കാരിന്റെ നിലപാട് അല്ല ഞങ്ങൾക്ക്. കോടതി ഉത്തരവ് നടപ്പാക്കിയാൽ ആ കുടുംബങ്ങളെ തെരുവിലേക്ക് വിടുന്ന സമീപനമല്ല ഞങ്ങൾ എടുത്തത്. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടിയാണ് കൈക്കൊണ്ടത്. അവിടെ പോയി മുൻ സർക്കാരിലെ മന്ത്രിമാർ സമരത്തിന് ഇരുന്നപ്പോൾ അത്ഭുതം തോന്നിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.