തിരുവനന്തപുരം: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 17 വയസ്സുകാരി അയോന മോൺസണിന്റെ അവയവം ദാനം ചെയ്യുന്നു. പയ്യാവൂർ സ്വദേശിനിയുടെ വൃക്കയാണ് അവയവദാനത്തിനായി മാറ്റിവെച്ചിരിക്കുന്നത്. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ച് വൃക്ക തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്.
വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കി അവയവം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കും. രാവിലെ 10.55ന് വിമാനമെത്തുമെന്നാണ് വിവരം.
സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നായിരുന്നുവെന്ന് പ്രാഥമിക വിവരം.

