തലയില്‍ അടിയേറ്റതിന്‍റെ ഒന്നില്‍ കൂടുതല്‍ പാടുകൾ, കല്ലുകൊണ്ടുള്ള ഇടിയിൽ ആന്തരിക രക്തസ്രാവം; ചിത്രപ്രിയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

0

കൊച്ചി: മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണ കാരണം തലയ്ക്ക് ഏറ്റ ഗുരുതര പരിക്കെന്നാണ് കണ്ടെത്തൽ. ചിത്രപ്രിയയെ താൻ കല്ലുപയോ​ഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാമുകനായ അലൻ പൊലീസിനോട് നേരത്തെ സമ്മതിച്ചിരുന്നു. പിന്നാലെയാണ് പോസ്റ്റ്മോർട്ടം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കല്ലുകൊണ്ടുള്ള ഇടിയിൽ ആന്തരിക രക്തസ്രാവം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ തലയില്‍ അടിയേറ്റതിന്‍റെ ഒന്നില്‍ കൂടുതല്‍ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതി അലന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ചിത്രപ്രിയയുടെ മരണം കൊലപാതകാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആൺ സുഹൃത്ത് അലനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയത്തെ തുടർന്ന് ഇയാൾ മദ്യലഹരിയിൽ കല്ലുകൊണ്ട് പെൺകുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

തലയ്ക്ക് അടിയേറ്റതായി ഇൻക്യുസ്റ്റിൽ തന്നെ വ്യക്തമായിരുന്നു. ശരീരത്തിൽ മുറിപാടുകളും കണ്ടെത്തിയത്തോടെതന്നെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ചിത്രപ്രിയയും ആണ്‍ സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം കൂടി പിന്നാലെ ലഭിച്ചതോടെയാണ് അലനെ കസ്റ്റഡിയിൽ എടുക്കുന്നത്.

രണ്ട് ദിവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകൾ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളിൽ രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തിൽ‌ പൊലീസ് ഇന്നലെ എത്തിയിരുന്നു.

ബെംഗളരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയ ശനിയാഴ്ച അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here