പത്താംക്ലാസ്‌ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകൻ വിദ്യാർത്ഥിയിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്തു; തകർന്ന കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

0

ബെം​ഗളൂരു: കർണാടകയിലെ ധാർവാഡിൽ അധ്യാപകന്റെ മാനസിക പീഡനത്തെയും ഭീഷണിയെയും തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. വിദ്യാരണ്യ സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥിയായ അഭിഷേകാണ് വിഷം കഴിച്ച് ചികിത്സയിലുള്ളത്. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകനായ രാജശേഖർ 80 ഗ്രാം സ്വർണ്ണാഭരണങ്ങളും വൻതുകയും വിദ്യാർത്ഥിയിൽ നിന്ന് കൈക്കലാക്കിയെന്നാണ് പരാതി.

ധാർവാഡിലെ വിദ്യാരണ്യ സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥിയായ അഭിഷേകാണ് ആത്മഹത്യക്ക് ശ്രമിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിഷം കഴിച്ച നിലയിൽ എത്തിച്ച കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സ്കൂളിലെ അധ്യാപകൻ രാജശേഖറിനെതിരെ പൊലീസ് കേസെടുത്തു.

തെളിവായി കുട്ടി പലയിടങ്ങളിൽ വച്ചായി സ്വർണവും പണവും കൈമാറുന്ന സിസിടിവി ദൃശ്യങ്ങളും രക്ഷിതാക്കൾ പൊലീസിന് കൈമാറി. വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടതറിഞ്ഞ വീട്ടുകാർ അഭിഷേകിനെ ചോദ്യം ചെയ്തതോടെയാണ് ഇത് അധ്യാപകന് കൈമാറിയ വിവരം പുറത്തുവന്നത്. തുടർന്ന് അഭിഷേകിന്റെ മാതാപിതാക്കൾ അധ്യാപകനെ ചോദ്യം ചെയ്തെങ്കിലും പണവും സ്വർണവും വാങ്ങിയിട്ടില്ലെന്നായിരുന്നു മറുപടി. പിന്നാലെ രാജശേഖർ അഭിഷേകിന്റെ മാതാപിതാക്കൾക്കെതിരെ വ്യാജ കേസും നൽകി. ഇതോടെയാണ് അഭിഷേക് വിഷം കഴിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിന് പുറത്ത് അധ്യാപകൻ കുട്ടിയെ കണ്ടത് എന്തിനാണെന്നും കുട്ടിയുമായി ബൈക്കിൽ യാത്ര ചെയ്തത് എന്തിനാണെന്നും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here