ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്രമെഴുതി നടൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആണ് വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഒമ്പത് മന്ത്രിമാരും മന്ത്രിസഭയിൽ അംഗങ്ങളായി ചുമതലയേറ്റു.
യുവത്വവും രാഷ്ട്രീയ അനുഭവവും ചേർന്ന മന്ത്രിസഭയാണിതെന്നാണ് വിലയിരുത്തൽ. എൻ. ആനന്ദ്, ആദവ് അർജുന, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി. അനുരാജ്, പി. വെങ്കടരമണൻ, ആർ. നിർമൽ കുമാർ, രാജ്മോഹൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
തമിഴ്നാട്ടിൽ ആറു പതിറ്റാണ്ടിലേറെയായി തുടരുന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് വിരാമമിട്ടാണ് വിജയ് നയിച്ച ടിവികെ മുന്നേറ്റം നടത്തിയത്. 234 അംഗ നിയമസഭയിൽ ടിവികെ 108 സീറ്റുകൾ നേടിയെങ്കിലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യയിലെത്താൻ കഴിഞ്ഞിരുന്നില്ല.
ആദ്യഘട്ടത്തിൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെയുടെ സംഖ്യാബലം ഉയർന്നു. പിന്നാലെ സിപിഐയും സിപിഐഎമ്മും പിന്തുണ അറിയിച്ചു. എന്നാൽ ആവശ്യമായ ഭൂരിപക്ഷത്തിൽ ഇനിയും കുറവ് നിലനിന്നിരുന്നു. ഇതിന് പിന്നാലെ ഡിഎംകെ സഖ്യകക്ഷിയായ വിസികെ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിജയ് സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങിയത്. പിന്നീട് മുസ്ലിം ലീഗും പിന്തുണ അറിയിച്ചതോടെ ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു.
English Summary
Actor-turned-politician took oath as the Chief Minister of in a historic political shift ending decades of Dravidian party dominance. The swearing-in ceremony was held in Chennai, where Governor Rajendra Arlekar administered the oath. Vijay’s TVK secured 108 seats in the Assembly elections and later gained support from Congress, Left parties, VCK, and Muslim League to achieve the required majority.

