ന്യൂഡൽഹി: ലോക്‌സഭയിൽ വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കം തുടങ്ങി. ബിൽ തള്ളിയതിനെതിരെ പാർലമെന്റ് സമുച്ചയത്തിൽ എൻഡിഎ അംഗങ്ങൾ പ്രതിഷേധിച്ചു. വനിതാ എംപിമാരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമായി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശക്തമായി ഉയർത്താൻ ബിജെപി പദ്ധതിയിടുന്നു. വനിതാ സംവരണം നടപ്പാക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ പ്രതിപക്ഷം തടഞ്ഞുവെന്ന പ്രചാരണമാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.
വോട്ടെടുപ്പിന് മുമ്പ് നരേന്ദ്ര മോദി, അമിത് ഷാ, ഓം ബിർള, കിരൺ റിജുജു എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ ഏകോപിത നിലപാടിനെ തുടർന്ന് ബിൽ പാസാക്കാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ.
സ്ത്രീകൾക്ക് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കാനായിരുന്നു ബില്ലിന്റെ ലക്ഷ്യം. പ്രതിപക്ഷം വനിതാ സംവരണത്തെ തന്നെ എതിർക്കുന്നതാണെന്ന് അമിത് ഷാ ആരോപിച്ചു.
സ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിച്ച നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കോൺഗ്രസിനെയും അതിന്റെ സഖ്യകക്ഷികളെയും ‘സ്ത്രീവിരുദ്ധ സഖ്യം’ എന്ന് ബിജെപി വിമർശിച്ചു. ബിൽ പാസാകേണ്ട ദിവസം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതായിരുന്നു, എന്നാൽ പ്രതിപക്ഷ നിലപാട് കാരണം അത് സാധിക്കാതെ പോയെന്നാണ് ബിജെപി നേതാക്കളുടെ വിമർശനം.
English Summary
Following the defeat of the Women’s Reservation Constitutional Amendment Bill in the Lok Sabha, the Bharatiya Janata Party (BJP) is planning nationwide protests against the opposition. BJP leaders alleged that the opposition blocked the bill, which aimed to provide 33% reservation for women in Parliament and state assemblies. The party also plans to use the issue prominently in upcoming election campaigns.

