പികെ ശശീന്ദ്രന്റെ പത്രിക രസീത് വാങ്ങി അജ്ഞാതൻ ഓടി; എലത്തൂരിൽ നാമനിർദേശ പത്രിക സമർപ്പണത്തിനിടെ നാടകീയ രംഗങ്ങൾ

0

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പണത്തിനിടെ ഉണ്ടായത് നാടകീയ സംഭവങ്ങൾ എന്ന് റിപ്പോർട്ട്. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയായ പി കെ ശശീന്ദ്രൻ സമർപ്പിച്ച പത്രിക ആദ്യം വരണാധികാരി സ്വീകരിച്ചെങ്കിലും, പിന്നീട് ആണ് വിവാദം ഉയർന്നത്.

എ കെ ശശീന്ദ്രൻ വിഭാഗം ഇതിന് എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് പികെ ശശീന്ദ്രനെ വീണ്ടും വിളിച്ചു വരുത്തി. ഇതിനിടെ പത്രികയുടെ രസീത് അജ്ഞാതനായ ഒരാൾ കൈപ്പറ്റി ഓടിപ്പോയ സംഭവം സംഘർഷാവസ്ഥ സൃഷ്ടിച്ചു. രസീത് എടുത്തയാൾ തങ്ങളുമായി ബന്ധമില്ലാത്ത ആളാണെന്നാണ് പികെ ശശീന്ദ്രൻ വിഭാഗത്തിന്റെ ആരോപണം.

തുടർന്ന് പികെ ശശീന്ദ്രന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചതനുസരിച്ച്, രാവിലെ 11ഓടെയാണ് നോമിനേഷൻ പരിപാടികൾ ആരംഭിച്ചത്. സൂക്ഷ്മപരിശോധനയിൽ പത്രിക അംഗീകരിച്ചെങ്കിലും, രസീത് തങ്ങൾക്ക് നൽകാതെ മറ്റൊരാൾക്ക് കൈമാറിയെന്നതാണ് ആരോപണം. “രസീത് കിട്ടിയ ഉടനെ ഇയാൾ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു,” എന്നും അഭിഭാഷകൻ പറഞ്ഞു.

ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കുന്നത് തടയാനുള്ള നീക്കമാണിതെന്നാണ് പികെ ശശീന്ദ്രൻ പക്ഷത്തിന്റെ ആരോപണം. കാത്തിരിക്കണമെന്നാണ് വരണാധികാരി അറിയിച്ചതെന്നും അവർ വ്യക്തമാക്കി.

എലത്തൂർ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ എ കെ ശശീന്ദ്രൻ എൻസിപി ശരത് പവാർ വിഭാഗം നേതാവാണ്. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിൽ വിജയിച്ചിട്ടുള്ള അദ്ദേഹത്തിന് എതിരാളിയായി, പാർട്ടി പിളർന്നതിന് പിന്നാലെ എൻസിപി അജിത് പവാർ വിഭാഗം പികെ ശശീന്ദ്രനെ രംഗത്തെത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലോക്ക് ചിഹ്നം പികെ ശശീന്ദ്രന് അനുവദിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എസിപി അടക്കമുള്ള ഉദ്യോഗസ്ഥർ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, രസീത് കൈപ്പറ്റി ഓടിപ്പോയ ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here