ചെങ്ങന്നൂർ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി, വിധി കൊലപാതകം നടന്ന് 13 വർഷത്തിനിപ്പുറം

0

തിരുവനന്തപുരം: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ കൊല്ലപ്പെട്ട കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി. വിശാൽ കൊല്ലപ്പെട്ട് പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴാണ് ഇന്ന് കേസിൽ വിധി വന്നിരിക്കുന്നത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാണിച്ചാണ് എല്ലാ പ്രതികളെയും വെറുതെ വിട്ടത്
. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്.

കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിവിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ 16നാണ് കുത്തേറ്റത്. കോളജിലെ നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വിശാല്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പസ് ഫ്രണ്ടുകാരും പന്തളം സ്വദേശികളുമായ നാസിം, ഷെഫീഖ്, അന്‍സാര്‍ ഫൈസല്‍, ഷെഫീക്ക്, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അല്‍ താജ്, സഫീര്‍, അഫ്‌സല്‍, വെണ്‍മണി സ്വദേശിയായ ഷമീര്‍ റാവുത്തര്‍ തുടങ്ങിയവര്‍ ഉൾപ്പെട്ട സംഘം ആക്രമിക്കുകയായിരുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.വിശാലിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ അതീവ ഗുരുതരമായി പ്രതികള്‍ മുറിവേല്‍പ്പിക്കുകയും മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റത്.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിറ്റേദിവസം മരണപ്പെട്ടു. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. സംഭവകാലത്ത് പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം ഫയല്‍ ചെയ്തിരുന്നത്. സാക്ഷികളായിരുന്ന ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയതോടെ കേസ് ഏറെ ചർച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here