കൊച്ചി: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഓർമകളുമായി ചേർന്നു നിൽക്കുന്ന എളമക്കരയിലെ പ്രശസ്തമായ പുള്ളോർ ഷാപ്പ് പ്രവർത്തനം അവസാനിപ്പിച്ചു. നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ഈ കള്ളുഷാപ്പ് അടച്ചതോടെ കൊച്ചിയുടെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് വിരാമമായത്.
എളമക്കര കീർത്തിനഗർ ജംഗ്ഷന് സമീപത്തെ തോട്ടിറമ്പിൽ പ്രവർത്തിച്ചിരുന്ന പുള്ളോർ ഷാപ്പ് കൊച്ചിയിലെ ഏറ്റവും പഴക്കമേറിയ കള്ളുഷാപ്പുകളിലൊന്നായി കണക്കാക്കപ്പെടുന്നു. മഹാകവി ചങ്ങമ്പുഴ ഇവിടെ സ്ഥിരമായി എത്തിയിരുന്നില്ലെങ്കിലും ഷാപ്പിൽ നിന്നുള്ള കള്ള് വീട്ടിലെത്തിക്കാറുണ്ടായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ഇടപ്പള്ളിയുടെ ഗ്രാമീണ പശ്ചാത്തലവും പ്രകൃതി ഭംഗിയും നിറഞ്ഞ ചങ്ങമ്പുഴയുടെ ചില കവിതകളുമായി ഈ പ്രദേശത്തിന് ആത്മബന്ധമുണ്ടെന്നാണ് സാഹിത്യപ്രേമികളുടെ വിലയിരുത്തൽ.
പുള്ളോർ കേളൻ ആരംഭിച്ച സ്ഥാപനമാണ് പിന്നീട് ‘പുള്ളോർ ഷാപ്പ്’ എന്ന പേരിൽ പ്രശസ്തമായത്. ആദ്യം ഓലപ്പുരയായി പ്രവർത്തിച്ചിരുന്ന ഷാപ്പ് പിന്നീട് ഓടിട്ട കെട്ടിടമായി മാറി. വർഷങ്ങളായി സ്ഥലത്തിന്റെ ഉടമസ്ഥത പലതവണ മാറിയെങ്കിലും ഷാപ്പിന്റെ പ്രവർത്തനം തുടർന്നിരുന്നു.
എന്നാൽ സ്ഥലം ഏറ്റെടുക്കാനൊരുങ്ങിയ പുതിയ ഉടമ കള്ളുഷാപ്പ് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനമായത്. എറണാകുളം എക്സൈസ് സർക്കിളിന്റെ അഞ്ചാം ഗ്രൂപ്പിൽ ഉൾപ്പെട്ട 14 സെന്റ് സ്ഥലത്തുള്ള ഷാപ്പ് കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗികമായി അടച്ചത്.
രണ്ട് ചെത്തുകാരും ഏഴ് തൊഴിലാളികളും ഷാപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരുന്നു. യതീന്ദ്രദാസായിരുന്നു ലൈസൻസി. ഷാപ്പ് അടച്ചതോടെ തൊഴിലാളികളുടെയും പതിറ്റാണ്ടുകളായി ഇവിടെ എത്തുന്ന ഉപഭോക്താക്കളുടെയും ഇടയിൽ വികാരനിർഭരമായ അന്തരീക്ഷമാണ് രൂപപ്പെട്ടത്.
ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയുടെ വാക്കുകളിൽ, വീടിനടുത്തായിരുന്നിട്ടും കവി അപൂർവമായാണ് കള്ളുഷാപ്പിൽ നേരിട്ട് പോയിരുന്നത്. സുഹൃത്തുക്കളും ആരാധകരുമാണ് കള്ളും ചാരായവും വീട്ടിലെത്തിച്ചിരുന്നതെന്നും അവർ ഓർക്കുന്നു.
ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക ഓർമകളും സാഹിത്യബന്ധങ്ങളും പേറിക്കൊണ്ടിരുന്ന പുള്ളോർ ഷാപ്പിന്റെ പൂട്ടൽ, കൊച്ചിയുടെ ചരിത്രത്തിലെ ഒരു നൊമ്പരക്കാഴ്ചയായി മാറുകയാണ്.
English Summary:
The historic Pullor Toddy Shop at Elamakkara in Kochi, believed to be nearly a century old and associated with memories of poet Changampuzha Krishna Pillai, has closed down. The shop, one of the oldest toddy shops in Kochi, ceased operations after the property’s new owner decided not to continue the establishment. Its closure marks the end of a significant cultural and historical landmark in the city.

