വിമാന ടിക്കറ്റ് നിരക്കില്‍ 45 ശതമാനം വര്‍ധന; കമ്പനികളുടെ ടിക്കറ്റ് കൊള്ള

0

ദുബായ്: ഒന്‍പത് ദിവസത്തെ ദീര്‍ഘമായ പെരുന്നാള്‍ അവധി മുന്നിലുണ്ടായിട്ടും പ്രവാസി മലയാളികളുടെ വീടുകളില്‍ ഇത്തവണ ആഘോഷ ആരവങ്ങളില്ല. വിമാന ടിക്കറ്റ് നിരക്കില്‍ പെട്ടെന്നുണ്ടായ 45 ശതമാനത്തിന്റെ കുതിച്ചുകയറ്റം പ്രവാസികളുടെ നാട്ടിലേക്കുള്ള വഴി പൂര്‍ണ്ണമായും അടച്ചു. കടം വാങ്ങി നാട്ടില്‍ പോകേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് സാധാരണക്കാരായ പ്രവാസികള്‍ എത്തിയതോടെ ഇത്തവണത്തെ പെരുന്നാള്‍ യാത്രകള്‍ വെറും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.

പശ്ചിമേഷ്യന്‍ യുദ്ധ പ്രതിസന്ധികളും വിമാന ഇന്ധന വില വര്‍ധനവും കാരണം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തന്നെ ഉയര്‍ന്ന നിരക്കായിരുന്നു വിപണിയില്‍. എന്നാല്‍ സ്‌കൂള്‍ പൂട്ടുന്ന മധ്യവേനല്‍ അവധിക്കാലത്തോടനുബന്ധിച്ച് നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷയില്‍ ഒട്ടേറെപ്പേര്‍ ബുക്കിങ് നീട്ടിവെച്ചിരിക്കുകയായിരുന്നു. ഈ കാത്തിരിപ്പിനെയാണ് പെരുന്നാള്‍ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ ഒന്നടങ്കം തകര്‍ത്തത്.

നിലവിലെ നിരക്ക് വര്‍ധനവ് വരും മാസങ്ങളിലെ (ജൂലൈ, ഓഗസ്റ്റ്) ബുക്കിങ്ങുകളെയും നിശ്ചലമാക്കിയിട്ടുണ്ടെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ് വന്നതോടെ വിദേശ എയര്‍ലൈനുകള്‍ പലതും തങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഇപ്പോഴും പൂര്‍ണ്ണതോതില്‍ സര്‍വീസ് നടത്താന്‍ മടിക്കുന്നത് നിരക്കുകള്‍ കുതിച്ചുയരാന്‍ പ്രധാന കാരണമായി.

യുഎഇയില്‍ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായ വിമാനങ്ങളില്ല. നിലവിലുള്ള ഇന്ത്യന്‍ കമ്പനികളുടെ സര്‍വീസുകള്‍ തന്നെ കൃത്യസമയം പാലിക്കാത്തതും അപ്രതീക്ഷിതമായി റദ്ദാക്കുന്നതും പ്രവാസികളെ കടുത്ത മാനസിക വിഷമത്തിലാക്കുന്നു. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വണ്‍വേയ്ക്ക് മാത്രമായി നിലവില്‍ 2,000 ദിര്‍ഹമാണ് (ഏകദേശം 51,000 രൂപ) ശരാശരി ഈടാക്കുന്നത്.

ഒരു സാധാരണ കുടുംബ നാഥന് തന്റെ ഒരു മാസത്തെ സമ്പാദ്യം മുഴുവന്‍ നല്‍കിയാലും നാലംഗങ്ങളുള്ള കുടുംബത്തിന് നാട്ടിലെത്താന്‍ മാത്രമുള്ള തുക തികയില്ല. മടക്കയാത്ര കൂടി കണക്കിലെടുത്താല്‍ 4 ലക്ഷത്തിലധികം രൂപ വെറും യാത്രാച്ചെലവിനായി മാത്രം കണ്ടെത്തേണ്ടി വരും. ഇത്രയും വലിയ തുക വിമാനക്കമ്പനികള്‍ക്ക് കൊള്ള ലാഭമായി നല്‍കാന്‍ മനസില്ലെന്ന് പ്രവാസികള്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നു.

നാട്ടില്‍ പോകാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന മക്കള്‍ക്കും കുടുംബത്തിനും മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന പ്രവാസി കുടുംബനാഥന്മാരുടെ കാഴ്ചയാണ് എങ്ങും. ആ വിഷമം മറികടക്കാന്‍ പ്രാദേശിക വിനോദോപാധികളെ ആശ്രയിക്കുകയാണ് പലരും. ഭാഗ്യവശാല്‍ നിലവില്‍ യുഎഇയിലെ ഹോട്ടലുകളില്‍ കുറഞ്ഞ നിരക്കില്‍ താമസം ലഭ്യമാണ്. അതിനാല്‍ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ച് നാട്ടിലേക്ക് പോകുന്നതിന് പകരം, വാരാന്ത്യങ്ങളില്‍ വിവിധ എമിറേറ്റുകളിലെ ഹോട്ടലുകളില്‍ താമസിച്ച് അവധിക്കാലം യുഎഇയില്‍ തന്നെ ആഘോഷമാക്കാന്‍ പ്രവാസികള്‍ പദ്ധതിയിടുന്നു.

ഓഗസ്റ്റ് മാസത്തിന് ശേഷം മാത്രമേ വിമാന നിരക്കുകളില്‍ എന്തെങ്കിലും കുറവുണ്ടാകാന്‍ സാധ്യതയുള്ളൂവെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here