പെൻഷൻ പ്രായത്തിൽ കോളേജ് ലൈഫ്, ഒടുവിൽ മൂവർക്കും ഒന്നാം റാങ്ക്! തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിനെ ഞെട്ടിച്ച മൂന്ന് സുഹൃത്തുക്കൾ

0

കൊച്ചി: വിരമിച്ച ശേഷമുള്ള ജീവിതം സംഗീതത്തിനായി മാറ്റിവെച്ച് പഠനത്തിനിറങ്ങിയ മൂന്ന് സുഹൃത്തുക്കൾ ആർ.എൽ.വി സംഗീത കോളേജിൽ ഒന്നാം റാങ്ക് നേടി ശ്രദ്ധേയരായി. എക്‌സൈസ് മുൻ ഡെപ്യൂട്ടി കമ്മിഷണർ എം.എൻ. ശിവപ്രസാദ്, കെ.എസ്.ഇ.ബി മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വി. ഉണ്ണിക്കൃഷ്ണൻ, ഉദയംപേരൂർ സ്വദേശി ജി.എസ്. ലക്ഷ്മി കൃഷ്ണൻ എന്നിവരാണ് ‘മൂവർ സീനിയേഴ്സ്’ എന്ന പേരിൽ കോളേജിൽ അറിയപ്പെടുന്ന ഈ കൂട്ടുകാർ.

തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിലെ ബിരുദ കോഴ്സുകളിൽ പഠിച്ച ഇവർ ഏപ്രിലിൽ നടന്ന പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി. മൃദംഗത്തിൽ ശിവപ്രസാദും കഥകളി സംഗീതത്തിൽ ഉണ്ണിക്കൃഷ്ണനും വീണയിൽ ലക്ഷ്മി കൃഷ്ണനും ഒന്നാം റാങ്ക് നേടി.

പൂഞ്ഞാർ പെരുനിലം സ്വദേശിയായ ശിവപ്രസാദ് 2023-ൽ എക്‌സൈസ് വകുപ്പിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ബി.എ മൃദംഗം കോഴ്സിന് ചേർന്നത്. ചെറുപ്പത്തിൽ തന്നെ മൃദംഗം അഭ്യസിച്ചിരുന്ന അദ്ദേഹം ജോലിത്തിരക്കുകൾക്കിടയിൽ സംഗീതപഠനം തുടരാൻ കഴിയാതിരുന്നതിനെ തുടർന്ന് വിരമിച്ചശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങുകയായിരുന്നു.

തിരുവനന്തപുരം കാന്തല്ലൂർ സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ 2010-ൽ കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ചു. തുടർന്ന് കഥകളി, കർണാടക സംഗീതം, മൃദംഗം, വീണ തുടങ്ങിയ കലാരൂപങ്ങളിൽ താത്പര്യം വളർത്തി. പിന്നീട് ജോലിയും രാജിവെച്ചാണ് ആർ.എൽ.വി കോളേജിൽ കഥകളി സംഗീതം പഠിക്കാൻ ചേർന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ലക്ഷ്മി കൃഷ്ണൻ ഭർത്താവിന്റെ പ്രോത്സാഹനത്തെ തുടർന്നാണ് സംഗീതപഠനത്തിന് തുടക്കമിട്ടത്. ആദ്യമായാണ് ഔപചാരികമായി സംഗീതം പഠിക്കുന്നതെങ്കിലും വീണയിൽ ഒന്നാം റാങ്ക് നേടാൻ അവർക്കായി.

ഇംഗ്ലീഷും സംസ്കൃതവും ഉൾപ്പെടെയുള്ള ക്ലാസുകളിൽ ഒരുമിച്ച് പഠിച്ചതാണ് ഇവരെ അടുത്ത സുഹൃത്തുക്കളാക്കിയത്. ബിരുദ പഠനത്തിലെ നേട്ടത്തിന് പിന്നാലെ ശിവപ്രസാദും ഉണ്ണിക്കൃഷ്ണനും എം.എ പഠനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അടുത്ത വർഷം എം.എയ്ക്ക് ചേരാനാണ് ലക്ഷ്മി കൃഷ്ണന്റെ തീരുമാനം.

English Summary:
Three senior students of RLV College of Music, Thrippunithura, secured first ranks in their respective disciplines after pursuing music education later in life. Retired Excise officer M.N. Sivaprasad topped in Mridangam, retired KSEB engineer V. Unnikrishnan secured first rank in Kathakali Music, and G.S. Lakshmi Krishnan achieved first rank in Veena. The trio now plans to continue their higher studies in music.

LEAVE A REPLY

Please enter your comment!
Please enter your name here