തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നായ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ വിജയം സ്വന്തമാക്കി. 2796 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുരളീധരൻ വിജയിച്ചത്.
എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത ത്രികോണ പോരാട്ടമാണ് മണ്ഡലത്തിൽ നടന്നത്. നിലവിലെ എംഎൽഎയായ വി.കെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുമ്പോൾ, കോൺഗ്രസിന്റെ മുതിർന്ന നേതാവായ കെ. മുരളീധരനാണ് യുഡിഎഫിനായി രംഗത്തിറങ്ങിയത്. മുൻ ഡിജിപി ആർ. ശ്രീലേഖയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.
മത്സരം മുഴുവൻ ഘട്ടങ്ങളിലും മുന്നേറ്റം മാറിമാറി വന്നത് ഈ മണ്ഡലത്തെ ഏറെ ആവേശകരമാക്കി. മുൻ തെരഞ്ഞെടുപ്പുകളിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച വി.കെ പ്രശാന്തിന് ഇത്തവണ തിരിച്ചടിയാണ് ഉണ്ടായത്.
2019ലെ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും 2021ലെ വലിയ ഭൂരിപക്ഷ വിജയം എന്നിവയെ മറികടന്നാണ് മുരളീധരൻ ഈ വിജയം നേടിയത്. സംസ്ഥാനത്ത് രൂപപ്പെട്ട യുഡിഎഫ് തരംഗത്തിന്റെ ഭാഗമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.
English Summary
UDF candidate K. Muraleedharan secured a notable victory in Vattiyoorkavu constituency with a margin of 2,796 votes. In a closely fought triangular contest against LDF’s V.K. Prasanth and NDA’s R. Sreelekha, Muraleedharan emerged victorious, marking a significant political shift in the constituency.

