രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക്, വായുനിലവാര സൂചിക 459 വരെ എത്തി, ശക്തമായ മൂടൽമഞ്ഞും അനുഭവപ്പെട്ടതോടെ വിമാന സർവീസുകൾ റദ്ദാക്കി

0

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയാണ്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക 400ന് മുകളിൽ ആണ്. പല സ്ഥലങ്ങളിലും എ ക്യൂ ഐ 450ന് മുകളിലാണ്. മാത്രമല്ല ശക്തമായ മൂടൽ മഞ്ഞും കൂടി അനുഭവപ്പെട്ടതോടെ ഡൽഹിയിലും പരിസരങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വായുനിലവാരം ശരാശരി എ ക്യൂ ഐ 403 ആയി ഉയർന്നപ്പോൾ, ആനന്ദ് വിഹാറിൽ ഇത് 459 ആയി. ടിഒ (400), ചാന്ദ്‌നി ചൗക്ക് (423) എന്നിവിടങ്ങളിലും വായുനിലവാരം ഗുരുതരാവസ്ഥയിലാണ്.

കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ചാ പരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നു. ഇക്കാരണം കൊണ്ടുതന്നെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ റദ്ദാക്കി. 120ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു.

നിലവിൽ ഉത്തരേന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതികഠിനമായ തണുപ്പും വായൂമലിനീകരണവും കണക്കിലെടുത്ത് നോയിഡയിലെ സ്കൂളുകൾക്ക് ജനുവരി ഒന്ന് വരെ അവധി നൽകിയിരിക്കുകയാണ്. വായുനിലവാരം 400 കടന്ന സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here