കൊച്ചി: ‘ഓപ്പറേഷൻ നുംഖോർ’ എന്ന അന്വേഷണത്തിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തിരുന്ന നടൻ അമിത് ചക്കാലയ്ക്കലിന്റെ ലാൻഡ് ക്രൂയിസർ എസ്.യു.വി തിരികെ നൽകി. ബോണ്ടും ബാങ്ക് ഗ്യാരണ്ടിയും ഹാജരാക്കിയതിനെ തുടർന്നാണ് വാഹനം വിട്ടുകൊടുത്തത്. നടന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മിഷണറാണ് ഉത്തരവിറക്കിയത്. എപ്പോൾ ആവശ്യപ്പെട്ടാലും വാഹനം ഹാജരാക്കണം എന്നതുൾപ്പെടെയുള്ള കർശനമായ വ്യവസ്ഥകളോടെയാണ് ഈ ഇളവ്.
ഭൂട്ടാൻ വഴിയുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസ് നിരവധി വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. നടൻ ദുൽഖർ സൽമാന്റെ കേസിൽ, പിടിച്ചെടുത്ത വാഹനങ്ങൾ താത്കാലികമായി വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകാൻ അവസരമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. ദുൽഖറിന് വാഹനം വിട്ടുകിട്ടിയതിന് പിന്നാലെയാണ് സമാനമായ അപേക്ഷ അമിത് ചക്കാലക്കലും സമർപ്പിച്ചത്. അതേസമയം, അമിതിന്റെ ഗ്യാരേജിൽ നിന്ന് പിടിച്ചെടുത്ത മറ്റു വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കസ്റ്റംസ് തുടർന്നു വരികയാണ്.
പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ കഴിഞ്ഞ അഞ്ചു വർഷമായി താൻ ഉപയോഗിക്കുന്ന വാഹനമാണെന്ന് അമിത് നേരത്തെ അവകാശപ്പെട്ടിരുന്നു. കൂടാതെ, കഴിഞ്ഞ 15 വർഷത്തെ വാഹന കൈമാറ്റ രേഖകളെല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും ‘വാഹൻ’ സൈറ്റിൽ ഈ വിവരങ്ങൾ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ കൈവശമുള്ള വാഹനങ്ങൾ ഭൂട്ടാനിൽ നിന്നെത്തിയവയാണോ എന്ന് അറിയുന്നതിനായി മുമ്പും കസ്റ്റംസ് പരിശോധിച്ചിരുന്നെന്നും അത് ഭൂട്ടാനിൽ നിന്നുള്ള വാഹനമല്ലെന്ന് അന്നേ തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും അമിത് പറഞ്ഞു.
പിടിച്ചെടുത്ത ആറു വാഹനങ്ങളും തന്റേതാണെന്ന രീതിയിൽ പ്രചാരണങ്ങൾ നടക്കുന്നതിനെ അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നു. വർക്ക്‌ഷോപ്പിൽ തന്റെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾക്കായി വന്ന വാഹനങ്ങളാണിവ. ഈ വാഹനങ്ങളെല്ലാം ഇന്ത്യയിലെ വിവിധ ഷോറൂമുകളിൽ നിന്ന് വാങ്ങിയതാണെന്നും ഇതിന്റെ ഇൻവോയിസുകൾ കസ്റ്റംസിന് നൽകി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അമിത് അറിയിച്ചു. കസ്റ്റംസ് പിടിച്ചെടുത്തവയിൽ ഒരു വാഹനം മാത്രമാണ് തന്റേതെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.

