തൃശൂർ: തൃശൂർ കുന്നംകുളത്ത് പള്ളി പെരുന്നാളിനോടനുബന്ധിച്ച് റോഡരികിൽ ഇരിക്കുകയായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകരെ അകാരണമായി മർദിച്ച സംഭവത്തിൽ കുന്നംകുളം സ്റ്റേഷൻ ഇൻസ്‌പെക്ടർ വൈശാഖിന് സ്ഥലം മാറ്റം. ഇദ്ദേഹത്തെ തൃശൂർ ഒല്ലൂർ സ്റ്റേഷനിലേക്കാണ് മാറ്റിയത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽനിന്ന് ഉത്തരവ് ലഭിച്ചതിനെ തുടർന്ന് വൈശാഖ് വ്യാഴാഴ്ച ഉച്ചയോടെ ഒല്ലൂരിൽ ചുമതലയേറ്റു. തുടർന്ന് അവധിയെടുത്ത് അദ്ദേഹം വൈകുന്നേരം സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങി.
സിപിഎം പ്രവർത്തകരോട് ഇൻസ്‌പെക്ടർ വൈശാഖ് മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചതെന്ന് സിപിഎം കുന്നംകുളം ഏരിയാ നേതൃത്വം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തിൽ ഇൻസ്‌പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് പാർട്ടി നേതൃത്വം പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു.
നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറുക്കൻപാറയിൽ വെച്ച് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിപിഎം പ്രവർത്തകരെ മർദിച്ചുവെന്നായിരുന്നു പരാതി. സംഭവത്തിൽ ഏരിയാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും വൈശാഖിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ സ്ഥലം മാറ്റമെന്ന നടപടി ഉണ്ടായിരിക്കുന്നത്. വൈശാഖിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കുറുക്കൻപാറ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സിപിഎം പ്രവർത്തകർ നഗരസഭാ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പ് പാർട്ടി ഏരിയാ നേതൃത്വത്തിന്മേൽ വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നു.

