എപ്സ്റ്റീന്‍ രേഖകള്‍; ജനപ്രതിനിധിസഭാ സമിതിക്ക് മുമ്പില്‍ ഹാജരായി മൊഴികൊടുക്കുമെന്ന് ക്ലിന്റണ്‍ ദമ്പതിമാര്‍

0

വാഷിങ്ടണ്‍: ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ജനപ്രതിനിധിസഭാ സമിതിക്ക് മുമ്പില്‍ ഹാജരായി മൊഴി കൊടുക്കാന്‍ സമ്മതം അറിയിച്ച് യു.എസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യ ഹില്ലരി ക്ലിന്റണും.

നേരിട്ട് ഹാജരാകാന്‍ തയ്യാറായില്ലെങ്കില്‍ ഇരുവരുടെയും പേരില്‍ സഭാ അലക്ഷ്യത്തിന് നടപടിയെടുക്കാന്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധിസഭ പദ്ധതിയിട്ടിരുന്നു. അതിനിടെയാണ് നേരിട്ടെത്തി മൊഴി നല്‍കുമെന്ന് ഇരുവരും അറിയിച്ചത്.

പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക കൃത്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന കേസില്‍ 2008 ല്‍ കുറ്റം ചുമത്തപ്പെടുന്നതിന് മുന്‍പും ശേഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖര്‍ എപ്സ്റ്റീനുമായി ബന്ധംപുലര്‍ത്തിയിരുന്നു. ഇതുസംബന്ധിച്ച ലക്ഷക്കണക്കിനു രേഖകള്‍ യു.എസ്. നീതിന്യായവകുപ്പ് ഈയിടെ പുറത്തുവിടുകയുണ്ടായി. രേഖകളില്‍ എപ്സ്റ്റീനൊപ്പമുള്ള ബില്‍ ക്ലിന്റന്റെ ചിത്രങ്ങളും ഉണ്ട്. എന്നാല്‍ എപ്സ്റ്റീനുമായിച്ചേര്‍ന്ന് എന്തെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി പറയുന്നില്ല.

ഇതേക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയുമായി സഹകരിക്കാമെന്ന് ക്ലിന്റണ്‍ ദമ്പതിമാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ് നേരിട്ടു ഹാജരാകാന്‍ വിസമ്മതിച്ചിരുന്നു. പ്രസിഡന്റ് പദവിയൊഴിഞ്ഞ ശേഷം എപ്സ്റ്റീന്റെ വിമാനത്തില്‍ ബില്‍ ക്ലിന്റണ്‍ പലതവണ സഞ്ചരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here