ഇറാന്റെ ഡ്രോൺ തകർത്ത് അമേരിക്ക; യുദ്ധക്കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാനെന്ന് വിശദീകരണം

0

വാഷിങ്ടൺ: അറബിക്കടലിൽ വിന്യസിച്ചിരുന്ന അമേരിക്കയുടെ യുദ്ധക്കപ്പൽ ഇറാന്റെ ഡ്രോൺ തകർത്തു. യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന യുഎസ് വിമാനവാഹിനിക്കപ്പലിന്റെ സമീപത്തേക്ക് ആക്രമണ സ്വഭാവത്തോടെ എത്തിയ ഇറാനിയൻ ഡ്രോൺ ആണ് യുഎസ് സൈന്യം വെടിവച്ചിട്ടത്. കപ്പലിനും അതിലെ ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് വിമാനവാഹിനിക്കപ്പലിന് അടുത്തേക്ക് ഇറാന്റെ ഡ്രോൺ എത്തുന്നതായി കണ്ടെത്തിയത്. ഇതിനെ തുടർന്ന് കപ്പലിൽ നിന്നുയർന്ന എഫ്–35സി യുദ്ധവിമാനം ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്ന് യുഎസ് സൈനിക വക്താവ് അറിയിച്ചു. ഡ്രോൺ കപ്പലിനെ ലക്ഷ്യമിട്ടുള്ള ഭീഷണിയായി വിലയിരുത്തിയതോടെയാണ് ഇടപെടൽ നടത്തിയതെന്ന് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പറഞ്ഞു.

ഇതിനിടെ, യുഎസ്–ഇറാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ആണവ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ വേഗത്തിലാക്കാൻ ഇറാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യുഎസുമായുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ നടത്തണമെന്ന് ഇറാൻ നിർദ്ദേശിച്ചതായാണ് വിവരം. മറ്റ് അറബ് രാജ്യങ്ങളെ ഒഴിവാക്കി, യുഎസ്–ഇറാൻ ഉഭയകക്ഷി ചർച്ചകളിലേക്ക് മാത്രമായി ചർച്ചകൾ പരിമിതപ്പെടുത്തണമെന്ന നിലപാടിലാണ് ഇറാൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രാദേശിക തലത്തിൽ സംഘർഷ സാധ്യത വർധിക്കുന്നതിനിടെയാണ് നയതന്ത്രതലത്തിലുള്ള ഈ നീക്കങ്ങൾ നടക്കുന്നത്. ഡ്രോൺ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുന്നുവെന്ന വിലയിരുത്തലും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here