തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നഗരത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി വ്യക്തമാക്കി മേയർ വി വി രാജേഷ്. തമ്പാനൂരിലെ ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം പ്രവർത്തനങ്ങൾ ആരംഭിച്ചതായി അറിയിച്ചത്.
‘മഴക്കാലത്തിന് മുമ്പ് നഗരത്തിലെ നദികളും തോടുകളും വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണം ആരംഭിച്ചത്’ എന്നാണ് മേയർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നഗരത്തിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് മുൻപ് ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ നടപടികൾ. മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ സിപിഎം നേതാക്കൾ കോർപ്പറേഷൻ പ്രവർത്തനം വിമർശിച്ചിരുന്നു. മാലിന്യ നിർമാർജനം തകരാറിലായതും നഗരത്തിൽ വിവിധ പ്രശ്നങ്ങൾ നിലനിൽക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ഇതിന് മറുപടിയായി, മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് ഉത്തരവാദിത്തം പ്രതിപക്ഷം ആരോപിക്കുന്ന തരത്തിൽ അല്ലെന്നും, ശുചീകരണ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മേയർ വ്യക്തമാക്കി.
മഴക്കാലം മുൻനിർത്തി വാർഡുകൾക്ക് ഫണ്ട് അനുവദിക്കുന്ന നടപടികൾ നേരത്തെ തന്നെ ആരംഭിച്ചതായും കോർപ്പറേഷൻ ഫണ്ടും ദുരന്ത നിവാരണ ഫണ്ടും ഉപയോഗിച്ച് പ്രവർത്തനങ്ങൾ പുരോഗമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങൾ പ്രത്യേകമായി പരിഗണിച്ച് ശുചീകരണം നടത്തുമെന്നും മേയർ കൂട്ടിച്ചേർത്തു.
English Summary
Thiruvananthapuram Mayor V V Rajesh announced the start of pre-monsoon cleaning operations in the city, sharing images of canal cleaning in Thampanoor. The move comes amid criticism over waste management issues raised by opposition leaders. The mayor stated that cleaning of canals and water bodies has begun and will be intensified using corporation and disaster management funds, with special focus on waterlogging-prone areas.

