ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായുള്ള ദീർഘകാല സൗഹൃദവും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും എടുത്തുകാട്ടി വികാരനിർഭരമായ കുറിപ്പുമായി നടൻ വിശാൽ. മുഖ്യമന്ത്രി വിജയ്‌യുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിശാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ലയോള കോളേജിൽ ഒരുമിച്ച് പഠിച്ച കാലം മുതൽ തുടങ്ങിയ സൗഹൃദത്തിന് വിജയ് മുഖ്യമന്ത്രിയായ ശേഷവും യാതൊരു മാറ്റവുമില്ലെന്ന് വിശാൽ പറഞ്ഞു. ഔദ്യോഗിക സന്ദർശനങ്ങളിൽ പതിവായി നൽകുന്ന പൂച്ചെണ്ടുകളും പൊന്നാടകളും ഒഴിവാക്കി അതിനായി ചെലവാകുന്ന തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മൂന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാമെന്ന തന്റെ നിർദേശം വിജയ് സ്വീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ഈ തീരുമാനം മാതൃകാപരമാണെന്നും സഹായം ലഭിക്കുന്ന പെൺകുട്ടികൾ ഭാവിയിൽ വിജയ്‌യെ അഭിമാനത്തോടെ ഓർക്കുമെന്നും വിശാൽ കുറിച്ചു. അധികാര സ്ഥാനത്തെത്തിയ ശേഷവും വിജയ് തന്റെ സ്വഭാവത്തിലും സമീപനത്തിലും മാറ്റമില്ലാതെ തുടരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയ കുറിപ്പിൽ വിജയ്‌യോടുള്ള തന്റെ സൗഹൃദവും ആരാധനയും വിശാൽ തുറന്നുപറഞ്ഞു. വളർന്നു വരുന്ന നടനിൽ നിന്ന് സൂപ്പർതാരമായും പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രിയായും വിജയ് മാറിയ യാത്ര താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴക രാഷ്ട്രീയത്തിൽ പുതിയ അധ്യായം തുറന്ന വിജയ്‌യെ കാണാൻ സിനിമാ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ എത്തുന്നതിനിടെയാണ് സാമൂഹിക ഉത്തരവാദിത്തത്തിന് പ്രാധാന്യം നൽകുന്ന ഈ തീരുമാനവും വിശാലിന്റെ അഭിനന്ദന കുറിപ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
English Summary
Actor Vishal praised Tamil Nadu Chief Minister Vijay for accepting a proposal to use the money usually spent on bouquets and ceremonial shawls to support the education of three underprivileged girls. Sharing pictures from their meeting, Vishal recalled their long friendship since college days and appreciated Vijay’s commitment to social responsibility even after assuming the state’s top political office.

