ബഹ്‌റൈനിലെ മുഹറഖ് ഗവർണറേറ്റിലുള്ള ഇന്ധന സംഭരണ ശാലകൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ ഇറാന്റെ ആക്രമണം ഉണ്ടായി. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേന ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്തു.
ഹിദ്ദ്, അറാദ്, ഖലാലി, സമാഹീജ് എന്നീ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ ഭാഗങ്ങളിൽ നിലവിൽ അണച്ചുകൊണ്ടിരിക്കുന്ന തീപിടുത്തത്തെത്തുടർന്നുണ്ടാകുന്ന പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.
മേഖലയിലെ താമസക്കാർ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളും വെന്റിലേഷൻ ദ്വാരങ്ങളും പൂർണ്ണമായും അടച്ചിടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. നിലവിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ യഥാസമയം അറിയിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളെ കരുത്തോടെ നേരിട്ട് ബഹ്‌റൈൻ പ്രതിരോധ സേന. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 108 മിസൈലുകളും 177 ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു.

