തൃശൂർ: തൃശൂർ ചിമ്മിനി വനത്തിൽ വെച്ചുണ്ടായ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാറാണ് മരിച്ചത്. 42 വയസായിരുന്നു. ഉള്‍ക്കാട്ടില്‍ വിറകുതോട് ഭാഗത്ത് വെച്ചാണ് കുമാറിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഫയർലൈൻ ജോലിക്കിടെ കുമാറിനെ കാട്ടാന അക്രമിക്കുകയായിരുന്നു. കുമാറിനൊപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്.
കഴിഞ്ഞ ദിവസവും കാട്ടാന ആക്രമണത്തിൽ മറ്റൊരു ഫോറസ്റ്റ് വാച്ചറുടെ ജീവൻ നഷ്ടമായിരുന്നു. പാലക്കാട് മണ്ണാർക്കാട് ആയിരുന്നു സംഭവം. ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ കച്ചേരിപ്പറമ്പ് കരടിയോട് ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് രണ്ട് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങി എന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പത്തംഗ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാട്ടാനകളെ തുരത്താനായി പ്രദേശത്ത് എത്തിയത്. ഇതിനിടെ ഒരു കാട്ടാന തിരിഞ്ഞു വന്ന് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷൈജു മരിച്ചു.

