കായിക മേഖലയ്ക്ക് 173.77 കോടി രൂപ; ഭൂമിയുടെ ന്യായവില സമഗ്രമായി പുനഃപരിശോധിക്കും; പൊതുമരാമത്ത്, സപ്ലൈകോ, ഡിജിറ്റൽ സ്റ്റാമ്പിംഗ് മേഖലകളിലും വൻ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാൻ 50 കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
കായിക-യുവജന മേഖലയ്ക്കായി ആകെ 173.77 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കോളേജ് ക്യാമ്പസുകളിലെ കളിസ്ഥലങ്ങൾ പൂർണമായും ഉപയോഗയോഗ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. 2036-ലെ ഒളിമ്പിക്സിൽ മത്സരിക്കാൻ ശേഷിയുള്ള കായികതാരങ്ങളെ വളർത്തിയെടുക്കാൻ ‘മിഷൻ 2036’ പദ്ധതിയും സർക്കാർ നടപ്പാക്കും.
സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പഠന പ്രഖ്യാപനം.
ഭൂമിയുടെ ന്യായവില സമഗ്രമായി പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു. ചില പ്രദേശങ്ങളിൽ ന്യായവിലയും വിപണിവിലയും തമ്മിലുള്ള വലിയ വ്യത്യാസം പരിഹരിക്കാനാണ് നടപടി. സാങ്കേതികവിദ്യയും വിപണി വിവരങ്ങളും ഫീൽഡ് തലത്തിലുള്ള ഡാറ്റയും അടിസ്ഥാനമാക്കിയാകും പരിഷ്കരണം.
2010 മുതൽ തീർപ്പാകാതെ കിടക്കുന്ന ന്യായവില അപ്പീലുകൾ പരിഹരിക്കാൻ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. എല്ലാ അപ്പീലുകളും 2026 ഒക്ടോബർ 31-നകം തീർപ്പാക്കാനാണ് ലക്ഷ്യം.
ഡിജിറ്റൽ സ്റ്റാമ്പിംഗ് സൗകര്യം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലേക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലേക്കും ഇത് എത്തിക്കുമെന്നും ബജറ്റിൽ പറയുന്നു. ലൈസൻസുള്ള സ്റ്റാമ്പ് വെണ്ടർമാരുടെ സ്റ്റാമ്പ് പേപ്പർ വിൽപ്പന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷം രൂപയാക്കി ഉയർത്തും.
പൊതുമരാമത്ത് വകുപ്പിനായി 5,952.29 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പി.ഡബ്ല്യു.ഡി. മാനുവൽ പരിഷ്കരിക്കുന്നതോടൊപ്പം പുതിയ റോഡ് ആർക്കിടെക്ചർ വിങ്ങും രൂപീകരിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ പൊതുമരാമത്ത് റോഡുകളും ഘട്ടംഘട്ടമായി ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ്, സപ്ലൈകോ, ഹോർട്ടികോർപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വിതരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും സപ്ലൈകോയെ സ്വയംപര്യാപ്ത സ്ഥാപനമാക്കി മാറ്റാൻ നടപടികൾ സ്വീകരിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.
English Summary
The Kerala Budget has announced ₹50 crore for constructing a world-class football stadium in Malabar to nurture football talent and host international events. The government also launched “Mission 2036” to prepare athletes for the Olympics. A commission will study the formation of new districts and taluks, while land fair values across the state will be comprehensively revised. The budget also includes major allocations for sports, public works, digital stamping expansion, and reforms in the public distribution and Supplyco sectors.

