കനത്ത പുകമഞ്ഞ്; ഡൽഹിയിലെ വായു ഗുണനിലവാര സൂചിക രൂക്ഷമാകുന്നു, വിമാനത്താവളത്തിന് മുന്നറിയിപ്പ് നൽകി

0

ന്യൂഡൽഹി: ശനിയാഴ്ച ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞ് രൂപപ്പെട്ടു. ഡൽഹിയിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരം ‘ഗുരുതര’ വിഭാഗത്തിലേക്ക് അടുക്കുകയാണ് . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, രാവിലെ 8 മണിക്ക് മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 390 ആയിരുന്നു. ഇത് “വളരെ മോശം” വിഭാഗത്തിൽ പെടുന്നു.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിരാവിലെ തന്നെ കനത്ത പുകമഞ്ഞും ആഴം കുറഞ്ഞ മൂടൽമഞ്ഞും നഗരത്തിന്റെ പല ഭാഗങ്ങളെയും മൂടി. ദൃശ്യപരത കുറയുകയും കുറഞ്ഞ ദൃശ്യപരത നടപടിക്രമങ്ങൾക്ക് കാരണമാവുകയും ചെയ്തു, എന്നിരുന്നാലും എല്ലാ വിമാനങ്ങളും സാധാരണഗതിയിൽ പ്രവർത്തിച്ചു. പുകമഞ്ഞിനെ തുടർന്നുള്ള ദൃശ്യപരത വിമാന സർവീസുകളെ ബാധിക്കില്ലെന്നും സേവനങ്ങൾ സാധാരണ രീതിയിൽ തുടരുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

വായുഗുണനിലവാരത്തിൽ ഈ ആഴ്ച നേരിയ പുരോഗതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും ഗുരുതര വിഭാഗത്തിലേക്ക് ഗുണനിലവാരം ഉയർന്നത്. ഏറ്റവും ഉയർന്ന എ.ക്യു.ഐ 435 രേഖപ്പെടുത്തിയത് വാസിർപൂറിലാണ്. തൊട്ടുപിന്നാലെ ജഹാംഗീർപൂരിയിൽ 439, വിവേക് വിഹാർ 437, ആനന്ദ് വിഹാർ 434 എന്നിങ്ങനെ 18 ​പ്രദേശങ്ങളിൽ എ.ക്യൂ.ഐ 400 ന് മുകളിലാണ് രേഖപ്പെടുത്തിയത്.

ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്തരീക്ഷ മലിനികരണത്തോടൊപ്പം പ്രതികൂല കാലാവസ്ഥയും സാഹചര്യങ്ങൾ ഗുരുതരമാക്കുകയാണ്. കാറ്റിന്റെ വേഗത, ഉയർന്ന ഈർപ്പം, താപനിലയിലെ കുറവ് തുടങ്ങിയ സാഹചര്യങ്ങൾ വായു മലിനീകരണ തോത് വർധിക്കാൻ കാരണമാണ്.

ഇതിനിടെ വരും ദിവസങ്ങളിൽ ഡൽഹിയുടെ വായു ഗുണനിലവാരം കൂടുതൽ വഷളാകാനും ‘തീവ്ര’ വിഭാഗത്തിലെത്താനും സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ വായു ഗുണനിലവാര മുന്നറിയിപ്പ് സംവിധാനം പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ തുടരുന്ന വായു മലിനീകരണം മിക്ക നഗരത്തിലെയും സാധാരണക്കാരെ കാര്യമായി ബാധിക്കുന്നതാണ്. മാത്രവുമല്ല അന്തരീക്ഷ മലിനീകരണവും നഗരത്തിലെ ശൈത്യകാല വായുവും ഒരുമിച്ചത് അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. നഗരത്തിൽ താമസിക്കുന്ന ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ശ്വസന സംബന്ധമായ അസുഖമുള്ളവരെയാണ് കാര്യമായി ബാധിക്കുക.

അതേസമയം വായു മലിനീകരണം ആശങ്കാജനകമായ നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ, മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, ഹോട്ടലുകളും റസ്റ്റോറന്റുകളും തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിനായി കരിയും വിറകും കത്തിക്കുന്നത് പൂർണമായും നിരോധിച്ചു. പുക ഉയർത്തുന്ന ഏത് തരത്തിലുള്ള അടുപ്പുകളും ഒഴിവാക്കി, ഇലക്ട്രിക് അല്ലെങ്കിൽ ഗ്യാസ് അടിസ്ഥാനത്തിലുള്ള സംവിധാനങ്ങളിലേക്ക് മാറണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here