പൊള്ളാച്ചി: വാൽപ്പാറയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ഉടൻ മലപ്പുറം ജില്ലയിലെ പാങ്ങിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയോടെ അമ്പലപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂളിൽ പൊതുദർശനം നടത്താനാണ് തീരുമാനം. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
ഇന്നലെ രാത്രി പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്.
വിനോദയാത്രയ്ക്കായി പോയ സംഘത്തിന്റെ വാഹനം വാൽപ്പാറ ചുരത്തിലെ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് നിരവധി തവണ മറിഞ്ഞ് ഏകദേശം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് വാനിൽ ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര ചെയ്യുകയായിരുന്നു. ഇവരിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. പരിക്കേറ്റവർ പൊള്ളാച്ചിയിലും കോയമ്പത്തൂരിലുമുള്ള ആശുപത്രികളിൽ ചികിത്സയിലാണ്.
മരിച്ചവരിൽ സ്കൂൾ പ്രധാനാധ്യാപിക അടക്കമുള്ള അധ്യാപകരും ജീവനക്കാരും ഉൾപ്പെട്ടതാണ് വിദ്യാഭ്യാസ മേഖലയെ ദുഃഖത്തിലാഴ്ത്തിയത്.
English Summary
Postmortem procedures for all nine victims of the tragic road accident in Valparai have been completed. The bodies will be taken to Malappuram, where a public viewing will be held at Ambalaparmbu Government High School. The accident occurred when a tourist van carrying teachers and their families lost control on a hairpin bend and fell into a deep gorge. The incident has left the education community in deep mourning.

