അയൽ സംസ്ഥാനങ്ങളിലെ വിലക്കുറവ് കേരളത്തിന് പണിയായി; ഒടുവിൽ ഇന്ധന സെസ് ഉപേക്ഷിക്കാൻ നീക്കം; ബജറ്റിൽ പ്രഖ്യാപനമുണ്ടായാൽ പെട്രോൾ-ഡീസൽ വില കുറയും

0

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ഇന്ധന സെസ് പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ ഇക്കാര്യം പ്രഖ്യാപിക്കപ്പെടാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 19-ന് അവതരിപ്പിക്കുന്ന ബജറ്റിൽ ജനങ്ങൾക്ക് ആശ്വാസമാകുന്ന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഒരു ശതമാനം നികുതി സെസും രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസും ഉൾപ്പെടെ ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും മൂന്ന് രൂപ അധികമായി ഈടാക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇന്ധനവിലയിൽ ഏകദേശം പത്ത് രൂപയുടെ വർധന ഉണ്ടായതോടെ ജനങ്ങളുടെ സാമ്പത്തികഭാരം വർധിച്ചിട്ടുണ്ട്.

വിലക്കയറ്റത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം അനുഭാവപൂർണമായ തീരുമാനമെടുക്കുമെന്ന് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിനായി 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത്. ഇതിനൊപ്പം പ്രളയകാലത്ത് ഏർപ്പെടുത്തിയ ഒരു ശതമാനം അധിക സെസും തുടർന്നതോടെ ആകെ അധികഭാരം മൂന്ന് രൂപയായി.

ഇന്ധന സെസ് പ്രതീക്ഷിച്ച നേട്ടം നൽകുന്നില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടും ഇന്ധന വിൽപനയിൽ അതനുസരിച്ചുള്ള വളർച്ചയുണ്ടായിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലായി ഡീസൽ വിൽപനയിൽ 76.56 കോടി ലിറ്ററിന്റെയും പെട്രോൾ വിൽപനയിൽ 17.76 കോടി ലിറ്ററിന്റെയും കുറവ് രേഖപ്പെടുത്തിയതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇന്ധനവില ഉയർന്നതിനെ തുടർന്ന് സ്വകാര്യ വാഹന ഉപയോക്താക്കൾ ഉപയോഗം നിയന്ത്രിക്കുകയും കൂടുതൽ പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയും ചെയ്തതും വരുമാനത്തിൽ ഇടിവുണ്ടാകാൻ കാരണമായെന്നാണ് വിലയിരുത്തൽ. സെസ് പിൻവലിച്ചാൽ വില കുറയുകയും ഇന്ധന ഉപഭോഗം വർധിക്കുകയും അതുവഴി നികുതി വരുമാനം മെച്ചപ്പെടുകയും ചെയ്യുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

അതിർത്തി ജില്ലകളിൽ വിലവ്യത്യാസം വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. കേരളത്തിൽ ഡീസലിന് 104.31 രൂപയും പെട്രോളിന് 115.49 രൂപയുമാണ് തിരുവനന്തപുരം വിപണിയിലെ വില. അതേസമയം മൈസൂർ, മംഗളൂരു, കോയമ്പത്തൂർ, നാഗർകോവിൽ തുടങ്ങിയ സമീപ നഗരങ്ങളിൽ പെട്രോളിനും ഡീസലിനും കേരളത്തേക്കാൾ നാല് മുതൽ 12 രൂപ വരെ കുറവാണ്. ഇതുമൂലം ചരക്കുവാഹനങ്ങളും ദീർഘദൂര വാഹനങ്ങളും അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കെ.എസ്.ആർ.ടി.സി പോലും ചില റൂട്ടുകളിൽ പുറത്തുനിന്ന് ഇന്ധനം വാങ്ങുന്ന സാഹചര്യമുണ്ടെന്നാണ് സൂചന.

English Summary:
Kerala may withdraw the fuel cess on petrol and diesel in the upcoming state budget to ease the burden of rising fuel prices. The government believes the move could reduce fuel costs, increase sales, and improve tax revenue. The decision comes amid declining fuel consumption and significant price differences with neighbouring states.

LEAVE A REPLY

Please enter your comment!
Please enter your name here