‘മോദി വരുമ്പോൾ ഞങ്ങൾക്കും പറയാനുണ്ട്’; പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി; കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ പ്രതികരണം

0

തിരുവനന്തപുരം: കോർപ്പറേഷനിലെ ഇ-ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കത്തിൽ ബിജെപി മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. “പുത്തനച്ചി പുരപ്പുറം തൂക്കും” എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. ഇ-ബസ്സുകൾ നഗരപരിധിയിൽ തന്നെ സർവീസ് നടത്തണമെന്നും അവ ഉടൻ തിരിച്ചെത്തിക്കണമെന്നുമുള്ള മേയറുടെ ആവശ്യത്തോടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.

തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി മാനിക്കുന്നു. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കും. പ്രധാനമന്ത്രി വരുമ്പോൾ ഞങ്ങൾക്കും ആവശ്യം ഉന്നയിക്കാൻ ഉണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയർ കത്ത് നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി പറ‍ഞ്ഞു. പിഎം ശ്രീ ഇടത് മുന്നണി യോഗത്തിൽ വിമർശനം ഉണ്ടായെന്ന വാർത്ത എന്തിന്റെ അടിസ്ഥാനത്തിൽ എന്നറിയില്ല. കേരളത്തിന് അവകാശപ്പെട്ട ഫണ്ടാണ്. മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വികാരം എന്ന് ചില വാർത്തകളിൽ കണ്ടു. മുഖ്യമന്ത്രിയ്ക്കെതിരെ ഒരു വികാരവും ഇല്ല. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. ആരുടെ എങ്കിലും കുറവ് കൊണ്ടല്ല തെരഞ്ഞെടുപ്പിലെ തിരിച്ചടി. ഇത് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉള്ള പ്രചാരണമാണെന്നും ശിവൻകുട്ടി പറഞ്ഞു.

നഗരസഭ കെട്ടിടങ്ങൾ ദുരുപയോഗം ചെയ്യുന്നെങ്കിൽ കോർപ്പറേഷൻ പരിശോധിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ കോർപറേഷന്റെ അധികാരങ്ങളും സർക്കാർ അധികാരങ്ങളും തിരിച്ചറിയണം. തനിക്ക് എതിരെ ഇപ്പോൾ സൈബർ ആക്രമണം ഇല്ല. അതിൽ തനിക്ക് സങ്കടം ഇല്ല. സൈബർ ആക്രമണം ഉണ്ടെങ്കിൽ ഒരു രസം ഉണ്ടെന്നും മന്ത്രി പരിഹസിച്ചു.

സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും മന്ത്രി പങ്കുവെച്ചു. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം അവസാന ഘട്ടത്തിലാണ്. ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി വിഷയങ്ങളിൽ കേരളം സ്വന്തമായി മൂന്ന് പാഠപുസ്തകങ്ങൾ തയ്യാറാക്കും. സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്തരുത് എന്ന നിർദ്ദേശം കർശനമായി പാലിക്കണം. ഇത് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകും. പിഎം ശ്രീ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നില്ല. അതിനാൽ ഇതുമായി ബന്ധപ്പെട്ട സമിതി ചേരേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here