തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കേസിൽ കേരള ലോ അക്കാദമിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ മലയിൻകീഴ് സ്വദേശിയായ ശ്രേയസ് (19) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതി ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
ചിത്രങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ മാധ്യമങ്ങൾ വഴി ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി വീട്ടിൽ വിവരം അറിയിക്കുകയും തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയുമായിരുന്നു.
തുടർന്ന് ശ്രേയസ് ഒളിവില്‍ പോയിരുന്നു. തുടർന്ന്, വിളപ്പിൽശാല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പേയാട് ഭാഗത്ത് നിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ പേരിൽ സമാനമായ കേസുകൾ നിലവിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

