ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി റെയിൽവേ

0

ഡൽഹി: കൺഫേം ചെയ്ത ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഏപ്രിൽ 1 മുതൽ 15 വരെ ഘട്ടങ്ങളായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും എന്നാണ് ലഭിക്കുന്ന വിവരം.

പുതിയ നിയമങ്ങൾ പ്രകാരം, യാത്ര തുടങ്ങാൻ 72 മണിക്കൂറിലധികം ബാക്കിയുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ പരമാവധി തുക റീഫണ്ടായി ലഭിക്കും. യാത്രികരുടെ എണ്ണത്തിന് അനുസരിച്ച് ഫ്‌ളാറ്റ് കാൻസലേഷൻ ചാർജ് മാത്രമേ ഈടാക്കുകയുള്ളൂ.

24 മുതൽ 72 മണിക്കൂറിനിടെ ടിക്കറ്റ് കാൻസൽ ചെയ്താൽ യാത്രാക്കൂലിയുടെ 25 ശതമാനം പിഴ ഈടാക്കും. യാത്ര ആരംഭിക്കാൻ 24 മണിക്കൂറിനും 8 മണിക്കൂറിനും ഇടയിൽ റദ്ദാക്കുന്നവർക്ക് 50 ശതമാനം വരെ പിഴ നൽകേണ്ടിവരും

എന്നാൽ യാത്രയ്ക്ക് 8 മണിക്കൂറിൽ താഴെ മാത്രമുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല. യാത്ര തുടങ്ങുന്നതിന് മുമ്പ് പോലും ഈ സമയം പരിധിക്കുള്ളിൽ കാൻസൽ ചെയ്താൽ പണം തിരികെ ലഭിക്കില്ല എന്നതാണ് പ്രധാന മാറ്റം.

ഇതിനൊപ്പം, യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ബോർഡിങ് സ്റ്റേഷൻ മാറ്റാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വലിയ നഗരങ്ങളിൽ വിവിധ സ്റ്റോപ്പുകൾ ഉള്ള സാഹചര്യത്തിൽ ഇത് യാത്രികർക്കു സഹായകരമാകും.

ഇടനിലക്കാർ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് പിന്നീട് കാൻസൽ ചെയ്ത് റീഫണ്ട് നേടുന്ന പ്രവണത നിയന്ത്രിക്കാനാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here