ലക്ഷദ്വീപിൽ വനിതകൾക്ക് കരകൗശല പരിശീലനം; ടൂറിസം വികസനത്തിനും സ്വയംതൊഴിലിനും പുതിയ വഴികൾ തുറന്ന് പദ്ധതി

0

കവരത്തി: ലക്ഷദ്വീപിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണവും ടൂറിസം മേഖലയിലെ സാധ്യതകളും വർധിപ്പിക്കുന്ന ലക്ഷ്യത്തോടെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും ലക്ഷദ്വീപ് ടൂറിസം വകുപ്പും ചേർന്ന് കവരത്തിയിൽ ഏഴുദിവസത്തെ കരകൗശല ശിൽപ്പശാല സംഘടിപ്പിച്ചു. ലക്ഷദ്വീപ് ടൂറിസം വകുപ്പിന്റെ ക്ഷണം സ്വീകരിച്ചെത്തിയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ അഞ്ചംഗ വിദഗ്ധ സംഘമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

തൊഴിൽരഹിതരായ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും സ്ഥിരവരുമാനം ഉറപ്പാക്കാനുമെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഉരു നിർമ്മാണം, ത്രെഡ് ആർട്ട്, ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ക്രാഫ്റ്റ്, പോട്ടറി മേക്കിങ് തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനമാണ് വനിതകൾക്ക് നൽകിയത്.

പരിശീലനത്തിലൂടെ ലക്ഷദ്വീപിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കേരളത്തിന്റെ തനത് കരകൗശല ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും പരിശീലിക്കാനും വാങ്ങാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇതുവഴി ദ്വീപിലെ ടൂറിസം മേഖലയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിന്റെ പരമ്പരാഗത കരകൗശല വിദ്യകൾ ലക്ഷദ്വീപിലെ സ്ത്രീ ശാക്തീകരണത്തിന് അടിത്തറയിടുന്നതിൽ അഭിമാനമുണ്ടെന്ന് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു. ശ്രീപ്രസാദ് പറഞ്ഞു. കവരത്തിയിൽ വിജയകരമായി നടപ്പാക്കിയ ഈ മാതൃക ഭാവിയിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്തർദേശീയ തലത്തിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

A seven-day handicrafts workshop was organized in Kavaratti, Lakshadweep, by Kerala Arts and Crafts Village in collaboration with the Lakshadweep Tourism Department. The program aimed to empower unemployed women through skill development and self-employment opportunities. Training was provided in traditional crafts including thread art, jewelry making, terracotta craft, pottery, and uru model making. Officials believe the initiative will strengthen local tourism, create new income opportunities, and support women’s economic empowerment.

LEAVE A REPLY

Please enter your comment!
Please enter your name here