തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകുന്ന രീതിയാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
ചില വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിൽ നിലവിലുള്ള മാതൃകകൾ പഠിച്ചാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമല്ല, അവരെ വിജയിപ്പിച്ച ജനങ്ങൾക്കും നിയമസഭാ നടപടികളിൽ ഇടപെടാൻ അവസരം ലഭിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
നിയമസഭയെ കൂടുതൽ ജനകീയമാക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും സ്പീക്കർ പറഞ്ഞു. 138 വർഷത്തെ ചരിത്രമുള്ള കേരള നിയമസഭയിലെ രേഖകളും പുസ്തകങ്ങളും വരുംതലമുറകൾക്കായി ഓഡിയോ ബുക്കുകളാക്കി മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Kerala Assembly Speaker Thiruvanchoor Radhakrishnan announced plans to introduce a mechanism that would allow the public to raise questions in the Legislative Assembly. The initiative aims to strengthen public participation in legislative processes by adopting models followed in some foreign parliaments. He also said efforts are underway to digitize and convert the Assembly’s historic records into audiobooks for future generations.

